ആഗോളതലത്തിൽ വമ്പൻ നോട്ടങ്ങൾ കൊയ്ത് മുന്നേറുകയാണ് പുഷ്പ ടു സിനിമ. കേരളത്തിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങൾ ആണ് ലഭിക്കുന്നതെങ്കിലും ചിത്രം ബോക്സ് ഓഫീസ് തകർത്ത് നേട്ടങ്ങൾ കൊയ്യുകയാണ്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് പ്രതികരിക്കുകയാണ് ഫഹദ് ഫാസിൽ. ‘പുഷ്പ’ സിനിമ കൊണ്ട് ഒരു നടനെന്ന നിലയില്‍ തനിക്കൊരു നേട്ടവും ഉണ്ടായിട്ടില്ലെന്നാണ് ഫഹദിന്റെ വാക്കുകൾ. ‘പുഷ്പ’യിൽ തന്റെ മാജിക് ഒന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ലെന്നും സംവിധായകനോടുള്ള സ്നേഹം കൊണ്ടുമാത്രം ചെയ്ത ചിത്രമാണ് പുഷ്പ എന്നുമാണ് ഫഹദ് ഒരു അഭിമുഖത്തിൽ പറയുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ‘പുഷ്‌പ എന്ന സിനിമ കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടായെന്ന് തോന്നുന്നില്ല. ഞാനിത് സംവിധായകൻ സുകു സാറിനോടും പറഞ്ഞിട്ടുണ്ട്. ഞാനിത് തുറന്നു പറയണം ഇനി ഇത് മറച്ചു വക്കേണ്ട കാര്യമില്ല. ഞാൻ സത്യസന്ധമായി പറയുകയാണ്. ഇവിടെ ആരോടും അനാദരവ് കാണിക്കുകയല്ല ചെയ്‌ത വർക്കിനെക്കുറിച്ച് സംസാരിക്കുകയാണ്. എനിക്ക് ചെയ്യാനുള്ളതൊക്കെ ഇവിടെ ചെയ്യുന്നുണ്ട്. ആളുകൾ ‘പുഷ്പ’യിൽ എന്നിൽ നിന്ന് ഒരു മാജിക്ക് പ്രതീക്ഷിക്കുന്നുണ്ടെന്നു എനിക്ക് തോന്നുന്നില്ല. സുകു സാറിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള താൽപര്യം കൊണ്ടും അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടും മാത്രം ചെയ്‌ത പടമാണ്, അത് അത്രയേ ഉള്ളൂ.’ എന്നായിരുന്നു ഫഹദ് അന്ന് അഭിമുഖത്തിൽ പറഞ്ഞത്.
ഫഹദ് ഫാസിലിന്റഎ വാക്കുകൾ ഇങ്ങനെയാണെങ്കിലും ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ പ്രശംസകൾ നേടിയ കഥാപാത്രമാണ് ഫഹദിന്റേത്. ഭൻവർ സിങ് ഷെഖാവത്തായി ഫഹദ് ഫാസിൽ ചിത്രത്തിൽ നിറഞ്ഞാടുകയായിരുന്നു. പുഷ്പരാജായി അല്ലു അർജുനും ശ്രീവല്ലിയായി രശ്മിക മന്ദാനയും വീണ്ടുമെത്തിയ ചിത്രത്തിലും ഷെഖാവത്തായി ഫഹദ് ഫാസിലിന്റെ അഴിഞ്ഞാട്ടമുണ്ടായിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ അഭിനയിച്ചതിന് ഫഹദ് ഫാസിലിന് വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു.