Movie News

51-ാം ദിനം തെലുങ്ക് റിലീസിന് ഒരുങ്ങി ജോജു ജോര്‍ജ് ചിത്രം ‘പണി’ – pani movie telugu version to be released

ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ വലിയ ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിലും മിന്നും വിജയം സ്വന്തമാക്കിയ ഈ ചിത്രത്തിൽ സംവിധാനത്തിന് പുറമെ ചിത്രത്തില്‍ നായകവേഷത്തില്‍ എത്തിയതും ജോജു ആയിരുന്നു. ഒപ്പം മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളായി സാഗര്‍ സൂര്യയും ജുനൈസ് വി പിയും കൈയടി നേടി. ഇപ്പോഴിതാ തെലുങ്ക് റിലീസിന് ഒരുങ്ങുകയാണ് പണി. ഡിസംബര്‍ 13 ന് ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍ തിയറ്ററുകളില്‍ എത്തും.

ഒക്ടോബര്‍ 24 ന് ആയിരുന്നു ചിത്രത്തിന്‍റെ മലയാളം റിലീസ്. പിന്നാലെ തമിഴ് പതിപ്പ് നവംബര്‍ 22 നും കന്നഡ പതിപ്പ് നവംബര്‍ 29 നും റിലീസ് ചെയ്യപ്പെട്ടിരുന്നു. തെലുങ്ക് ട്രെയ്ലറിനൊപ്പമാണ് ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുന്നത്. അഭിനയ നായികയായ ചിത്രത്തില്‍ ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു.

മലയാളം ഇതുവരെ കാണാത്ത രീതിയിലുള്ള പ്രതിനായക കഥാപാത്രങ്ങളായിരുന്നു സാഗറും ജുനൈസും. ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

STORY HIGHLIGHT: pani movie telugu version to be released