മലയാളത്തില്‍ ‘ടര്‍ബോ’യിലും ‘കൊണ്ടലി’ലും അഭിനയത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന രാജ് ബി. ഷെട്ടി കന്നഡയിലെ നവതരംഗ സിനിമകളുടെ ശ്രേണിയില്‍ ഉള്‍പ്പെട്ടയാളാണ്. ‘ഒണ്ടു മോട്ടേയ കഥേ’, ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും അദ്ദേഹം നിറഞ്ഞാടി.
രാജ് ബി ഷെട്ടി നായകനാകുന്ന ‘രുധിരം’ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. നവാഗതനായ ജിഷോ ലോണ്‍ ആന്റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് അപര്‍ണ ബാലമുരളിയാണ്. ജോസഫ് കിരണ്‍ ജോര്‍ജാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ‘The axe forgets but the tree remembers’ എന്ന ടാഗ് ലൈനോടെയാണ് രുധിരം എത്തുന്നത്. സിനിമയുടെ പ്രൊമോഷനിടെ ഒരു അഭിമുഖത്തിൽ നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
താൻ ഒരു കടുത്ത മോഹൻലാൽ ആരാധകനെന്ന് രാജ് ബി ഷെട്ടി വെളിപ്പെടുത്തി. പ്രയാസമുള്ള രംഗങ്ങളിൽ അഭിനയിക്കുക എന്നതിനേക്കാൾ ലളിതമായ രംഗങ്ങളിൽ അഭിനയിക്കുക എന്നതാണ് ബുദ്ധിമുട്ടേറിയ കാര്യം. ഏറ്റവും ലളിതമായ രംഗങ്ങളിൽ എങ്ങനെ അഭിനയിക്കണമെന്ന് മോഹൻലാൽ കാണിച്ചുതരുമെന്ന് നടൻ പറഞ്ഞു. ഇരുവർ, ദൃശ്യം മുതലായ സിനിമകളിലെ മോഹൻലാലിന്റെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു.
‘തീർച്ചയായും ഞാനൊരു മോഹൻലാൽ ആരാധകനാണ്. അദ്ദേഹത്തിന്റെ ഒരു സീൻ ഞാൻ എപ്പോഴും കാണാറുണ്ട്. അത് ഏത് സിനിമയിലേതാണ് എന്ന് എനിക്ക് ഓർമയില്ല. ഒരു ബെഡ്‌ഡിന് അടുത്ത് നിന്ന് ഒരു ചേച്ചിയോട് സംസാരിക്കുകയാണ്. ആ ചേച്ചിയെ തന്റെ അമ്മയെ പോലെയാണ് എന്ന് പറയുകയാണ് അദ്ദേഹം. എല്ലാവരും മുഖം കൊണ്ട് അഭിനയിക്കും. എന്നാൽ ആ സമയം അദ്ദേഹത്തിന്റെ വിരലുകൾ വളരെ മനോഹരമായാണ് ചലിക്കുന്നത്. അദ്ദേഹത്തിന്റ ശരീരവും വാക്കുകളും നൽകുന്ന അതേ ഇമോഷൻ അദ്ദേഹത്തിന്റെ വിരലുകളും നൽകുന്നുണ്ട്. അതുപോലെ ഇരുവർ, ദൃശ്യം മുതലായ സിനിമകളിൽ അദ്ദേഹം വിസ്മയിപ്പിച്ചു. മോഹൻലാലിന്റെ ബ്യൂട്ടി എന്തെന്നാൽ ഏറ്റവും ലളിതമായ രംഗങ്ങളിൽ എങ്ങനെ അഭിനയിക്കണമെന്ന് അദ്ദേഹം നിങ്ങളെ പഠിപ്പിക്കും,’ എന്ന് രാജ് ബി ഷെട്ടി പറഞ്ഞു. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
content highlight: raj-b-shetty-talks-about-the-acting-of-mohanlal