ബേസിൽ ജോസഫിനെയും നസ്രിയ നസീമിനെയും പ്രധാന കഥാപാത്രങ്ങളാക്കി എം.സി.ജിതിൻ സംവിധാനം ചെയ്ത ചിത്രമാണ് ‘സൂക്ഷ്മദർശിനി’. നസ്രിയ നസീം ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് വരുന്നു എന്നതും, നസ്രിയയും ബേസില്‍ ജോസഫും ആദ്യമായി നായികാനായകന്മാരായി എത്തുന്നു എന്നതും കൊണ്ട് തന്നെ പ്രേക്ഷകർക്ക് ചിത്രത്തിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. ചിത്രം തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിലും പ്രേക്ഷക പ്രതികരണങ്ങൾ നിറയുകയാണ്. ചിത്രം പ്രതീക്ഷ തെറ്റിച്ചില്ലെന്നാണ് സിനിമകണ്ടവർ പറയുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കഥ പറയുന്ന ‘സൂക്ഷ്മദർശിനി’യിൽ ഇരുവരും മത്സരിച്ചഭിനയിച്ചു എന്നാണ് പ്രശംസ.
സിനിമ ഇറങ്ങുന്നതിന് മുമ്പ് പ്രമോഷന്റെ ഭാഗമായുള്ള നസ്രിയയുടെയും ബേസിലിന്റെയും അഭിമുഖങ്ങൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടിരുന്നു. പരസ്പരം ട്രോളിയും, തമാശകള്‍ പറഞ്ഞും എല്ലാ അഭിമുഖങ്ങളിലും ഇവർ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. അഭിമുഖങ്ങൾക്ക് പിന്നാലെ നസ്രിയ ഓവർ ക്യൂട്ട്നെസ് വാരി വിതറുന്നു തുടങ്ങിയ നെഗറ്റീവ് പ്രതികരണങ്ങൾ വന്നിരുന്നു എങ്കിലും ഇരുവരുടെയും കോംമ്പോ അടിപൊളിയാണ് എന്ന് തന്നെയായിരുന്നു കൂടുതൽ പേരുടെയും അഭിപ്രായം.
അഭിമുഖങ്ങളിലെ കളിചിരി മാത്രമേ ഉള്ളൂ സിനിമ എങ്ങനെയുണ്ടാകും എന്നൊക്കെയുള്ള നിരവധി ചോദ്യങ്ങൾ അന്ന് ബാക്കി നിന്നിരുന്നു. എന്നാൽ പുറത്തുവന്ന ആദ്യ പ്രതികരണങ്ങൾ സിനിമ കിടിലം ആണെന്നാണ്. സിനിമ കണ്ടവർ വ്യക്തമാക്കുന്നത് ഇതൊരു കോമഡി പടമല്ല ത്രില്ലർ പടമാണ് എന്നാണ്. എന്നാൽ ത്രില്ലര്‍ ആരാധകരെ മാത്രം ലക്ഷ്യം വച്ചുള്ള ചിത്രമല്ല സൂക്ഷ്മദര്‍ശിനി. മറിച്ച് എല്ലാതരം പ്രേക്ഷകര്‍ക്കും കാണാന്‍ പറ്റിയ ചിത്രമാണിത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലേക്ക് കൂട്ടിവെക്കേണ്ട ചിത്രമാണ് ഇതെന്നുമാണ് ചിത്രം കണ്ടിറങ്ങിയവരുടെ സോഷ്യൽമീഡിയ പ്രതികരണങ്ങൾ. ഒടിടി യിൽ ഇറങ്ങാൻ കാത്തിരിക്കാതെ തിയേറ്ററിൽ തന്നെ പോയി അത് എക്സ്പീരിയൻസ് ചെയ്യണമെന്നും കണ്ടവർ പറയുന്നു.
ഇപ്പോഴിതാ ചിത്രത്തിലെ ഒരു നിർണ്ണായക ഘട്ടത്തിൽ ബേസില്‍ അവതരിപ്പിക്കുന്ന മാനുവൽ പിടിക്കുന്ന ഉടുമ്പിനെ ഒരുക്കിയത് എങ്ങനെയെന്ന് പറഞ്ഞിരിക്കുകയാണ് സിനിമയുടെ കലാസംവിധായകനായ വിനോദ് രവീന്ദ്രൻ.
”സിനിമയിൽ മാനുവൽ പിടിക്കുന്നതായി കാണിക്കുന്ന ഉടുമ്പ് സിജി അല്ല. സിനിമയ്ക്കു വേണ്ടി ഉടുമ്പിനെ ഉണ്ടാക്കിയെടുത്തതാണ്. ഉടുമ്പിന്‍റെ അനക്കങ്ങളൊക്കെ ഗ്രാഫിക്സിൽ ചെയ്തെടുത്തതാണ്. ഓടിനു മുകളിൽ ഇരിക്കുന്നതായി കാണിക്കുന്നതും മാനുവൽ പിടിച്ചു കൊണ്ടു പോകുന്നതായി കാണിക്കുന്നതും ഞാൻ ഉണ്ടാക്കിയെടുത്ത ഉടുമ്പാണ്. സിലിക്കൺ ഉപയോഗിച്ചാണ് ഉടുമ്പിനെ ഉണ്ടാക്കിയെടുത്തത്. ആദ്യം കളിമണ്ണിൽ ഒരു മോഡലുണ്ടാക്കി. പിന്നെ, അതിന്‍റെ സിലിക്കൺ കോപ്പി എടുക്കുകയായിരുന്നു”, വിനോദ് പറയുന്നു.
content highlight : the-monitor-lizard-in-sookshmadarshini