ന്യൂഡൽഹി: കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാകാഞ്ഞതോടെ പുനരാരംഭിച്ച പഞ്ചാബിലെ കർഷകരുടെ ഡൽഹി മാർച്ച് ഹരിയാണ പോലീസ് ശംഭു അതിർത്തിയിൽ വീണ്ടും തടഞ്ഞു. ഹരിയാന പൊലീസിന്റെ കണ്ണീർവാതക, ജലപീരങ്കി പ്രയോഗത്തിൽ പത്തോളം പേർക്ക് പരുക്കേറ്റതോടെ ഇന്നലത്തെ ജാഥ നിർത്തിവച്ചു. ശ്വാസതടസ്സത്തെ തുടർന്ന് ഒരു മാധ്യമപ്രവർത്തകയെയും ആശുപത്രിയിലേക്കു മാറ്റി. മൂന്നര മണിക്കൂറിലേറെ സംഘർഷം നീണ്ടു നിന്നു. കർഷകസംഘടനകൾ ഇന്നു നടത്തുന്ന ചർച്ചയ്ക്കു ശേഷം തുടർനടപടികൾ ആലോചിക്കും.
ദിവസങ്ങളുടെ വ്യത്യാസത്തിൽ ഇതു രണ്ടാം തവണയാണു കർഷകമാർച്ച് തടയുന്നത്. കഴിഞ്ഞ ദിവസം വലിയ സംഘർഷമുണ്ടായതിനെ തുടർന്ന് ഇന്നലെ സംയമനത്തോടെയാണ് ഹരിയാന പൊലീസ് തുടക്കത്തിൽ ഇടപെട്ടത്. ബാരിക്കേഡിന് അടുത്തെത്തിയ കർഷകർക്ക് മേൽ പുഷ്പവൃഷ്ടി നടത്തുകയും ചായയും ബിസ്ക്കറ്റും നൽകുകയും ചെയ്തു. കണ്ണീർവാതക പ്രയോഗത്തെ നേരിടാൻ മുഖാവരണം ധരിച്ചാണു കർഷകരെത്തിയത്. 101 കർഷകർക്കാണു ജാഥയായി നീങ്ങാൻ അനുമതി നൽകിയിരുന്നതെങ്കിലും വലിയ ജനക്കൂട്ടമാണ് ജാഥയിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. തങ്ങളുടെ പക്കലുള്ള 101 പേരുടെ ലിസ്റ്റിലുള്ളവരല്ല വന്നതെന്നാണ് പൊലീസിന്റെ വാദം. ഏത് ലിസ്റ്റാണ് പൊലീസിന്റെ കയ്യിലുള്ളതെന്ന് തങ്ങൾക്കറിയില്ലെന്ന് കർഷകർ പറഞ്ഞു.
കർഷകർ പിൻവാങ്ങാത്തതിനെ തുടർന്നാണു കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചത്. രാസവസ്തുക്കൾ ചേർത്താണു പുഷ്പവൃഷ്ടി നടത്തിയെന്നു കർഷക സംഘടനകൾ ആരോപിച്ചു. ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനിയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും പങ്കെടുക്കുന്ന അമൃത്സറിലെ പരിപാടിയിൽ പ്രതിഷേധിക്കാൻ ഒരുങ്ങിയ കർഷകരെ പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. കാർഷികവിളകൾക്കുള്ള താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര വിഭാഗം), കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലാണു കർഷകപ്രതിഷേധം.