രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്‌ഡി വങ്ക സംവിധാനം നിർവഹിച്ച ബോക്സോഫീസ് സൂപ്പർഹിറ്റ് ചിത്രമാണ് അനിമൽ. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ സ്വന്തമാക്കിയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും വാരികൂട്ടിയത് 900 കോടിയാണ്. സിനിമയുടെ അവസാനം അനിമൽ പാർക്ക് എന്ന രണ്ടാം ഭാഗവും സംവിധായകൻ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നടൻ രൺബീർ കപൂർ. രണ്ടാം ഭാഗം മാത്രമല്ല അനിമലിന് മൂന്നാം ഭാഗവും സംവിധായകൻ പ്ലാൻ ചെയ്യുന്നുണ്ടെന്നും രൺബീർ കപൂർ വെളിപ്പെടുത്തി. രണ്ടാം ഭാഗമായ അനിമൽ പാർക്കിന്റെ ചിത്രീകരണം 2027 ൽ ആരംഭിക്കുമെന്നും രൺബീർ പറഞ്ഞു.
‘അടുത്ത സിനിമകളെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിനെക്കുറിച്ച് ഞങ്ങൾ രണ്ടു പേരും ആദ്യ ഭാഗം മുതൽ ആലോചിക്കുന്നുണ്ട്. ഒരേ സിനിമയിൽ നായകനെയും വില്ലനെയും അവതരിപ്പിക്കാനാകുന്നതിൽ ഞാൻ വളരെ എക്സൈറ്റഡ് ആണ്. എനിക്ക് വളരെ പ്രതീക്ഷയുള്ള പ്രോജക്ട് ആണത്. ഒപ്പം വളരെ ഒറിജിനൽ ആയ സംവിധായകനാണ് സന്ദീപ് റെഡ്‌ഡി വങ്ക’, എന്നും രൺബീർ കപൂർ പറഞ്ഞു. ഡെഡ് ലെെന്‍ ഹോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രൺബീർ കപൂർ ഇക്കാര്യം പറഞ്ഞത്.
രൺബീർ കപൂറിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായിരുന്നു അനിമൽ. നൂറ് കോടി ബഡ്ജറ്റിലൊരുങ്ങിയ ചിത്രം ഏകദേശം 915.53 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ചിത്രത്തിൽ അനിൽ കപൂർ, രശ്മിക മന്ദാന, ശക്തി കപൂർ, ത്രിപ്തി ദിമ്രി, ബോബി ഡിയോൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിലെ രൺബീർ കപൂറിന്റെയും ബോബി ഡിയോളിന്റെയും തൃപ്തിയുടെയും ദിമ്രിയുടെയും കഥാപാത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.