ലോകചലച്ചിത്ര മേളകളില്‍ ജനപ്രീതി നേടിയ 13 ചിത്രങ്ങള്‍ ഡിസംബര്‍ 13ന് തുടങ്ങുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. മീറ്റിംഗ് വിത്ത് ദി പോള്‍ പോട്ട്, ഗ്രാന്‍ഡ് ടൂര്‍, കോട്ട് ബൈ ദി ടൈഡ്സ്, ദി റൂം നെക്സ്റ്റ് ഡോര്‍, ഐആം സ്റ്റില്‍ ഹിയര്‍, അനോറ, എമിലിയ പെരെസ്, സസ്‌പെന്‍ഡഡ് ടൈം, ദി വിറ്റ്നസ്, ദി ഗേള്‍ വിത്ത് ദി നീഡില്‍, ഷികുന്‍, വെര്‍മീഗ്ലിയോ, ദി സബ്സ്റ്റെന്‍സ് എന്നിവയാണ് ഫേവറൈറ്റ്സ് പാക്കേജ് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍.
കംബോഡിയയില്‍ ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും തിരക്കഥാകൃത്തുമാണ് റിത്തി പാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘കോട്ട് ബൈ ദി ടൈഡ്സ്’. ഭരണകൂട നേതാവായ പോള്‍ പോട്ടിന്റെ ക്ഷണം സ്വീകരിച്ച് പ്രത്യേക അഭിമുഖം നടത്താന്‍ മൂന്നു ഫ്രഞ്ച് പത്രപ്രവര്‍ത്തകര്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ‘മീറ്റിംഗ് വിത്ത് ദി പോള്‍ പോട്ട്’ എന്ന ചിത്രം. ജിയാ ശങ്കേ സംവിധാനം ചെയ്ത 2024-ല്‍ പുറത്തിറങ്ങിയ ചൈനീസ് ചിത്രമാണ് ‘കോട്ട് ബൈ ദി ടൈഡ്സ്’. കിയാവോ കിയാവോ എന്ന സ്ത്രീ, തന്നെ ഉപേക്ഷിച്ച് പോയ കാമുകനെ അന്വേഷിച്ച് കണ്ടെത്താനുള്ള യാത്രക്കിടയില്‍ ചൈനയില്‍ സംഭവിക്കുന്ന സാമൂഹികമായ മാറ്റങ്ങളും പ്രക്ഷോഭങ്ങളുമാണ് ഇതിവൃത്തം.
സ്പാനിഷ് സംവിധായകന്‍ പെഡ്രോ അല്‍മദോവറിന്റെ ആദ്യ ഇംഗ്ലീഷ് ചിത്രമാണ് ദി റൂം നെക്സ്റ്റ് ഡോര്‍ ‘ ഒരു ഓട്ടോഫിക്ഷന്‍ നോവലിസ്റ്റായ ഇന്‍ഗ്രിഡിന്റെയും യുദ്ധ റിപ്പോര്‍ട്ടറായ മാര്‍ത്തയുടെയും കഥ സിനിമ പറയുന്ന ചിത്രം 81-ാമത് വെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടിയ ചിത്രം ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചു. വാള്‍ട്ടര്‍ സാലസിന്റെ ‘ഐ ആം സ്റ്റില്‍ ഹിയര്‍’ എന്ന ചിത്രം, ബ്രസീലിലെ സൈനികാധിപത്യത്തിന്റെ ദുരനുഭവങ്ങള്‍ നേരിടേണ്ടി വരുന്ന കുടുംബത്തിന്റെ വേദനകളും നഷ്ടങ്ങളും ശക്തമായ രീതിയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു.
പ്രശസ്ത അമേരിക്കന്‍ ചലച്ചിത്രകാരന്‍ ഷോണ്‍ ബേക്കറിന്റെ സംവിധാനത്തില്‍ 2024 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അനോറ. ലൈംഗിക തൊഴിലാളിയായ അനോറ എന്ന യുവതിയുടെ കഥ പറയുന്ന ചിത്രം വര്‍ഗം, സംസ്‌കാരം, പ്രണയബന്ധങ്ങളിലെ സങ്കീര്‍ണതകള്‍ എന്നീ വിഷയങ്ങള്‍ പ്രമേയമാക്കുന്നു. 77 -ാമത് കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി ഓര്‍ പുരസ്‌കാരത്തിനര്‍ഹമായ ഈ ചിത്രം അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യൂവിന്റേയും 2024 ലെ മികച്ച 10 ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പ്രശസ്ത സംവിധായകനായ ജാക്ക്യുസ് ഓഡിയര്‍ഡിന്റെ 2024-ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് ക്രൈം കോമഡി മ്യൂസിക്കല്‍ ത്രില്ലെര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് എമിലിയ പെരെസ്. ലഹരി മാഫിയ തലവനായ മണിറ്റസിന്റെ പുരുഷത്വത്തില്‍ നിന്ന് സ്ത്രീത്വത്തിലേക്കുള്ള യാത്രയാണ് സിനിമ. 77-ാമത് കാന്‍ ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും, പ്രത്യേക ജൂറി പരാമര്‍ശവും ചിത്രത്തിന് ലഭിച്ചിരുന്നു.
ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബെയര്‍ അവാര്‍ഡിനുള്ള നാമനിര്‍ദേശം ലഭിച്ച ചിത്രമാണ് ഒലിവിയര്‍ അസ്സായസിന്റെ ‘സസ്‌പെന്‍ഡഡ് ടൈം’. കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ക്വാറന്റീനില്‍ കഴിയുന്ന രണ്ടു ദമ്പതിമാര്‍ തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളും അവരുടെ ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമാണ് ചിത്രം.
വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രമായി പ്രേക്ഷകര്‍ തിരഞ്ഞെടുത്ത ദി വിറ്റ്നസ്, ഒരു കൊലപാതക ദൃക്‌സാക്ഷിയുടെ കഥ പറയുന്നു. കുറ്റാന്വേഷണത്തിന് പോലീസ് തയാറാകാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ സമ്മര്‍ദങ്ങളും ജീവിത സാഹചര്യങ്ങളും മറികടന്ന് നീതിക്കായി പോരാടണമോ എന്നുള്ള റ്റാര്‍ലാന്‍ എന്ന നൃത്ത അധ്യാപികയുടെ ആത്മസംഘര്‍ഷങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. 53ാമത് ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള രജത ചകോരം കരസ്ഥമാക്കിയ ഇറാനിയന്‍ എഴുത്തുകാരനും ചലച്ചിത്രകാരനുമായ നദേര്‍ സെയ്വറാണ് ചിത്രത്തിന്റെ സംവിധായകന്‍. രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തില്‍ കോപ്പന്‍ഹേഗനില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി മാഗ്നസ് വോന്‍ ഹോണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ ദി ഗേള്‍ വിത്ത് ദി നീഡില്‍ ‘. ഫാക്ടറി തൊഴിലാളിയായിരുന്ന കരോലിന്‍ എന്ന യുവതിയുടെ ജീവിതത്തിലെ സങ്കീര്‍ണത നിറഞ്ഞ സംഭവവികാസങ്ങളാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്.
പ്രമുഖ ഇസ്രയേലി സംവിധായകനും കലാകാരനുമായ ആമോസ് ഗിത്തായിയുടെ ചിത്രം ‘ഷികുന്‍’,സാമൂഹിക ഭവന പദ്ധതിയിലൂടെ നേവാമരുഭൂമിയില്‍ എത്തിപ്പെടുന്ന വ്യത്യസ്തരായ ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് പറയുന്നത്. മൗറാ ഡെല്‍പെറോ എഴുതി സംവിധാനം ചെയ്ത ഇറ്റാലിയന്‍ സിനിമയാണ് ‘വെര്‍മീഗ്ലിയോ’. സ്വത്വാന്വേഷണം, വ്യക്തിത്വ വികസനം, തുടങ്ങിയവയാണ് ചിത്രത്തിന്റെ പ്രമേയങ്ങള്‍. 1944 -ല്‍ വടക്കന്‍ ഇറ്റലിയിലെ ഒരു മലയോരഗ്രാമത്തില്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം ജീവിച്ചിരുന്ന ഒരു കുടുംബത്തിന്റെ കഥപറയുകയാണ് ഈ ചിത്രം. ഫ്രഞ്ച് സംവിധായിക കൊരാലി ഫാര്‍ഗീറ്റ് സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ദി സബ്സ്റ്റന്‍സ്’. ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഈ ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി. ആഗോള തലത്തില്‍ പ്രശംസിക്കപ്പെട്ട സിനിമകളുടെ പാക്കേജ് ഐ എഫ് എഫ് കെ ആസ്വാദകര്‍ക്ക് കാഴ്ചയുടെ നവ്യാനുഭവം നല്‍കും