മലയാളികളുടെ ജനപ്രിയ നടനാണ് ജയറാം. സിനിമയിലേക്ക് വന്നതുമുതൽ നിരവധി കലാമൂല്യമുള്ളതും, ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ ജയറാമിന് കഴിഞ്ഞിട്ടുണ്ട്. തുടർന്ന് നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ ഇതിലൂടെ സാധിച്ചു. സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ പ്രശസ്ത സംവിധായകരുടെ കൂടെ അഭിനയിച്ചത് ജയറാം എന്ന നടന്ന് വലിയ കരിയർ ഗ്രോത്ത് ആണ് സമ്മാനിച്ചത്. ഇവരുടെ സംവിധാനത്തിൽ അഭിനയിച്ച മിക്ക സിനിമകളും കരിയർ ഹിറ്റായിരുന്നു. മൂന്നാം പക്കം, മഴവിൽക്കാവടി, കേളി, വീണ്ടും ചില വീട്ടുകാര്യങ്ങൾ, സന്ദേശം, മേലേപ്പറമ്പിൽ ആൺവീട് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ എല്ലാം ആ ലിസ്റ്റിൽ പെടുന്നവയാണ്.
ഇപ്പോൾ ഒരു അഭിമുഖത്തിൽ മലയാളികൾക്ക് ഒരു കാലത്ത് ജയറാമിനോട് വലിയ അസൂയ ഉണ്ടായിരുന്നു എന്ന് തുറന്നുപറയുകയാണ് രാജസേനൻ. ജയറാമിനെ സ്ക്രീനിൽ കാണുമ്പോൾ മനപ്പൂർവം ആളുകൾ കൂവുന്ന കാലമുണ്ടായിരുന്നു. ഇതേ പ്രശ്നം ചില ആളുകൾക്ക് കമൽ ഹാസനോടും കുഞ്ചാക്കോ ബോബനോടും ഉണ്ടായിരുന്നു വെന്നും കാരണം ഇവരുടെ സിനിമകൾക്ക് ആളുകൾ ഇടിച്ചുകയറുമായിരുന്നു എന്നതാണ് എന്നും രാജസേനൻ കൂട്ടിച്ചേർക്കുന്നു.
രാജസേനന്റെ വാക്കുകൾ ഇങ്ങനെയാണ് ‘പ്രേം നസീറിനോട് സ്ത്രീകൾക്കായിരുന്നു ആരാധന. അതുപോലെ കമൽഹാസനോട് ഒരുകാലത്ത് മലയാളികൾക്ക് തീർത്തും തീരാത്ത അസൂയയായിരുന്നു. പ്രേമാഭിഷേകം എന്ന സിനിമയൊക്കെ ഇറങ്ങുമ്പോൾ എന്തൊരു കുശുമ്പായിരുന്നു. പെണ്ണുങ്ങൾ അങ്ങ് ഇടിച്ച് കയറുകയല്ലായിരുന്നോ. ചാക്കോച്ചന്റെ അടുത്തും ഇതേ പ്രശ്നം ഉണ്ടായിരുന്നു. അത് തന്നെയായിരുന്നു ജയറാമിനോട് മലയാളികൾക്ക് ഉണ്ടായിരുന്നത്. ഇന്നലെ വരെ മിമിക്രി കളിച്ച് നടന്നവൻ നല്ല ഗ്ലാമറായി അവന്റെ സിനിമകളൊക്കെ ഹിറ്റാകുന്നു. അങ്ങനെ പറഞ്ഞ് ജയറാമിനെ ഇത്തിരി ആക്രമിക്കുന്ന ഒരു രീതി അന്ന് സിനിമയിൽ ഉണ്ടായിരുന്നു. ഞാനും ജയറാമും കൂടെ സിനിമകൾ തുടങ്ങുന്ന സമയത്ത് ജയറാമിന്റെ ആദ്യത്തെ ഷോട്ടിനൊക്കെ തിയേറ്ററിൽ മുഴുവൻ കൂവലായിരുന്നു. മനഃപൂർവം കൂവുമായിരുന്നു. അത് കുശുമ്പ് തന്നെയാണ് അതിന് മരുന്നൊന്നുമില്ല.’ എന്നാണ് രാജസേനൻ പറയുന്നത്.
ഇന്നും മലയാളികളുടെ പ്രിയ നടനാണ് ജയറാം. തമിഴ് ചലച്ചിത്രങ്ങളിലും ജയറാം ധാരാളം ആയി അഭിനയിച്ചിട്ടുണ്ട്. ഗോകുലം, പുരുഷലക്ഷണം, കോലങ്ങൾ, തെനാലി, പഞ്ചതന്ത്രം, തുടങ്ങിയ ചിത്രങ്ങൾ ഇതിൽ പ്രധാനപ്പെട്ടതാണ്. കമലഹാസനുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ജയറാം. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം തമിഴിൽ വലിയ ശ്രദ്ധ നേടികൊടുത്തു. ഒരിടവേളയ്ക്ക് ശേഷം 2024 ൽ ഇറങ്ങിയ എബ്രഹാം ഓസ്ലർ ആണ് ഒരു ഇടവേളയ്ക്ക് ശേഷം ജയറാമിന്റെ ശക്തമായ തിരിച്ചു വരവ് നടത്തിയ ചിത്രം.