പുതുവർഷത്തിലേക്ക് കാൽവെക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയാകുമ്പോൾ 2024ലെ ട്രെൻഡ് ഒന്ന് നോക്കാം. അത് പറയുമ്പോൾ റാം c/o ആനന്ദി എന്ന പുസ്തകം ഒരിക്കലും മറക്കാൻ കഴിയില്ല. 2020ൽ ആരംഭിച്ച റാം c/o ആനന്ദി തരംഗം 2024ലും അവസാനിച്ചിട്ടില്ല. കൗമാരക്കാരുടെയും യുവാക്കളുടെയും ഫേസ് ബുക്ക് പോസ്റ്റുകളിലും ഇൻസ്റ്റഗ്രാം, വാട്സാപ്പ് സ്റ്റോറികളിലും നിറഞ്ഞു നിന്ന കവർ പേജ് ആരും അങ്ങനെ മറന്നു കാണാൻ വഴിയില്ല. വായനാ ശീലം ഇല്ലാത്തവരെ പോലും പുസ്തകം കയ്യിലെടുക്കാൻ പ്രേരിപ്പിച്ച പുറം ചട്ട, ഒറ്റയിരിപ്പിന് ചുരുങ്ങിയ സമയം കൊണ്ട് പലരും വായിച്ചു തീർത്ത പുസ്തകം, അഖിൽ പി. ധർമജൻ മാജിക്. അങ്ങനെ തന്നെ വിശേഷിപ്പിക്കണം റാം c/o ആനന്ദിയെ. വായനക്കാർക്ക് ഒരു പൂക്കാലം സമ്മാനിച്ച യുവ എഴുത്തുകാരൻ അഖിൽ പി.ധർമജന്റെ എഴുത്തുജീവിതത്തിലെ പ്രധാനപ്പെട്ട ഒരധ്യായം തന്നെയാണ് ഈ പുസ്തകം. കേരളത്തിലെ പുസ്തക ഷെൽഫുകളിൽ അതിവേഗം നിറയുകയും അതിനേക്കാൾ വേഗത്തിൽ കാലിയാവുകയും ചെയ്ത റാക്ക് റാം c/o ആനന്ദിയുടേതാകും എന്നതുറപ്പ്.
സോഷ്യൽ മീഡിയകളിൽ പുസ്തകത്തിന്റെ ചിത്രവും നിരൂപണങ്ങളും നിറഞ്ഞപ്പോൾ ഇതിൽ എന്തിരിക്കുന്നു ഇത്ര എന്ന് അറിയാൻ ആണ് പലരും പുസ്തകം വാങ്ങി വായിച്ചു നോക്കിയത്. രസകരമായ തമാശ മാത്രം നിറഞ്ഞ കഥയാകും എന്ന് കരുതി വായിച്ചവർക്കെല്ലാം സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും സാഹോദര്യത്തിന്റെയും അതിജീവനത്തിന്റെയും ദിവ്യ അനുഭവം സമ്മാനിച്ച ട്വിസ്റ്റുകൾ നിറഞ്ഞ കഥ. വായിച്ച് അവസാനിപ്പിക്കുമ്പോൾ കണ്ണുകളിൽ ഒരു നനവും മനസിൽ ഒരു നോവും ഉണ്ടാകാത്തവരായി ഒരും കാണില്ല. ചെന്നൈ നഗരവും റാമും ആനന്ദിയും മല്ലിയും രേഷ്മയും വെട്രിയും പാട്ടിയുമെല്ലാം മനസിൽ അങ്ങനെ നിറഞ്ഞു നിൽക്കും. മല്ലി സമ്മാനിക്കുന്ന വേദനയും ആനന്ദി അവശേഷിപ്പിക്കുന്ന ചോദ്യവുമാകും പുസ്തകം താഴെ വക്കുമ്പോൾ ഓരോ വായനക്കാരന്റെയും ഉള്ളിൽ.
റാം എന്ന മലയാളി യുവാവിലൂടെ ആരംഭിക്കുന്ന കഥ. ഓരോ താളുകൾ കഴിയുമ്പോഴും കഥാപാത്രങ്ങൾക്ക് ജീവൻവെക്കും വായനക്കാരും അവർക്കൊപ്പം ജീവിച്ചുതുടങ്ങും. സിനിമാറ്റിക് നോവലിനെ സിനിമാ രീതിയിൽ തന്നെ അവതരിപ്പിച്ച് പലരും കഥാപാത്രങ്ങളായി അഭിനയിച്ച് ഇൻസ്റ്റഗ്രാം റീൽസ് കൂടി ഇറക്കിയതോടെയാണ് റാം c/o ആനന്ദി അക്ഷരാർഥത്തിൽ തരംഗം സൃഷ്ടിച്ചത്. ആമസോണിൽ ഏറെക്കാലം ബെസ്റ്റ് സെല്ലർ പട്ടികയിൽ ഒന്നാമതു തന്നെ പുസ്തകം സ്ഥാനം പിടിച്ചിരുന്നു. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ രചിക്കപ്പെടുന്ന കൃതികളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ പട്ടികയായ നീല്‍സണ്‍ ബുക്ക് സ്‌കാനില്‍ ടോപ്പ് സെല്ലറുകളുടെ പട്ടികയില്‍ തുടര്‍ച്ചയായി നിരവധിതവണ നോവൽ ഇടംനേടിയിട്ടുണ്ട്. ചിത്രം ഡി.സി. ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചത്.