History

വീണ്ടും ഒരു ക്രിസ്തുമസ് കാലം, ക്രിസ്തുവിന്റെ പ്രതീകമായി സമ്മാനങ്ങളുമായി അയാളുടെ വരവായി

ലോകമെമ്പാടും സന്തോഷത്തിന്റെ ജിം​ഗിൾ ബെൽസ് ശബ്ദവുമായി വീണ്ടും ഒരു ക്രിസ്തുമസ് കാലം വരികയാണ്. വിളക്കുകളും അലങ്കാരങ്ങളും ക്രിസ്തുമസ് ​ഗാനങ്ങളും ഇരുട്ടിൽ ഇരുന്ന ജനതയ്ക്കു വെളിച്ചം പോലെ ക്രിസ്തുദേവന്റെ വരവ് വിളിച്ചറിയിക്കുകയാണ്. സന്തോഷത്തിന്റെയും കരുതലിന്റെയും നാളുകളെ ഓർമ്മിപ്പിക്കാൻ ക്രിസ്തുദേവന്റെ പ്രതീകമായി സാന്റാക്ലോസും വരും. ലോകമെമ്പാടുമുള്ള കുട്ടികളുടെ എക്കാലത്തെയും ആരാധനാ ബിംബമാണ് സാന്താക്ലോസ്. ക്രിസ്മസ് രാവില്‍ വെളുത്ത താടിയും ചുവന്ന തൊപ്പിയുമായി കൈയില്‍ ധാരളം സമ്മാനങ്ങളുമായി എട്ട് റെയിന്‍ഡിയറുകള്‍ വലിക്കുന്ന തുറന്ന ഹിമവാഹനത്തില്‍ വരുന്ന സാന്താക്ലോസിനെ സ്വപ്‌നം കണ്ടുറങ്ങാത്ത കുട്ടികളുണ്ടാവില്ല എന്ന കാര്യം തീർച്ചയാണ്. കുടവയറും നരച്ചു നീണ്ട താടിയും ചുമന്ന നീണ്ട കുപ്പായവും കോണിന്റെ ആകൃതിയിലുള്ള നീണ്ടു ചുമന്ന തൊപ്പിയും തോളത്ത് സഞ്ചിയും കയ്യിൽ നീണ്ട ദണ്ഡുമായി പ്രത്യക്ഷപ്പെടുന്ന ആ രൂപം കൗതുകം ഉണർത്തുന്നതുതന്നെയാണ്.

ഐതിഹ്യങ്ങൾ അനുസരിച്ച്, ക്രിസ്മസ് ഫാദർ എന്നറിയപ്പെടുന്ന സാന്റാക്ലോസ് നാലാം നൂറ്റാണ്ടിൽ ആധുനിക തുർക്കിയിലെ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന സെന്റ് നിക്കോളാസ് എന്ന സന്യാസിയായിരുന്നു. 280 എ.ഡിയില്‍ തുര്‍ക്കിയിലാണ് ഈ വെളുത്ത താടിയുള്ള, സന്തുഷ്ടവാനായ മനുഷ്യന്റെ കഥ ആരംഭിക്കുന്നത്. ഈ സന്യാസി തന്റെ മുഴുവന്‍ സമ്പത്തും സമൂഹത്തിലെ അശരണരരെ സഹായിക്കാനായാണ് ഉപയോഗിച്ചത്. തനിക്കുള്ളതെല്ലാം പാവപ്പെട്ടവർക്കും ദരിദ്രർക്കും വേണ്ടി ദാനം ചെയ്ത ഉദാരമനസ്കനായ വ്യക്തിയായിട്ടാണ് വിശുദ്ധ നിക്കോളാസിനെ കണക്കാക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട സമ്മാനങ്ങള്‍ ആവശ്യപ്പെട്ട് കുട്ടികള്‍ എഴുതുന്ന കത്തുകള്‍ അദ്ദേഹത്തിന് ലഭിക്കാറുണ്ടായിരുന്നു എന്നും പറയപ്പെടുന്നു. ഇതാണ് ഒരു ഐതീഹ്യം.

സാന്റാക്ലോസിനെ പറ്റിയുള്ള മറ്റൊരു ഐതീഹ്യം ഇങ്ങനെയാണ് നെതര്‍ലാന്‍ഡില്‍ നിന്നുള്ള ആളുകള്‍ അമേരിക്കന്‍ കോളനികളിലേക്ക് കുടിയേറിയപ്പോള്‍, അവര്‍ സിന്റര്‍ക്ലാസിന്റെ ഐതിഹാസിക കഥകൾ പറഞ്ഞിരുന്നു. സെയ്‌ന്റ്നിക്കോളാസിന്റെ ഡച്ച് വാക്കാണ് സിന്റര്‍ക്ലാസ്സ്. സെയ്ന്റ് നിക്കോളാസിന്റെ മഹാമനസ്‌കതയുടെ കഥകള്‍ 1700 ഓടെ അമേരിക്കയില്‍ പലയിടത്തും പ്രചരിച്ചു. അവിടെയുള്ള ജനപ്രിയ സംസ്‌കാരം ഇദ്ദേഹത്തിന്റെ പ്രതിച്ഛായയെ മാറ്റിമറിച്ചു. ഒടുവില്‍ അദ്ദേഹത്തിന്റെ മരണശേഷം ആ പേര് സാന്താക്ലോസ് എന്നായി പരിണമിച്ചു.

ഒരിക്കല്‍ ജീവിച്ചിരുന്ന ഒരു വ്യക്തി, സ്നേഹസമ്പന്നനും ഉത്സാഹിയുമായ സാന്താ ആയി പരിണമിക്കുന്നതും ക്രിസ്മസ് ദിനങ്ങളിലെ അനിവാര്യമായ സാന്നിധ്യമായി മാറിയതും ഇങ്ങനെയൊക്കെയാണ് എന്ന് പറയപ്പെടുന്നു. കഥകൾ എന്തുതന്നെയാണെങ്കിലും ലോകമെമ്പാടുമുള്ള കുട്ടികളുടെ മനസിൽ സ്നേഹ സമ്പന്നനാണ് സാന്റാക്ലോസ്.