പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് രണ്ടു നോമിനേഷനുകൾ നേടി. ചിത്രം മത്സരിക്കുന്ന വിഭാഗങ്ങൾ മികച്ച സംവിധാനം, മികച്ച വിദേശ ഭാഷാ ചിത്രം എന്നിവയായിരിക്കും. മികച്ച സംവിധായകനുള്ള വിഭാഗത്തിൽ ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരാൾ ഗോൾഡൻ ഗ്ലോബിൽ പരിഗണിക്കപ്പെടുന്നത്. ജനുവരി 5 നാണ് 85ആമത് ഗോൾഡൻ ഗ്ലോബ് പുരസ്കാര പ്രഖ്യാപനം.
ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. പ്രഭ എന്ന നഴ്സിന്റെ കഥയാണ് ചിത്രം പങ്കുവെക്കുന്നത്. രണ്ട് കുടിയേറ്റ മലയാളി നഴ്‌സുമാരുടെ കഥയിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. കനി കുസൃതി, ദിവ്യപ്രഭ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. യുവ താരം ഹ്രിദ്ദു ഹാറൂണും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരുന്നു. മുംബൈയിലും രത്‌നഗിരിയിലുമായിട്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ കാൻ ചലച്ചിത്ര മേളയിൽ ആദ്യമായി ഗ്രാൻപ്രീ പുരസ്കാരം നേടി ശ്രദ്ധിക്കപ്പെട്ടിരുന്നു. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിലും ഗോഥം അവാർഡ്സിലും ബെസ്റ്റ് ഇന്റർനാഷനൽ ഫിലിം പുരസ്കാരങ്ങൾ ചിത്രം നേടിയിരുന്നു. കാൻ ഫിലിം ഫെസ്റ്റിവൽ മുതൽ ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. റാണാ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയ വിതരണം ചെയ്ത ഈ ചിത്രം രാജ്യത്തുടനീളമുള്ള പ്രധാന നഗരങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു.
അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലെ വിപുലമായ പ്രദർശനങ്ങൾക്ക് ശേഷം ചിത്രം ഓൾ ഇന്ത്യയിൽ നവംബർ 22ന് തീയേറ്റർ റിലീസും ചെയ്തിരുന്നു. ‘പ്രഭയായ് നിനച്ചതെല്ലാം’ എന്ന പേരിൽ ആണ് ചിത്രം മലയാളത്തിൽ റിലീസ് ചെയ്തത്. റിലീസിന് പിന്നാലെ പ്രശംസ നേടിയെങ്കിലും ചിത്രത്തിലെ ദിവ്യ പ്രഭയുടെ ഹാഫ് ന്യൂഡ് രംഗത്തെക്കുറിച്ചായിരുന്നു കേരളത്തിൽ വലിയ ചർച്ച നടന്നത്.