Celebrities

‘സ്വാ​ഗതം താരൂ’, ഭർതൃവീട്ടിലേക്ക് വലതുകാൽ വെച്ച് തരിണി; വീഡിയോ പങ്കുവെച്ച് ജയറാം

മൂന്നുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നടന്‍ കാളിദാസ് ജയറാമും മോഡല്‍ തരിണി കലിംഗരായരും വിവാഹിതരായത്. ഇപ്പോൾ തരിണി ഭർതൃവീട്ടിലേക്ക് വലതുകാൽ വെച്ച് എത്തുന്ന വീഡിയോ ആണ് ജയറാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ‘സ്വാ​ഗതം താരൂ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റി ചെയ്തിരിക്കുന്നത്. കേരളാ സാരിയിൽ ആണ് നിലവിളക്ക് കയ്യിൽ പിടിച്ച് വലതുകാൽ വെച്ച് തരിണി എത്തുന്നത്.

വിവാഹത്തിന് മുമ്പ് തന്നെ ജയറാം കുടുംബം വലിയ സ്നേഹവും പ്രധാന്യവും ബഹുമാനവുമെല്ലാം തരിണിക്ക് നൽകിയിരുന്നു. 2022-ലാണ് കാളിദാസും താരിണിയും തമ്മിലുള്ള പ്രണയം ലോകമറിയുന്നത്. ആ വര്‍ഷത്തെ ഓണച്ചിത്രങ്ങളില്‍ ജയറാം കുടുംബത്തിനൊപ്പം തരിണിയുമുണ്ടായിരുന്നു. ഒക്ടോബറില്‍ താരിണിക്കൊപ്പം ദുബായില്‍നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട്, കാളിദാസ് തങ്ങള്‍ പ്രണയത്തിലാണെന്ന് പറയാതെ പറഞ്ഞു. 2023 നവംബറിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

ഒരു വർഷത്തിനുള്ളിൽ കുടുംബത്തിലേക്ക് ഒരു മകനും മകളും കൂടി അംഗങ്ങളായതിന്റെ സന്തോഷം ജയറാമും ഭാര്യ പാർവതിയും നേരത്തെ പങ്കുവെച്ചിരുന്നു. 2024ന്റെ പകുതി എത്തുന്നതിനു മുൻപ് മകൾ മാളവികയുടെ വിവാഹം നടന്നിരുന്നു, ഈ വർഷം കഴിയും മുൻപേ മകൻ കാളിദാസിന്റെയും പ്രണയിനി താരിണിയുടെയും വിവാഹവും കഴിഞ്ഞു. മരുമക്കളെ മക്കളായി തന്നെയാണ് കാണുന്നതെന്ന് ജയറാമിന്റെയും പാർവതിയുടെയും ഓരോ വാക്കുകളിൽ നിന്നും വ്യക്തമാകും. ഗുരുവായൂരപ്പന്റെ മുമ്പില്‍വെച്ച് കണ്ണന് താരൂന്‍റെ കഴുത്തില്‍ താലിചാര്‍ത്താനായതില്‍ സന്തോഷം എന്നായിരുന്നു വിവാഹ ശേഷം ജയറാമിന്റെ പ്രതികരണം. കഴിഞ്ഞ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു താലികെട്ട്. വലിയൊരു സ്വപ്‌നമാണ് സാക്ഷാൽക്കരിക്കപ്പെട്ടതെന്ന് വിവാഹശേഷം കാളിദാസ് പറഞ്ഞു. രണ്ടു മക്കളുടെയും വിവാഹം ഒന്നിനു പിറകെ ഒന്നായി നടന്നതിന്‍റെ ഇരട്ടി സന്തോഷത്തിലാണ് പാര്‍വതി. ‘പെട്ടന്ന് രണ്ടു കുട്ടികളുടെയും കല്യാണമായി. ഇരട്ടി സന്തോഷമാണ്. ഡബിള്‍ അമ്മായി അമ്മ ആയി,’ എന്നും പാര്‍വതി പറഞ്ഞിരുന്നു.

കാളിദാസിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുജത്തി മാളവികയും ഭർത്താവ് നവനീത് ഗിരീഷും വിദേശത്തു നിന്നും എത്തിച്ചേർന്നിരുന്നു. കണ്ണൻ എന്ന കാളിദാസിന്റെ വിവാഹത്തിലുടനീളം ഇവർ രണ്ടുപേരും സജീവമായിരുന്നു. അളിയനും അളിയനും ഒരു ടീം എന്നാണ് ഇവരുടെ ഐക്യം കണ്ടാൽ മനസിലാവുക. കാളിദാസ് പ്രണയത്തിലൂടെ താരിണിയെ ഭാര്യയാക്കി മാറ്റിയെങ്കിൽ, നവനീത് – മാളവിക വിവാഹം വീട്ടുകാരുടെ കണ്ടെത്തലായിരുന്നു.