മലയാളികളുടെ പ്രിയ നടൻ ജയറാം ഇന്ന് അറുപതിന്റെ നിറവിൽ എത്തി നിൽക്കുകയാണ്. കഴിഞ്ഞ 36 വർഷമായി വേറിട്ട നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ നിറഞ്ഞു നിൽക്കുന്ന താരമാണ് ജയറാം. അറുപതിന്റെ നിറവിലേക്ക് കടക്കുന്ന താരത്തിന് നിരവധി പേരാണ് ആശംസകൾ അറിയിച്ചു കൊണ്ട് എത്തുന്നത്. കടന്നു വരുന്ന ഓരോ വയസും എൻജോയ് ചെയ്യുന്നൊരാളാണ് താനെന്ന് ജയറാം പറയുന്നു. മുടി നരയ്ക്കുന്നതും ശരീരും ചുളിയുന്നതും ഒന്നും ആശങ്കയോടെയല്ല സന്തോഷത്തോടെയാണ് നോക്കിക്കാണുന്നത് എന്നാണ് താരം പറയുന്നത്. മകളുടെയും മകന്റെയും വിവാഹത്തിന് പിന്നാലെയാണ് താരത്തിന്റെ ജന്മദിനം വന്നെത്തുന്നത്.
ചടങ്ങുകൾ പ്രകാരം 60 ആം വയസിലും 70ആം വയസിലും ഭാര്യയ്ക്ക് ഒരു താലി കൂടി ചാർത്തണം എന്നാണ് രീതിയെന്ന് ജയറാം പറയുന്നു. അത് സഹോദരി തയ്യാറാക്കി നൽകും. ഇപ്പോൾ ആ താലി തയ്യാറായി ഇരിക്കുന്നുണ്ട് എന്നും അത് കെട്ടാനുള്ള ഒരുക്കത്തിലാണെന്നും ജയറാം കൂട്ടിച്ചേർക്കുന്നു. ഗുരുവായൂരിൽ വെച്ച് താലി ചാർത്തണം എന്നായിരുന്നു തന്റെ ആഗ്രഹം എന്നാൽ 60 വയസ് ആയത് ഏല്ലാവരും അറിഞ്ഞാലോ എന്ന് കരുതി ജയറാം സമ്മതിച്ചില്ലെന്നാണ് തമാശ കലർന്ന പരിഭവത്തിൽ പാർവതി പങ്കുവെക്കുന്നത്.
ജയറാമിന് ഓരോ സമയത്തും ഓരോ പ്രായമാണെന്നാണ് ഭാര്യ പാർവതി പറയുന്നത്. മക്കൾക്കൊപ്പമിരുന്നു തമാശ പറഞ്ഞ് ചിരിക്കുമ്പോൾ ജയറാമിന് വെറും 25 വയസേ ഉള്ളൂ എന്ന് തോന്നും. പൂരപ്പറമ്പിൽ എത്തി ചെണ്ടമേളം കേൾക്കുമ്പോൾ പതിനെട്ടോ ഇരുപതോ വയസുള്ള ഒരു യുവാവിനെപ്പോലെ അതും ആസ്വദിക്കും. എന്നാൽ ഒരു അമ്യൂസ്മെന്റ് പാർക്കിൽ ട്രിപ്പ് പോയാൽ എല്ലാം നേരെ തിരിച്ചാണ്, ഒരു റെയ്ഡിൽ കയറാൻ പറഞ്ഞാൽ 70 വയസുള്ള അപ്പൂപ്പനെ പോലെ പെരുമാറുമെന്നും പാർവതി പങ്കുവെക്കുന്നു. ഇതുപോലെ സന്തോഷത്തോടെ ഒരു 100 വയസുവരെ ഞങ്ങൾക്ക് ഒന്നിച്ച് ജീവിക്കാൻ കഴിയണം എന്ന ആഗ്രഹവും താരം പങ്കുവെക്കുന്നു.
എല്ലാ പിറന്നാളുകൾക്കും ഭാര്യക്കും മക്കൾക്കും സമ്മാനം നൽകാൻ താൻ മറന്നുപോകാറുണ്ട്. പക്ഷെ തന്റെ പിറന്നാൽ ഓർത്തുവെച്ച് അവർ സമ്മാനം നൽകാറുണ്ടെന്നും താരം പറയുന്നു. മലയാളികളുടെ സ്നേഹത്തിന് നന്ദിയും ഇരുവരും പങ്കുവെക്കുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയറാമും പാർവതിയും വിശേഷങ്ങൾ പങ്കുവെക്കുന്നത്.