ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള സിനിമയാണ് ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പഴ്സ്. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തുവന്നിരുന്നു. മമ്മൂട്ടിക്കൊപ്പം നടൻ ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തേക്കുറിച്ച് ഗോകുൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഏതാനും ദിവസങ്ങൾക്ക് പുറത്തുവന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നടൻ കാളിദാസ് ജയറാമിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഗോകുൽ. ‘ടീസറിലൊക്കെ എനിക്ക് അത്രയും പ്രാധാന്യം കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതിന് എല്ലാവരോടും അകമഴിഞ്ഞ നന്ദി. എന്നും ഓർമയിലിരിക്കുന്ന അനുഭവം ആയിരുന്നു സിനിമ സമ്മാനിച്ചത്. മമ്മൂട്ടി സാറിന്റെ കൂടെ വർക്ക് ചെയ്തത് വേറിട്ട അനുഭവം തന്നെ ആയിരുന്നു. ഒന്നും പഠിപ്പിച്ച് തരാതെ തന്നെ നമ്മുക്കൊരുപാട് കാര്യങ്ങൾ പഠിക്കാനാവുന്ന യൂണിവേഴ്സിറ്റിയുടെ കൂടെയായിരുന്നു പത്ത്, ഇരുപത്തഞ്ച് ദിവസം.
അതിലൊരുപാട് സന്തോഷമുണ്ട്. ഫസ്റ്റ് ഹാഫ് വരെ പറഞ്ഞിട്ടുള്ള കഥാപാത്രം ആയിരുന്നു എന്റേത്. പിന്നീടത് കുറച്ച് സമയം കൂടി നീട്ടി. പിങ്ക് പാന്തർ പോലൊരു സിനിമയാണ് ഡൊമനിക്. ഗൗതം വാസുദേവൻ മേനോൻ സാറിന്റെ സിനിമകളെല്ലാം കണ്ട് ഫാൻ ആയിട്ടുള്ളവരാണ് നമ്മളൊക്കെ. വാരണം ആയിരം, കാക്ക കാക്ക, വേട്ടയാട് വിളയാട് തുടങ്ങി നിരവധി പടങ്ങൾ കണ്ട് അദ്ദേഹത്തിന്റെ അടുത്തു നിന്നൊരു ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുമ്പോൾ, അദ്ദേഹത്തിന്റെ ഫ്രെയിമിൽ വന്ന് അഭിനയിക്കാൻ സാധിക്കുന്നത് വലിയൊരു ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്.’ ഗോകുൽ പറഞ്ഞു.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ആറാമത് ചിത്രമായ ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പഴ്സ് ഉടൻ തിയറ്ററുകളിൽ എത്തുമെന്നാണ് വിവരം.
STORY HIGHLIGHT: gokul suresh talks about new movie dominic and the ladies purse