അപ്പാനി ശരത്, ശ്വേതാ മേനോൻ, ശബരീഷ് വർമ എന്നിവർ പ്രധാന കഥാപാത്രങ്ങളായി മനോജ് ടി യാദവ് എഴുതി സംവിധാനവും ചെയ്യുന്ന ജങ്കാർ എന്ന ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഗംഭീര ത്രില്ലർ എന്ന സൂചന നൽകുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരിക്കുകയാണ്. അഭീന്ദ്രൻ, മഹീന്ദ്രൻ എന്നീ കഥാപാത്രങ്ങളെയാണ് അപ്പാനി ശരത്തും ശബരീഷും അവതരിപ്പിക്കുന്നത്.
എംസി മുവീസിന്‍റെ ബാനറിൽ ബാബുരാജ് എംസി നിർമ്മിക്കുന്ന ചിത്രത്തിൽ അപ്രതീക്ഷിതമായി ഒരു തുരുത്തിലേക്ക് എത്തപ്പെടുന്ന യുവാവും, യുവതിയും അവിടെ നേരിടേണ്ടിവരുന്ന സംഭവബഹുലമായ കാര്യങ്ങളാണ് പ്രമേയമാക്കുന്നത്. പകയും പ്രതികാരവും പ്രണയവുമെല്ലാം ചിത്രത്തിന്‍റെ പശ്ചാത്തലത്തെ ബലപ്പെടുത്തുന്നു. അപ്പാനിയുടെ അഭിനയ ജീവിതത്തിൽ വേറിട്ട് നിൽക്കുന്ന ഒരു കഥാപാത്രം ആയിരിക്കും ജങ്കാറിലെ അഭീന്ദ്രൻ. വെള്ളിയാംകുന്ന് തുരുത്തിലെ മല്ലി ആയി ശ്വേതാ മേനോനും ചിത്രത്തിലുണ്ട്. സെയ്താലിക്ക എന്ന മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് സുധീർ കരമനയും കൈകാര്യം ചെയ്യുന്നു.
ശൈലജ ശ്രീധരൻ നായർ, അജ്മൽ സെയ്ൻ, ബിജു കലാവേദി, സലീഷ് ഇയ്യപ്പാടി, രേണു സൗന്ദർ, സ്നേഹ, ആലിയ, ഗീതി സംഗീത, നവനീത് കൃഷ്ണ, ആരതി സേതു, രാജൻ കലക്കണ്ടി, ജോബി പാലാ, സതീഷ് വെട്ടിക്കവല തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നു. ബികെ ഹരി നാരായണൻ, സുമേഷ് സദാനന്ദ്, റിതേഷ് മോഹൻ (ഹിന്ദി ) എന്നിവർ ചേർന്നൊരുക്കുന്ന വരികൾക്ക് സംഗീതമൊരുക്കുന്നത് ബിജിബാലാണ്. എം.സി മൂവീസിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ജങ്കാർ.
STORY HIGHLIGHT: jangar motion poster have been released