ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന്റെ ടി ഇ എസ് ഗ്രൂപ്പ് ബിയുടെ കീഴില്‍ സബ് ഡിവിഷണല്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരും താല്‍പ്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള രജിസ്‌ട്രേഷന്‍ വിന്‍ഡോ തുറന്നിട്ടുണ്ട്.
ഡിസംബര്‍ 26 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. കേന്ദ്ര സര്‍ക്കാരിന്റെയോ മറ്റൊരു സ്ഥാപനത്തിലോ വകുപ്പിലോ ഈ നിയമനത്തിന് തൊട്ടുമുമ്പ് നടന്ന മറ്റൊരു എക്‌സ്-കേഡര്‍ തസ്തികയിലെ ഡെപ്യൂട്ടേഷന്‍ സാധാരണയായി മൂന്ന് വര്‍ഷത്തില്‍ കൂടരുത് എന്നാണ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതിയില്‍ അപേക്ഷകരുടെ പ്രായപരിധി 56 വയസായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്‍ (സിപിസി) പേ മാട്രിക്‌സിന്റെ ലെവല്‍ 8 പ്രകാരം 47600 രൂപ മുതല്‍ 151100 രൂപ വരെ ശമ്പളം ലഭിക്കും. എറണാകുളത്തെ ഒന്ന് അടക്കം വിവിധ കേന്ദ്രങ്ങളില്‍ ആകെ 48 ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒഴിവുകളുടെ എണ്ണവും സ്ഥലവും ചുവടെ കൊടുത്തിരിക്കുന്നു.
അഹമ്മദാബാദ് (3 ഒഴിവ്), ന്യൂഡല്‍ഹി (22 ഒഴിവുകള്‍), എറണാകുളം (1 ഒഴിവ്) ഗാംഗ്ടോക്ക് (1 ഒഴിവ്), ഗുവാഹത്തി ( ഒരു ഒഴിവ്), ജമ്മു കശ്മീര്‍ (2 ഒഴിവ്), കൊല്‍ക്കത്ത (4 ഒഴിവ്), മീററ്റ് (2 ഒഴിവ്), മുംബൈ (4 ഒഴിവ്), നാഗ്പൂര്‍ (2 ഒഴിവ്), ഷില്ലോംഗ് (3 ഒഴിവ്), ഷിംല (2 ഒഴിവ്), സെക്കന്തരാബാദ് (ഒരു ഒഴിവ്) എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
ആവശ്യമായ എല്ലാ രേഖകളും സഹിതം ശരിയായ ചാനലിലൂടെ സമര്‍പ്പിച്ച അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. അപേക്ഷകള്‍ കേഡര്‍ അധികാരികളോ ഡിപ്പാര്‍ട്ട്മെന്റ് മേധാവികളോ വഴി കൈമാറണം. സമയപരിധിക്ക് ശേഷം സമര്‍പ്പിച്ച അപേക്ഷകള്‍, ശരിയായ ചാനലിലൂടെ കൈമാറാത്തത്, ആവശ്യമായ രേഖകള്‍ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ അപൂര്‍ണ്ണമെന്ന് കണ്ടെത്തുകയോ ചെയ്യുന്നവ എന്നിവ നിരസിക്കപ്പെടും.
content highlight: jobs-in-kochi-telecommunications