Entertainment

രാജേഷ് മാധവന് പ്രണയ സാഫല്യം; ഹൃദയ ഹാരിയായ പ്രണയകഥ ഇങ്ങനെ

നടനും സംവിധായകനുമായ രാജേഷ് മാധവന്‍ വിവാഹിതനായി. അസോസിയേറ്റ് ഡയറക്‌ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്‌തി കാരാട്ടാണ് വധു. ഏറെ നാളത്തെ പ്രണയത്തനൊടുവിലായിരുന്നു വിവാഹം.

ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. വിവാഹ റിസെപ്‌ഷന്‍റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. “അങ്ങനെ സുരേഷിന്‍റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ ഇവിടെ ആരംഭിക്കുക ആണ് സൂർത്തുക്കളെ” -എന്ന അടിക്കുറിപ്പോടു കൂടിയാണ് ഇരുവരുടെയും വിവാഹ റിസെപ്‌ഷനിടെയുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ദീപ്തിയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കിട്ട് രാജേഷ് തന്നെയാണ് വിവാഹിതരാകാന്‍ പോകുന്നെന്ന വിവരം അറിയിച്ചത്. കാസർകോട് സ്വദേശിയാണ് രാജേഷ് മാധവന്‍. ടെലിവിഷൻ പരിപാടികളിലൂടെ വെള്ളിത്തിരയിൽ എത്തിയ രാജേഷ്, അസ്തമയം വരെ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായി തുടക്കം കുറിച്ചു. മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് രാജേഷ് സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് ദിലീഷിന്റെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ദേശീയ പുരസ്‌കാരം നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന്റെ ഉള്‍പ്പടെ കാസ്റ്റിങ് ഡയരക്ടരാണ് രാജേഷ്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിൽ രാജേഷിന്റെ സുമേഷ് എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. തുടർന്ന് ‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’’ എന്ന ചിത്രത്തിലൂടെ രാജേഷ് നായക വേഷവും ചെയ്തു. .പെണ്ണും പൊറാട്ടും എന്ന ചിത്രത്തിലൂടെ സംവിധായകനാകാനുള്ള ഒരുക്കത്തിലാണ് രാജേഷ്.