മലയാളികൾക്ക് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. ഇപ്പോൾ ഒരു അഭിമുഖത്തിൽ കമൽ രാപ്പകൽ സിനിമയെ കുറിച്ച് സംസാരിക്കുകയാണ്. മലയാളികൾ എന്നും ഇഷ്ട കുടുംബ ചിത്രങ്ങളുടെ ലിസ്റ്റിൽ പെടുത്തുന്ന ഒന്നാണ് രാപ്പകൽ. ഈയടുത്തകാലത്തായി രാപ്പകൽ സിനിമയിലെ കൃഷ്ണൻ എന്ന കഥാപാത്രത്തോട് പലർക്കും നീരസം ഉണ്ടായെങ്കിലും കൃഷ്ണൻ വകതിരിവില്ലാത്ത ആളാണെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നെങ്കിലും എന്തുകൊണ്ടോ രാപ്പകൽ സിനിമ പലർക്കും ഇപ്പോഴും ഇഷ്ടമാണ്. 2005ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ശാരദ, മമ്മൂട്ടി, നയൻതാര, ഗീതു മോഹൻദാസ്, ബാലചന്ദ്രമേനോൻ തുടങ്ങിയവരൊക്കെയാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
മനസ്സിനക്കരെ എന്ന സിനിമയിൽ ഷീലയുടെ അഭിനയം കണ്ട് ആദ്യം രാപ്പകലിലെ അമ്മ കഥാപാത്രത്തിലേക്ക് വിളിക്കാൻ തീരുമാനിച്ചിരുന്നത് ഷീലയെ ആയിരുന്നു എന്നാണ് കമൽ പറയുന്നത്. പക്ഷേ പിന്നീടാലോചിച്ചപ്പോൾ രണ്ടും സമാനമായ കഥാപാത്രങ്ങൾ ആയിരുന്നു. അതുകൊണ്ടുതന്നെ ശാരദയെ കാസ്റ്റ് ചെയ്യാം എന്ന് തീരുമാനിച്ചു. മമ്മൂട്ടിയാണ് മകനായി അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോൾ സിനിമയുടെ കഥ പോലും കേൾക്കാതെ അഭിനയിക്കാൻ തയ്യാറാവുകയായിരുന്നു ശാരദ എന്നാണ് കമൽ പറയുന്നത്.
കമലിന്റെ വാക്കുകൾ ഇങ്ങനെയാണ്. ‘ഞാൻ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമക്ക് ശേഷം ചെയ്ത സിനിമയായിരുന്നു രാപ്പകൽ. കരിയറിൽ ഞാൻ ഏറ്റവും അധികം എൻജോയ് ചെയ്തത് രാപ്പകൽ സിനിമ സംവിധാനം ചെയ്തപ്പോഴാണ്. അതിൽ ഒരുപാട് ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നു. എന്നാൽ വളരെ കുറച്ച് മാത്രം ലൊക്കേഷനുകളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ അമ്മയുടെ വേഷത്തിലേക്ക് ആദ്യം കരുതിയത് ഷീലയെ ആയിരുന്നു. എന്നാൽ മനസ്സിനക്കരെ എന്ന സിനിമയിൽ ഇതുപോലൊരു കഥാപാത്രം അവർ ചെയ്‌തിരുന്നു. അതുകൊണ്ട് അമ്മയായി ഷീല വേണ്ടയെന്ന് തീരുമാനിച്ചു. അതിന് ശേഷം ഞങ്ങളുടെ മുന്നിൽ ഉണ്ടായിരുന്ന അടുത്ത ഓപ്ഷൻ ശാരദയായിരുന്നു. ആ സമയത്ത് അവർ ആന്ധ്രയിലെ എം.പിയായിരുന്നു. സിനിമയുടെ കഥ പറയാൻ പോയപ്പോൾ അവർ പല കാരണങ്ങളും പറഞ്ഞ് അതിൽ നിന്ന് ഒഴിഞ്ഞുമാറി. പാർലമെന്റിൽ പോകണമെന്നും ആന്ധ്രയിലെ വനിതാകമ്മീഷന്റെ എന്തോ ചുമതലയുണ്ടെന്നും പറഞ്ഞു. ഒടുവിൽ മമ്മൂട്ടിയുടെ അമ്മയുടെ കഥാപാത്രമാണെന്ന് പറഞ്ഞപ്പോഴാണ് അവർ അഭിനയിക്കാൻ സമ്മതിച്ചത്. കഥയൊന്നും കേൾക്കാതെ തന്നെ ശാരദ അന്ന് ഞങ്ങളോട് ഓക്കെ പറയുകയായിരുന്നു,’ എന്നും കമൽ ഒരു അഭിമുഖത്തിൽ പറഞ്ഞു.