ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ നടന്മാരില്‍ ഒരാളായ രജനികാന്തിന് ഇന്ന് 74 വയസ് തികയുകയാണ്. സമാനതകളില്ലാത്ത അഭിനയ ശൈലിക്കും ആരാധക പിന്തുണയ്ക്കും പേര് കേട്ട നടനാണ് അദ്ദേഹം. സ്‌റ്റൈല്‍ മന്നന്‍, തലൈവര്‍, സൂപ്പര്‍ സ്റ്റാര്‍ തുടങ്ങി ആരാധകര്‍ അദ്ദേഹത്തിന് നല്‍കിയ പേരുകള്‍ മതി രജനികാന്ത് എന്ന നടന്‍ ജനങ്ങള്‍ക്കിടയില്‍ എന്ത് മാത്രം സ്വാധീനം ഉണ്ടാക്കി എന്ന മനസിലാക്കാന്‍. 1975ല്‍ അപൂര്‍വ്വരാഗം സിനിമയിലൂടെയാണ് അദ്ദേഹം സിനിമാലോകത്ത് എത്തുന്നത്. വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ പതിയെ നായക വേഷങ്ങളില്‍ എത്തുകയായിരുന്നു. പതിവ് നായക സങ്കല്‍പ്പങ്ങള്‍ക്ക് വിപരീതമായിരുന്നിട്ടും രജനികാന്തിനെ തമിഴ് ആരാധകരും പിന്നീട് ഇന്ത്യ മുഴുവന്‍ നെഞ്ചിലേറ്റാന്‍ കാരണം അദ്ദേഹത്തിന്റെ അതുല്യമായ അഭിനയ ശൈലി തന്നെയാണ്. ഇന്നും രജനികാന്തിന്റെ അഭിനയ സ്റ്റെലിനെ അനുകരിക്കാന്‍ ആര്‍ക്കും പറ്റാത്ത അവസ്ഥയാണ്. അഭിനയിക്കുന്നത് രജനികാന്ത് ആണെങ്കില്‍ സ്‌ക്രീനില്‍ അദ്ദേഹം ചെയ്യുന്നത് എന്തും ജനം ആസ്വദിക്കാന്‍ തുടങ്ങി. 1978 ല്‍ പുറത്തിറങ്ങിയ ഭൈരവി എന്ന സിനിമയിലൂടെയാണ് അദ്ദേഹം നായക വേഷം ചെയ്യുന്നത്. പിന്നീട് രജനികാന്ത് എന്ന നടന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തമിഴ് മണ്ണില്‍ വളര്‍ന്ന് രാജ്യത്തൊട്ടാകെ ആരാധക ശ്യംഖല സൃഷ്ടിച്ച രജനീകാന്ത് വിസ്മയമായി മാറുകയായിരുന്നു.
സാധാരണക്കാരനില്‍ നിന്ന് സൂപ്പര്‍ സ്റ്റാറിലേക്ക്
1950 ഡിസംബര്‍ 12 നാണ് ശിവാജി റാവു ഗെയ്ക്വാദ് എന്ന രജനികാന്ത് ജനിച്ചത്. സിനിമ ജീവിതം തുടങ്ങുന്നതിന് മുന്‍പ് ബസ് കണ്ടക്ടര്‍ റോളിലും അദ്ദേഹം പ്രവര്‍ത്തിച്ചത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. ഒരുപക്ഷെ ജനം രജനികാന്തിനെ തങ്ങളില്‍ ഒരാളായി കാണാന്‍ തന്ന കാരണം അദ്ദേഹത്തിന്റെ ഈ ഒരു പശ്ചാത്തലം ആയിരിക്കാം. കണ്ടക്ടര്‍ ആയിരിക്കുമ്പോള്‍ തന്ന തന്റെ വ്യത്യസ്തമായ ശൈലികള്‍ കൊണ്ട് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലേക്കുള്ള വരവ് തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിയത്. 1973-ല്‍ അദ്ദേഹം മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. 1975 ല്‍ സംവിധായകന്‍ കെ. ബാലചന്ദറിനെ കണ്ടുമുട്ടിയതാണ് രജനികാന്തിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. അദ്ദേഹത്തിന്റെ സംവിധാനത്തിലാണ് അപൂര്‍വരാഗങ്ങള്‍ രജനികത്തിന്റെ ആദ്യത്തെ സിനിമ പുറത്തിറങ്ങുന്നത്. വില്ലന്‍ വേഷങ്ങളും സഹനായക വേഷങ്ങളും ചെയ്യുമ്പോള്‍ തന്ന രജനി തന്റെ സ്‌റ്റൈല്‍ കൊണ്ട് പ്രേക്ഷകരെ ആരാധകരാക്കി മാറ്റിയിരുന്നു. നായകനായതോടെ സീന്‍ ആകെ മാറി. രജനികാന്ത് സിഗരറ്റ് കത്തിക്കുന്ന രീതിയും നടത്തവും അദ്ദേഹത്തിന്റെ ട്രേഡ്മാര്‍ക് ആയി മാറി. ആദ്യകാല ഹിറ്റ് സിനിമകളായ മുള്ളും മലരും, ബില്ല, മൂന്നു മുഖം സിനിമകള്‍ രജനികാന്തിന്റെ നായക പദവിയെ അരക്കിട്ട് ഉറപ്പിച്ചു.
ഉയര്‍ച്ചയുടെ പടവുകള്‍
ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം നേടിയെങ്കിലും ആദ്യ കാലത്ത് സൂപ്പര്‍സ്റ്റാര്‍ എന്ന പദവി ഉപയോഗിക്കാന്‍ രജനികാന്ത് കൂട്ടാക്കിയില്ല. തന്നെക്കാള്‍ മുതിര്‍ന്ന എം ജി ആര്‍, ശിവാജി ഗണേശന്‍, തുടങ്ങിയ നടന്മാര്‍ ഉള്ളപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ പദവി തലയില്‍ വയ്ക്കാന്‍ രജനികാന്ത് തയ്യാറായില്ല. 90കള്‍ക്ക് ശേഷമാണ് അദ്ദേഹം ആ പദവി ഉപയോഗിക്കാന്‍ തുടങ്ങിയത്. അപ്പോഴേക്കും ആരാധകര്‍ക്കിടയില്‍ രജനികാന്ത് ഒരു വികാരമായി മാറിയിരുന്നു. 1991 ല്‍ പുറത്തിറങ്ങിയ ദളപതി എന്ന സിനിമ രജനികാന്തിന്റെ സൂപ്പര്‍സ്റ്റാര്‍ പദവിയെ ഉറപ്പിക്കുന്ന ഒന്നായി മാറി. 1995 ല്‍ പുറത്തിറങ്ങിയ ബാഷ, മുത്തു, 1997 ലെ അരുണാചലം 1999 ലെ പടയപ്പ എന്നിവ വന്‍വിജയങ്ങളായി. അപ്പോഴേക്കും ആര്‍ക്കും എത്താന്‍ പറ്റാത്ത ഉയരത്തില്‍ രജനികാന്ത് എത്തിയിരുന്നു. എന്നാല്‍ 2002 ല്‍ അദ്ദേഹം കഥ എഴുതി നിര്‍മിച്ച ബാബ എന്ന സിനിമയുടെ പരാജയം അദ്ദേഹത്തെ ഞെട്ടിച്ച ഒന്നാണ്.
പിന്നീട് 3 വര്‍ഷത്തോളം സിനിമയില്‍ നിന്നും വിട്ടു നിന്ന അദ്ദേഹം 2005ല്‍ ചന്ദ്രമുഖി എന്ന ചിത്രവുമായാണ് മടങ്ങി വന്നത്. വന്‍ വിജയമായിരുന്ന ആ സിനിമ മലയാള ചിത്രമായ മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ആയിരുന്നു. 2007ല്‍ ഇന്ത്യന്‍ സിനിമയില്‍ തന്ന മറ്റൊരു നാഴികകല്ല് പിന്നിടാന്‍ രജനികാന്തിനായി. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായി 100 കോടി കളക്ഷന്‍ നേടുന്ന സിനിമ എന്ന ചരിത്രം ശിവാജി എന്ന അദ്ധേഹത്തിന്റെ സിനിമ കുറിച്ചു. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്ന സിനിമയ്ക്ക് യാദൃശ്ചികമെങ്കിലും അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് തന്ന ഉപയോഗിച്ചത് കാലത്തിന്റെ കാവ്യനീതി എന്ന് തന്ന പറയാം.
അവിടെയും തീര്‍ന്നില്ല രജനികാന്ത് എന്ന വിസ്മയം. 2010ല്‍ എന്തിരന്‍ എന്ന സയന്‍സ് ഫിക്ഷന്‍ സിനിമയുമായി വന്ന് പ്രേകഷകരെ വീണ്ടും ത്രസിപ്പിക്കാന്‍ അദ്ദേഹത്തിനായി. സിനിമ ആ വര്‍ഷത്തെ വലിയ വിജയമായി. കൊച്ചടയാന്‍ എന്ന അനിമേഷന്‍ സിനിമയും അദ്ദേഹം ചെയ്തെങ്കിലും പരാജയം രുചിച്ചു. പിന്നെയും സിനിമകള്‍ ചെയ്തെങ്കിലും കബാലി, പേട്ട, ജയിലെര്‍ എന്നീ സിനിമകളാണ് രജനികാന്തിനെ വീണ്ടും മാറിയ തമിഴ് സിനിമയുടെ തലപ്പത്തു വീണ്ടും എത്തിച്ചത്. അപൂര്‍വരാഗം സിനിമയില്‍ ആരംഭിച്ച അദ്ദേഹത്തിന്റെ സിനിമ യാത്ര വേട്ടയ്യന്‍ എന്ന സിനിമ വരെ എത്തി നില്‍ക്കുന്നു. കൂലി ആണ് അദ്ദേഹത്തിന്റെ ആയി വരാനിരിക്കുന്ന സിനിമ.
രാഷ്ട്രീയം
സിനിമയ്ക്ക് പുറത്ത് അറിയപ്പെടുന്ന ഒരു മനുഷ്യ സ്നേഹി കൂടിയാണ് രജനികാന്ത്. ആത്മീയതയില്‍ അദ്ദേഹത്തിനുള്ള താല്പര്യം പ്രശസ്തമാണ്. ആത്മീയതയില്‍ അദ്ദേഹത്തിനുള്ള താല്പര്യമാണ് ബാബ എന്ന സിനിമയുടെ തന്ന പിറവിക് കാരണം. സജീവ രാഷ്ട്രീയത്തില്‍ വരാനും രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിക്കാനും അദ്ദേഹം ആഗ്രഹിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. അന്താരാഷ്ട്ര തലത്തിലും രജനികാന്ത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മുത്തു എന്ന അദ്ദേഹത്തിന്റെ സിനിമ ജപ്പാനില്‍ വലിയ വിജയമായിരുന്നു. 1981ല്‍ ലതയെ അദ്ദേഹം ജീവിത സഖിയാക്കി. ഐശ്വര്യ, സൗന്ദര്യ എന്നിവര്‍ അദ്ദേഹത്തിന്റെ മക്കളാണ്. കരിയറില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയ രജനികാന്തിനെ രാജ്യം പദ്മഭൂഷണും പദ്മവിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്.