Movie News

ലക്കി ഭാസ്കറിന്റെ ലക്ക് തുടരുന്നു ! ഒ.ടി.ടി റിലീസിന് ശേഷവും തിയേറ്റർ പൂരപ്പറമ്പ്

ദുൽഖർ സൽമാൻ നായകനായി എത്തിയ ‘ലക്കി ഭാസ്കർ’ സിനിമ കുതിപ്പ് തുടരുകയാണ്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും അടിപൊളി ചിത്രം ആണെന്നാണ് ആരാധകരുടെ അഭിപ്രായം. ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തിയത്. ലക്കി ഭാസ്‍കര്‍ സിനിമ ഇപ്പോഴും ഒടിടിയില്‍ ഇന്ത്യൻ ട്രെൻഡാണ്. ചിത്രം ഒടിടിയില്‍ എത്തിയെങ്കിലും തിയേറ്ററിലും പ്രദർശനം തുടരുന്നുണ്ട്. തിയേറ്ററിൽ നിറഞ്ഞ സദസിൽ സിനിമ പ്രദർശനം തുടരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റിലീസ് ചെയ്ത് മുപ്പത്തിയഞ്ച് ദിവസങ്ങളോളം പിന്നിട്ടിട്ടും ചിത്രത്തിന്റെ തമിഴ് വേർഷന് ചെന്നൈയിലെ തിയേറ്ററുകളിൽ പ്രേക്ഷകർ എത്തുന്നുണ്ട്. പുഷ്പ 2 ഇപ്പോൾ തിയേറ്ററിൽ തകർത്തോടുമ്പോഴും ലക്കി ഭാസ്കറിന് പിടിച്ചുനിൽകാനാകുന്നത് വലിയ നേട്ടമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. സിനിമ ഇതിനകം തമിഴ്‌നാട്ടിൽ നിന്ന് 15 കോടിയിലധികം രൂപ നേടിയതായി റിപ്പോർട്ടുകൾ ഉണ്ട്. തമിഴ്നാട്ടിൽ നിന്നും ദുൽഖറിന്റെ ഏറ്റവും ഉയർന്ന കളക്ഷനാണിത്. ആഗോളതലത്തില്‍ 111 കോടി രൂപയിലധികം നേടിയിട്ടുണ്ട്.

1980-1990 കാലഘട്ടത്തിലെ കഥയാണ് ‘ലക്കി ഭാസ്‌കർ’ പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്. നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ തെന്നിന്ത്യൻ സിനിമ എന്ന റെക്കോർഡും ലക്കി ഭാസ്കർ സ്വന്തമാക്കി. സിനിമ ഇതിനകം നെറ്റ്ഫ്ലിക്സിൽ 5.1 മില്യൺ വ്യൂസാണ് നേടിയിരിക്കുന്നത്. തെലുങ്കിൽ ലക്കി ഭാസ്കറിന്റെ വിജയത്തോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്.

വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആണ് ലക്കി ഭാസ്‍കര്‍. മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറില്‍ ആണ്. ശബരിയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പിആര്‍ഒ. കിംഗ് ഓഫ് കൊത്തയാണ് മലയാളത്തില്‍ ഒടുവില്‍ ദുല്‍ഖറിന്റേതായെത്തിയത്. വലിയ ഹൈപ്പിൽ എത്തിയെങ്കിലും പ്രേക്ഷക പ്രീതി പിടിച്ചുപറ്റാൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല.