15 വർഷം നീണ്ട പ്രണയത്തിന് ഒടുവിലാണ് നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായത്. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്, ഒന്നിച്ച് പഠിച്ചവരാണ്. പഠനകാലത്തെ പരിചയവും പിന്നീട് മൊട്ടിട്ട പ്രണയവുമാണ് വിവാഹത്തിലേക്ക് എത്തിയത്. 2008-09 കാലത്ത് കീര്‍ത്തിയുടെ സ്കൂള്‍ പഠന സമയത്താണ് ഇരുവരും പരിചയപ്പെടുന്നത്. അക്കാലത്ത് ആന്‍റണി കോളജ് വിദ്യാര്‍ഥിയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം അതീവ രഹസ്യമായിരുന്നു. അടുത്തിടെ വന്ന ചർച്ചകൾക്ക് പിന്നാലെ കീർത്തി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആന്റണി തട്ടിലിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രണയ വിവരം പുറത്ത് അറിയിക്കുന്നത്. അന്നുമുതൽ വിവാഹ നാളിനായുള്ള ആരാധകരുടെ കാത്തിരിപ്പായിരുന്നു.
സിനിമാ മേഖലയുമായി യാതൊരു ബന്ധവും ആന്റണി തട്ടിലിന് ഇല്ല. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്. ദുബായ് ആസ്ഥാനമായുള്ള വ്യവസായിയും കൊച്ചി സ്വദേശിയുമാണ് ആന്റണി. എന്‍ജിനയറിങ് ബിരുദധാരിയായ ആന്‍റണി നേരത്തെ ഖത്തറില്‍ ജോലി ചെയ്തിരുന്നു. ഈ ജോലി വിട്ട ശേഷമാണ് കൊച്ചിയില്‍ ബിസിനസ് ആരംഭിക്കുന്നത്. വെനീഷ്യന്‍ ബ്ലിന്‍ഡ്, വിന്‍ഡോ സൊല്യൂഷന്‍ എന്നിവയില്‍ സ്പെഷ്യലൈസ് ചെയ്ത അസ്പെറോസ് എന്ന കമ്പനിയും അദ്ദേഹത്തിനുണ്ടെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാലതാരമായി അഭിനയ ലോകത്തേക്ക് വന്ന കീര്‍ത്തി സുരേഷ്, ഗീതാഞ്ജലി എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെയാണ് നായികയായി വന്നത്. തുടര്‍ന്ന് തമിഴകത്തേക്ക് ചേക്കേറിയ കീര്‍ത്തി അവിടെ ഭാഗ്യ നായികയായി മാറുകയായിരുന്നു. മഹാനടി എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും കീർത്തി സുരേഷ് സ്വന്തമാക്കി. ഇന്ന് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം താരമൂല്യമുള്ള നടിയായി കീര്‍ത്തി വളര്‍ന്നു കഴിഞ്ഞു. വരുണ്‍ ധവാനൊപ്പം അഭിനയിക്കുന്ന ബേബി ജോണ്‍ ആണ് കീര്‍ത്തിയുടെ അടുത്ത റിലീസിങ് ചിത്രം. നടിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ബേബി ജോണ്‍ ഡിസംബര്‍ 25 ന് തിയേറ്ററുകളിലെത്തും.