മഞ്ഞിന്റെ കുളിരും തണുപ്പും എല്ലാം സുഖമാണെങ്കിലും മഞ്ഞുകാലം ചർമ്മത്തിന് അത്ര നല്ല സമയമല്ല. അന്തരീക്ഷത്തിലെ ഈർപ്പം താഴ്ന്നത് കൊണ്ട് ചർമം വരണ്ടു പോകാനും ചർമ്മത്തിൽ പല പ്രശ്നങ്ങളുണ്ടാകാനും സാധ്യത ഏറെയാണ്.
പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ മാറ്റം കൊണ്ട് ചർമ്മത്തിന് ഏറെ ബുദ്ധിമുട്ടുകൾ സംഭവിക്കും ചുവന്ന പാടുകളും വരൾച്ചയും ചൊറിച്ചിലും ഒക്കെ ഈ കാലാവസ്ഥയിൽ സ്വാഭാവികമാണ്. നല്ല ഗുണമേന്മയുള്ള മോയിസ്റൈസറുകൾ ഉപയോഗിച്ച് ചർമ്മത്തെ പരിരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നന്നായി വെള്ളം കുടിച്ച് ചർമം ഹൈഡ്രേറ്റ് ആയി വയ്ക്കുന്നതും ഈ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. ഇരട്ടിമധുരം ഇട്ടു തിളപ്പിച്ച കാപ്പി ചക്കരയോ കൽക്കണ്ടമോ ചേർത്ത് മഞ്ഞുകാലത്ത് കുടിക്കുന്നത് മുതിർന്നവർക്കും കുഞ്ഞുങ്ങൾക്കും ചർമ്മത്തിൽ ചൊറിച്ചിൽ വരാതെ തടയുന്നതിനുള്ള മാർഗമാണ്. ഇത് ചർമ്മത്തിന്റെ പ്രതിരോധശേഷി കൂട്ടുകയും ചെയ്യും.
മഞ്ഞുകാലത്ത് ചർമ്മ സംരക്ഷണം പ്രധാനമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മഞ്ഞുകാലത്ത് സൗന്ദര്യം വീട്ടിൽ തന്നെ വെച്ച് കാത്തുസൂക്ഷിക്കാം. ഇതിനായി വീട്ടിൽ തന്നെ തയ്യാറാക്കുന്ന സൗന്ദര്യ കൂട്ടുകൾ പരിചയപ്പെടാം.
വാഴപ്പഴം ഉടച്ച് അതിലേക്ക് ഒരു സ്പൂൺ പാൽപ്പാടയും ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കൈയിലും കാലിലും പുരട്ടുക 20 മിനിറ്റിനുശേഷം ഇത് കഴുകി കളയാം. ചർമ്മത്തിലെ ജലാംശം നിലനിർത്തി ചർമം സുന്ദരമാക്കാൻ ഈ പാക്ക് നിങ്ങളെ സഹായിക്കും.
നല്ല ഗുണമേന്മയുള്ള ഒരു സ്പൂൺ തേനും ഒരു സ്പൂൺ റോസ് വാട്ടറും യോജിപ്പിച്ച് ഇത് ചർമ്മത്തിൽ പുരട്ടാം. 10 മിനിറ്റിനുശേഷം ഇത് ചൂടുവെള്ളത്തിൽ കഴുകി കളയാം. ചർമ്മം വരൾച്ച അകറ്റി ചർമം കൂടുതൽ മൃദുലവും സുന്ദരവുമാക്കാൻ വേണ്ടി ഈ മിശ്രിതം സഹായിക്കും.
ഒരു ക്യാരറ്റ് എടുത്ത് തൊലി കളഞ്ഞതിനുശേഷം അത് മിക്സിയിലേക്കിട്ട് അടിച്ചെടുത്ത് അതിലേക്ക് ഒരു സ്പൂൺ തേൻ ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം ചർമ്മത്തിൽ നന്നായി പുരട്ടി മസാജ് ചെയ്തതിനുശേഷം 15 മിനിറ്റിനുള്ളിൽ കഴുകിക്കളയാം. ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റാനായി ഈ പാക്ക് നിങ്ങളെ സഹായിക്കും.
മുട്ടയുടെ വെള്ള ചർമ്മത്തിന് വളരെ നല്ലതാണ്. അതുപോലെ തന്നെയാണ് ഒലിവ് ഓയിലും ഇവ രണ്ടുംകൂടി യോജിപ്പിച്ച് ചർമ്മത്തിൽ പുരട്ടുക നന്നായി മസാജ് ചെയ്തതിനുശേഷം 15 മിനിറ്റ് കഴിയുമ്പോൾ ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക.
പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാർഗമായ ഒന്നാണ് ഉരുളക്കിഴങ്ങ്. ഈ ഉരുളക്കിഴങ്ങ് വൃത്തിയാക്കി മിക്സിയിൽ അടിച്ച ശേഷം ഇതിലേക്ക് രണ്ടു സ്പൂൺ തൈര് ചേർക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടിയതിനുശേഷം 20 മിനിറ്റിനുള്ളിൽ കഴുകി കളയാം. ചർമ വരൾച്ച തടയാനും സൂര്യതാപം ഏറ്റുള്ള കരുവാളിപ്പ് മാറാനും ഇത് സഹായിക്കും.
STORY HIGHLIGHT: facepack for winter season