കഴിഞ്ഞ ഞായറാഴ്ചയായിരുന്നു താരദമ്പതിമാരായ ജയറാമിന്റേയും പാർവ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാമിന്റെ വിവാഹം. നീലഗിരി മസിനഗുഡി സ്വദേശിയും മോഡലുമായ തരിണി കലിംഗരായരാണ് കാളിദാസിന്റെ വധു. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു കാളിദാസ്- തരിണിക്ക് താലി ചാർത്തിയത്. ഇപ്പോഴും വിവാഹ ആഘോഷങ്ങൾ തകൃതിയായി നടക്കുകയാണ്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ കുടുംബത്തെ ആശിർവദിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി ഉൾപ്പെടെ എത്തിയിരുന്നു. ചെന്നെയിൽ നടന്ന വിവാഹ സത്ക്കാരത്തിൽ നിരവധി താരങ്ങളാണ് അണിനിരന്നത്. മലയാളത്തിലെയും തമിഴകത്തെയും ബോളിവുഡിലെയും താരങ്ങളുടെ നിറസാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു ഈ ചടങ്ങ്. മലയാളത്തിൽ നിന്നും നടി ഉർവശി ഭർത്താവ് ശിവപ്രസാദിനും മകൻ ഇഷാൻ പ്രജാപതിക്കും ഒപ്പം എത്തിച്ചേർന്നിരുന്നു. സിനിമാ ജീവിതത്തിന്റെ തുടക്കം മുതലേ താരജോഡികളായി അഭിനയിച്ച് പ്രേക്ഷക പ്രീതി നേടിയവരാണ് ജയറാമും ഉർവശിയും.
നടി പൂർണിമ ജയറാം ഭർത്താവ് ഭാഗ്യരാജിന്റെ ഒപ്പം വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു. ചടങ്ങിലേക്ക് ഓടിയെത്തി തന്റെ സാന്നിധ്യമറിയിച്ച മറ്റൊരു തമിഴ് ചലച്ചിത്ര താരം നടൻ കാർത്തി ആണ്. മലയാളത്തിലേക്കാളേറെ തമിഴിൽ സജീവമായി അഭിനയിക്കുന്ന നടനാണ് കാളിദാസ് ജയറാം എന്നതിനാൽ തമിഴകത്ത് നിന്നും നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കുചേർന്നു. ബേബി ശാലിനിയായി മലയാളികളുടെ പ്രിയങ്കരിയായിരുന്ന ശാലിനിയും ചടങ്ങിൽ എത്തിയിരുന്നു. മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയും ഇരുവരെയും ആശിർവദിച്ചു. മോഹൻലാൽ കുടുംബത്തെ പ്രതിനിധീകരിച്ച് ഭാര്യ സുചിത്ര മോഹൻലാൽ വിവാഹ സൽക്കാരത്തിൽ വന്നുചേർന്നു.
ചെന്നൈയിൽ താമസമാക്കിയ താരങ്ങളാണ് കൂടുതലും ചടങ്ങിലേക്ക് എത്തിച്ചേർന്നത്. മുതിർന്ന നടൻ മണിരത്നവും ഭാര്യ സുഹാസിനിയും വിരുന്നിൽ പങ്കെടുത്ത അതിഥികളിൽ ഉൾപ്പെടുന്നു. മണിരത്നത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പൊന്നിയിൻ സെൽവനിൽ ജയറാം ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. മലയാള സിനിമയിലെ മുൻകാല നായിക നടി കൂടിയാണ് സുഹാസിനി. നടി ശോഭനയും ബോളിവുഡ് നടൻ ജാക്കി ഷ്റോഫും ആണ് പങ്കെടുത്ത മറ്റു രണ്ടു താരങ്ങൾ.
കഴിഞ്ഞ നവംബറിൽ ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും തരിണി കരിംഗരായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ തരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.