ലേഡി സൂപ്പർ സ്റ്റാർ എന്ന ടൈറ്റിലിനോട് തനിക്ക് ഭയമുണ്ടെന്ന് നടി നയൻതാര. അതിന്റെ പേരിൽ താൻ ഒരുപാട് തിരിച്ചടികൾ നേരിട്ടിട്ടുണ്ടെന്ന് താരം പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. ‘കഴിഞ്ഞ കുറച്ച് വർഷങ്ങളായി തന്റെ സിനിമകളിൽ ലേഡി സൂപ്പർസ്റ്റാറെന്ന് എഴുതി കാണിക്കരുതെന്ന് നിരന്തരമായി നിർമാതാക്കളോടും സംവിധായകരോടും യാചിച്ചുകൊണ്ടിരിക്കുകയാണെന്ന് നയൻതാര പറയുന്നു. ലേഡി സൂപ്പർ സ്റ്റാറെന്ന ടൈറ്റിൽ തന്നെ ഒരു വിവാദമാണ്. ഇതിന്റെ പേരിൽ മാത്രം എനിക്കുണ്ടായ തിരിച്ചടികൾ അവിശ്വസനീയമാണ്. കഴിഞ്ഞ അഞ്ച്, ആറ് വർഷമായി എൻ്റെ നിർമ്മാതാക്കളോടും സംവിധായകരോടും എന്റെ സിനിമകളിൽ ടൈറ്റിൽ കാർഡ് ഇടരുതെന്ന് ഞാൻ പറയുന്നുണ്ട്. എന്തിന് യാചിക്കുന്നുണ്ടെന്ന് തന്നെ പറയാം. കാരണം എനിക്ക് ഭയമാണ്’.
എൻ്റെ കരിയർ ആ ശീർഷകത്താൽ നിർവചിക്കപ്പെടുന്നില്ല. അത് എനിക്ക് ഒന്നും അർത്ഥമാക്കുന്നില്ല. ഒരുപക്ഷെ കുറച്ച് ആളുകൾക്ക് എന്നോട് സ്നേഹവും ബഹുമാനവും ഉള്ളതുകൊണ്ടായിരിക്കാം അങ്ങനെ വിശേഷിപ്പിക്കുന്നത്. ഞാൻ ഏറ്റവും മികച്ച അഭിനേത്രിയോ പെർഫോമറോ ഒന്നും ആയിരിക്കില്ല. പക്ഷെ എന്നെ മാറ്റി നിർത്തുന്നത് അനീതിയാണ്. വിജയിച്ച ഒരു സ്ത്രീയെ കാണുമ്പോൾ എന്താണ് ഒരു വിഭാഗം ആളുകൾക്ക് പ്രശ്നമെന്ന് മനസിലാക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. എനിക്ക് വരുന്ന വെറുപ്പിനെ സന്തോഷവും സങ്കടവും സമന്വയിപ്പിച്ചാണ് ഞാൻ സ്വീകരിക്കുന്നത്. സ്ത്രീകൾ അതത് മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത് കാണുമ്പോൾ അത് എനിക്ക് ഉണ്ടായ വിജയം എന്നതുപോലെയാണ് ഞാൻ നോക്കി കാണാറുള്ളതെന്നും നയൻതാര പറയുന്നു.
നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യൂമെന്ററി ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ നടിയുടെ പ്രോജെക്ട്. നയൻതാരയുടെ കരിയറിന്റെ ആരംഭത്തിൽ തുടങ്ങി വിഘ്‌നേശ് ശിവനുമായുള്ള വിവാഹം വരെയുള്ള സംഭവങ്ങളാണ് ഡോക്യൂമെന്ററിയിൽ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് ഡോക്യൂമെന്ററിക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. അമിത് കൃഷ്ണൻ ആയിരുന്നു ഡോക്യൂമെന്ററി സംവിധാനം ചെയ്തത്.