Movie News

വമ്പൻ തിരിച്ചുവരവിനൊരുങ്ങി ചിയാൻ വിക്രം, അടുത്ത ചിത്രം മാവീരൻ സംവിധായകനൊപ്പം

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് വിക്രം. സഹനടനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും കരിയര്‍ ആരംഭിച്ച നടനാണ് വിക്രം. ബാല സംവിധാനം ചെയ്ത സേതുവാണ് വിക്രമിന്റെ കരിയര്‍ മാറ്റിമറിച്ചത്. കൊമേഷ്സ്യല്‍ സിനിമകളിലൂടെയും കണ്ടന്റ് വാല്യൂവുള്ള സിനിമകളിലൂടെയും തമിഴിലെ മുന്‍നിരയിലേക്ക് അതിവേഗം നടന്നുകയറുന്ന വിക്രമിനെയാണ് പിന്നീട് കാണാന്‍ സാധിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അത്ര നല്ല സമയമല്ല വിക്രമിന്. മോശം സിനിമകളും ബോക്സ് ഓഫീസിലെ പരാജയങ്ങളും വിക്രമിലെ അഭിനേതാവിന് വലിയ ക്ഷതമാണ് ഉണ്ടാക്കിയത്. എന്നാൽ വമ്പൻ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. വീര ധീര സൂരന് ശേഷം ഒരുങ്ങുന്ന വിക്രമിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു.

മണ്ടേല, മാവീരൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധനേടിയ മഡോൺ അശ്വിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ചിയാൻ വിക്രം നായകനാകും. വിക്രത്തിന്റെ 63ാം സിനിമയാകുമിത്. മാവീരൻ നിർമിച്ച അരുൺ വിശ്വയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. വിക്രം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണിത്. ആദ്യ രണ്ട് സിനിമകള്‍ കൊണ്ടു തന്നെ തമിഴ് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ സംവിധായകനാണ് അശ്വിൻ. 2021ൽ യോഗി ബാബുവിനെ നായകനാക്കി അശ്വിൻ സംവിധാനം ചെയ്ത മണ്ടേല എന്ന ചിത്രം രണ്ട് ദേശീയ അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ വർഷം ശിവകാർത്തികേയനെ നായകനാക്കി ഒരുക്കിയ ഫാന്റസി ചിത്രം മാവീരനും ബോക്സ്ഓഫിസിൽ വിജയമായിരുന്നു.

എസ് യു അരുൺകുമാർ സംവിധാനം ചെയ്ത വീര ധീര സൂരൻ ആണ് ഇനി പുറത്തിറങ്ങാനുള്ള വിക്രം സിനിമ. ‘ചിത്താ’ എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.