ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമാ ചരിത്രത്തിലെ വമ്പൻ തിരിച്ചു വരവിന്റെ വർഷമായാണ് 2024നെ എല്ലാവരും വിശേഷിപ്പിച്ചത്. തുടരെ തുടരെ ഹിറ്റ് ചിത്രങ്ങൾ പുറത്തിറങ്ങിയ വർഷം. ഇറങ്ങിയ മിക്ക ചിത്രങ്ങളും മലയാളത്തിലേതു പോലെ തന്നെ മറ്റ് ഭാഷകളിലും സൂപ്പർ ഹിറ്റായിരുന്നു. വലുതും ചെറുതുമായ നിരവധി സിനിമകളാണ് ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ട്ടിച്ചത്. ഇപ്പോഴിതാ 2024 ലെ ജനപ്രിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രശസ്ത സിനിമ വെബ്സൈറ്റ് ആയ ഐഎംഡിബി. മലയാളം, തമിഴ്, ഹിന്ദി സിനിമകൾ ഉൾപ്പെടുന്ന ആദ്യ പത്ത് സിനിമകളുടെ ലിസ്റ്റ് ആണ് ഐഎംഡിബി പുറത്തുവിട്ടത്.
ഐഎംഡിബി പുറത്തുവിട്ട ലിസ്റ്റിൽ ആദ്യ പത്തിൽ മലയാളത്തിന്റെ അഭിമാനമായി ഇടം നേടിയിരിക്കുന്നത് മഞ്ഞുമ്മൽ ബോയ്സ് സിനിമയാണ്. ഏഴ് ബോളിവുഡ് സിനിമകളും ഒന്ന് വീതം മലയാളം, തമിഴ്, തെലുങ്ക് സിനിമകളാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്ത് പ്രഭാസ്, ദീപിക പദുകോൺ, അമിതാഭ് ബച്ചൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫാന്റസി മിത്തോളജിക്കൽ ചിത്രമായ ‘കൽക്കി’ ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയ സിനിമയായ ‘സ്ത്രീ 2’ ആണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ള സിനിമ. രാജ്‌കുമാർ റാവു, ശ്രദ്ധ കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 600 കോടിയോളമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ചിത്രത്തിന്റെ ആദ്യ ഭാഗം സ്ത്രീ 1 ഉം വലിയ വിജയം നേടിയ ചിത്രമായിരുന്നു. വിജയ് സേതുപതി നായകനായി എത്തി വലിയ വിജയം സ്വന്തമാക്കിയ ‘മഹാരാജ’യാണ് മൂന്നാം സ്ഥാനത്തുള്ള സിനിമ. മഹാരാജ ഇന്ത്യയ്ക്ക് പുറത്തും വലിയ സ്വീകാര്യത നേടിയ ചിത്രമായിരുന്നു. ലിസ്റ്റിലുള്ള ഏക തമിഴ് സിനിമയും മഹാരാജയാണ്. ഇപ്പോൾ ചൈനയിൽ ചിത്രം റിലീസ് ചെയ്തപ്പോഴും വലിയ കളക്ഷനാണ് അവിടെ നിന്നും സിനിമ നേടുന്നത്. ഇതോടെ സിനിമയുടെ ആഗോള കളക്ഷൻ 150 കോടിയായി. ശൈത്താൻ, ഫൈറ്റർ, ഭൂൽ ഭുലയ്യ 3, കിൽ, സിങ്കം എഗെയ്ൻ, ലാപതാ ലേഡീസ് എന്നിവയാണ് ലിസ്റ്റിൽ സ്ഥാനം പിടിച്ചിട്ടുള്ള മറ്റ് ഇന്ത്യൻ സിനിമകൾ.
മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ ആണ് ലിസ്റ്റിലുള്ള ഒരേയൊരു മലയാള സിനിമ. ആറാം സ്ഥാനത്താണ് സിനിമ സ്ഥാനം പിടിച്ചിരിക്കുന്നത്. മികച്ച അഭിപ്രായവും വലിയ കളക്ഷനും സ്വന്തമാക്കിയ സിനിമ 200 കോടിക്കും മുകളിൽ കളക്ഷൻ നേടിയാണ് തിയേറ്റർ വിട്ടത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ബാലു വര്‍ഗീസ്, ഗണമപതി, ദീപക് പറമ്പോള്‍, അഭിറാം രാധാകൃഷ്ന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. യഥാർഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.