നല്ല കട്ടിയുള്ള കറുത്ത കട്ടിയുള്ള കൺപീലികൾ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല അല്ലെ? നല്ല നീളവും ഭംഗിയുമുള്ള കൺപീലി മുഖത്തിന് പ്രത്യേകഭംഗി നൽകും. ചിലർ അതിനായി ആർട്ടിഫിഷ്യൽ കൺപീലികളും, മസ്കാരയുമൊക്കെ വച്ചാണ് അഡ്ജസ്റ്റ് ചെയ്യുന്നത്. ഇനി അത്തരം ചിലവുകളെക്കുറിച്ച് ഒന്നും നിങ്ങൾ ചിന്തിക്കേണ്ട. പരിഹാരം നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്.
ചർമത്തിനു മാത്രമല്ല മുടിക്കും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കറ്റാർവാഴ. ഇതിലെ എൻസൈമുകളും മറ്റ് പോഷകങ്ങളും മുടി പോകുന്നത് തടയാൻ വളരെയധികം സഹായിക്കും. കറ്റാർവാഴയുടെ ജെൽ എടുത്ത് നന്നായി ഉടച്ച ശേഷം കൈവിരലുകൾ ഉപയോഗിച്ച് കൺപ്പീലികൾ തേച്ച് പിടിപ്പിക്കാം. രാത്രിയിൽ കിടക്കുമ്പോൾ തേച്ച് രാവിലെ ഇത് കഴുകി കളയാം. തണുത്ത വെള്ളത്തിൽ വേണം കഴുകി കളയാൻ.
പീലികളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും വിറ്റാമിൻ–ഇ ഗുളികകൾ മികച്ച പോംവഴിയാണ്. ഇത് ഗുളികയായി വേണമെങ്കിൽ കഴിക്കാം. എന്നാൽ കഴിക്കുന്നതിനു പകരം വിറ്റാമിൻ ഇ ഓയിൽ ഉറങ്ങുന്നതിന് മുമ്പ് കൺപീലികളിൽ പുരട്ടുന്നതാവും കൂടുതൽ ഉചിതം. വിറ്റാമിൻ ഇ ഓയിൽ കിട്ടിയില്ലെങ്കിൽ ക്യാപ്സ്യൂളുകൾ പൊട്ടിച്ച് കിട്ടുന്ന എണ്ണയിൽ ഒരു ചെറിയ ബ്രഷ് മുക്കി കൺപീലികളിൽ തേച്ചാൽമതിയാകും. ഇത് ആഴ്ചയിൽ 3 തവണ വരെ ഉപയോഗിക്കാം.
നാരങ്ങയുടെ തൊലി മുടിയുടെ വളർച്ചയ്ക്ക് മികച്ചതാണ്. നാരങ്ങയുടെ തൊലി ആവണക്കെണ്ണയിലോ ഒലിവ് ഓയിലിലോ മുക്കി വെക്കുക. കുറച്ചു ദിവസങ്ങൾ ഇങ്ങനെ തന്നെ വയ്ക്കണം. ശേഷം ഈ എണ്ണ ഉറങ്ങുന്നതിനു മുമ്പ് കൺപീലികളിൽ പുരട്ടാം.
മുടിയുടെ കാര്യം ആലോചിക്കുമ്പോൾ ആദ്യം ഓർമവരുന്നത് ആവണക്കെണ്ണ തന്നെയാണ്. മുടി വളർത്താൻ ഏറ്റവും മികച്ചതാണ് ഇത്. ഇതിൽ അടങ്ങിയിരിക്കുന്ന റിസിനോലിക് ആസിഡിന് ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് കൺപീലികൾ വളർത്തിയെടുക്കാൻ സഹായിക്കും. ഇതിനായി 1 ടേബിൾ സ്പൂൺ ആവണക്കെണ്ണ കൺപ്പീലികളിൽ തേച്ച് പിടിപ്പിച്ച് അടുത്ത ദിവസം കഴുകി കളയണം. പെട്ടെന്ന് വളരട്ടെയെന്ന് കരുതി ഒന്നിലധികം ദിവസം ഇത് കണ്ണിൽ വയ്ക്കാൻ പാടില്ല. അത് പ്രതികൂല ഫലം ചെയ്യും.