തെന്നിന്ത്യൻ സൂപ്പർ താരവും താര സുന്ദരിയുമാണ് നയൻതാര. സിനിമാ രംഗത്ത് പിടിച്ചു നിൽക്കാൻ കാണിച്ച ആർജവവും ചെയ്തുവെച്ച കഥാപാത്രങ്ങൾ കൊണ്ടും പ്രേക്ഷക മനസിൽ പ്രത്യേക സ്ഥാനം തന്നെ താരത്തിനുണ്ട്. പ്രിയ താരത്തിന് ആരാധകർ നൽകിയ വിളിപ്പേരാണ് ലേഡി സൂപ്പർ സ്റ്റാർ എന്ന്. എന്നാൽ തന്റെ കരിയറിനെ നിർവചിക്കുന്ന ഒന്നല്ല ആ ടൈറ്റിൽ കാർഡ് എന്നാണ് നയൻതാര പറയുന്നത്. അങ്ങനെ ഒരു ടൈറ്റിൽ സിനിമകളിൽ വെയ്ക്കരുതെന്ന് നിർമ്മാതാക്കളോടും സംവിധായകരോടും താൻ കഴിഞ്ഞ അഞ്ചോ ആറോ കൊല്ലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണെന്നും താരം പറയുന്നു. ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി തനിക്ക് ബാദ്ധ്യതയാണെന്നാണ് നയൻതാര വ്യക്തമാക്കുന്നത്. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്‌ക്കു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
നയൻതാരയുടെ വാക്കുകൾ ഇങ്ങനെ
എന്റെ ജീവിതത്തിൽ ഉണ്ടായ മറ്റൊരു വിവാദമാണ് ലേഡി സൂപ്പർ സ്റ്റാർ എന്ന വിളിപ്പേര്. ഈ ടൈറ്റിൽ എനിക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ വിവരിക്കാൻ പോലും കഴിയില്ല. ഇത് എനിക്ക് ഒരു എക്സ്ട്രാ ബാഗേജ് ആണ്. കഴിഞ്ഞ അഞ്ചാറു വർഷമായി ഞാൻ എന്റെ എല്ലാ നിർമാതാക്കളോടും സംവിധായകരോടും പറയുന്നതാണ്, ദയവു ചെയ്ത ആ ടൈറ്റിൽ കാർഡ് ഇടരുതെന്ന്. ഞാൻ അക്ഷരാർത്ഥത്തിൽ അവരോട് അപേക്ഷിച്ചിട്ടുണ്ട്. കാരണം, എന്റെ കരിയറിൽ ഞാൻ അത് അർഹിക്കുന്നുണ്ടോ എന്ന് ഞാൻ ഭയപ്പെടുന്നു. ഞാൻ നിർവചിച്ച ഒരു വിളിപ്പേരല്ല, ഞാൻ ആരുടേയും സ്ഥാനം തട്ടിയെടുക്കാൻ ശ്രമിച്ചിട്ടുമില്ല. ഈ ടൈറ്റിലുകളൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, ആളുകൾക്ക് എന്നോട് ഉള്ള സ്നേഹവും ബഹുമാനവും ആയിരിക്കാം ഇത്തരത്തിൽ എന്നെ വിളിക്കാൻ ഇഷ്ടപ്പെടുന്നത് എന്നുള്ളതുകൊണ്ട് എനിക്ക് അത് തട്ടിക്കളയാനും കഴിയുന്നില്ല. എന്നെ അത്തരത്തിൽ ആരെങ്കിലും വിളിക്കുന്നത് കാണുമ്പോൾ പലർക്കും അസൂയ ഉണ്ടാകാറുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നുണ്ട്. പ്രത്യേകിച്ച് പുരുഷന്മാർക്ക് ഒരു സ്ത്രീ വിജയിച്ച് കാണുകയോ അല്ലെങ്കിൽ അവരെക്കാൾ ഉയർന്ന സ്ഥാനത്ത് എത്തി എന്നു തോന്നുമ്പോഴോ ഒരു തരം പക ഉണ്ടായി വരുന്നുണ്ടെന്ന് തോന്നാറുണ്ട്. വിജയിച്ച ഒരു സ്ത്രീയെ കാണുമ്പോൾ എന്താണ് ഇവർക്ക് പ്രശ്നം എന്ന് മനസിലാക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. പക്ഷേ, അതിനുത്തരം കിട്ടാറില്ല.