ദേശീയ-അന്തർദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള മലയാള ചലച്ചിത്ര സംവിധായകനും ക്യാമറാമാനുമാണ് ഷാജി എൻ കരുൺ. നിലവില്‍ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പമെന്റ് കോർപറേഷന്റെ ചെയര്‍മാനാണ്. ഇപ്പോഴിതാ ഷാജി എൻ കരുണിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായിക ഇന്ദു ലക്ഷ്മി. സിനിമാനയ രൂപീകരണ സമിതിയുടെ തലപ്പത്തേക്കുള്ള ഷാജി എൻ. കരുണിന്റെ നിയമനത്തിനെതിരായാണ് വിമർശനം. കഴിഞ്ഞ ദിവസം ഷാജി എൻ കരുൺ ഇന്ദുലക്ഷ്മിക്ക് ലീഗൽ നോട്ടീസ് അയച്ചിരുന്നു.പിന്നാലെയാണ് ഷാജി എൻ കരുണിന് എതിരെ സംവിധായിക രംഗത്ത് എത്തിയത്. ലീഗൽ നോട്ടീസിന്റെ ഫോട്ടോയ്ക്കൊപ്പമായിരുന്നു ഇന്ദുലക്ഷ്മിയുടെ സോഷ്യൽമീഡിയ പോസ്റ്റ്. വേട്ടക്കാരൻ ഇരയെ നിശബ്ദമായി കാത്തിരിക്കുകയായിരുന്നു എന്നാണ് ഇന്ദുലക്ഷ്മി കുറിച്ചത്.
ഇന്ദുലക്ഷ്മിയുടെ പോസ്റ്റ്
വേട്ടക്കാരൻ ഇരയെ കാത്തിരിക്കുന്നു… നിശബ്ദമായി…. ക്ഷമയോടെ… എന്നിട്ട് കുതിക്കുന്നു.
എന്നാൽ പ്രിയ വേട്ടക്കാരാ, നിങ്ങൾ ഇതുവരെ നിശബ്ദമാക്കിയ എല്ലാ സ്ത്രീകളിൽ നിന്നും വ്യത്യസ്തയാണ് ഞാൻ. പ്രിയ വേട്ടക്കാരാ, നീ കെടുത്താൻ പരമാവധി ശ്രമിച്ച ആ പ്രതീക്ഷയുടെ ജ്വാല ഇപ്പോഴും എൻ്റെ ഹൃദയത്തിലുണ്ട്. സംവിധായകന്റെ അഭിഭാഷകനിൽ നിന്ന് ഇന്നലെ എനിക്ക് ഈ നോട്ടീസ് ലഭിച്ചു. ഒരു വശത്ത് ഐഎഫ്എഫ്‌കെയിൽ സ്ത്രീ ശാക്തീകരണവും വനിത സംവിധായകരും ആഘോഷിക്കപ്പെടുമ്പോഴും അവസരങ്ങൾ നിഷേധിക്കാനുള്ള പരിശ്രമങ്ങൾ തുടരുന്നു. സിനിമാ നിർമ്മാണം എന്ന നിലയിൽ തുടങ്ങിയത് ഒരു യുദ്ധത്തിൽ കലാശിച്ചത് ഖേദകരമാണ്. എനിക്കായി പോരാടാൻ എൻ്റെ വാക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഐഎഫ്എഫ്‌കെയുടെ മത്സര വിഭാഗത്തിൽ എൻ്റെ രണ്ടാമത്തെ ചിത്രം ഇടം നേടിയത് അവർക്കൊരു കയ്‌പേറിയ അമ്പരപ്പുണ്ടാക്കിയിരിക്കണം. ആ സെലക്ഷനിൽ നിന്നും എന്റെ സിനിമയെ മാറ്റാൻ അദ്ദേഹത്തിന് ഒന്നും ചെയ്യാനാവില്ല. എനിക്ക് ഇനിയൊരു സിനിമ ചെയ്യാൻ കഴിയില്ലെന്ന് തെളിയിക്കാനും അദ്ദേഹത്തിന് കഴിയില്ല. അതിനാൽ സാധ്യമായ അടുത്ത ഏറ്റവും മികച്ച കാര്യം ഇതാണ്. നിശ്ശബ്ദവും മൃദുവായതും ലിബറൽ മുഖംമൂടികൾക്കും പിന്നിൽ അത്തരം അസഹിഷ്ണുതകൾ മറഞ്ഞിരിക്കുന്നുവെന്ന് പറയാനാണ് ഈ പോസ്റ്റ്.