29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി 50 ലോക ചലച്ചിത്രാചാര്യന്‍മാര്‍ക്ക് ആദരമര്‍പ്പിച്ചുള്ള ‘സിനിമ ആല്‍ക്കെമി: എ ഡിജിറ്റല്‍ ആര്‍ട്ട് ട്രിബ്യൂട്ട്’ എക്സിബിഷന് നാളെ തുടക്കമാകും. പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ ടി.കെ. രാജീവ് കുമാര്‍ ക്യൂറേറ്ററാകുന്ന പ്രദര്‍ശനത്തില്‍ കലാസംവിധായകനും ചലച്ചിത്രകാരനുമായ റാസി മുഹമ്മദിന്റെ 50 ഡിജിറ്റല്‍ പെയിന്റിങ്ങുകള്‍ പ്രദര്‍ശിപ്പിക്കും. രാവിലെ 11നു മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് ഐ.എഫ്.എഫ്.കെയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ജേതാവ് ആന്‍ ഹുയി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ പങ്കെടുക്കും.
അകിര കുറൊസാവ, അലന്‍ റെനെ, ആല്‍ഫ്രഡ് ഹിച്ച്‌കോക്ക്, തര്‍ക്കോവ്‌സ്‌കി, അടൂര്‍ ഗോപാലകൃഷ്ണന്‍, ജി. അരവിന്ദന്‍, കെ.ജി. ജോര്‍ജ്, ആഗ്‌നസ് വര്‍ദ, മാര്‍ത്ത മെസറോസ്, മീര നായര്‍ തുടങ്ങി 50 ചലച്ചിത്ര പ്രതിഭകള്‍ക്ക് ആദരമര്‍പ്പിക്കുന്ന പ്രദര്‍ശനം ഡിജിറ്റല്‍ ചിത്രകലയും ചലച്ചിത്രകലയും സമന്വയിക്കുന്ന അപൂര്‍വ ദൃശ്യവിരുന്നാകും. ഓരോ ചലച്ചിത്രാചാര്യന്‍മാരുടെയും സവിശേഷമായ സിനിമാസമീപനത്തെക്കുറിച്ച് ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ പകരുന്ന പ്രദര്‍ശനത്തില്‍ സറിയലിസത്തിന്റെയും ഹൈപ്പര്‍ റിയലിസത്തിന്റെയും ദൃശ്യസാധ്യതകള്‍ സമര്‍ത്ഥമായി സംയോജിപ്പിച്ചിരിക്കുന്നു. സിനിമയെ സാമൂഹിക പരിവര്‍ത്തനത്തിനുള്ള ഉപാധിയാക്കിയ ചലച്ചിത്രപ്രതിഭകളെയാണ് ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ക്യുറേറ്റര്‍ ടി.കെ രാജീവ് കുമാര്‍ പറഞ്ഞു.