ന്യൂഡല്‍ഹി: നടന്‍ അല്ലു അര്‍ജുന്റെ അറസ്റ്റില്‍ പ്രതികരണവുമായി സിനിമ താരങ്ങള്‍. അറസ്റ്റിനെ ബോളിവുഡ് താരം വരുണ്‍ ധവാന്‍ അപലപിച്ചു. സുരക്ഷാ മുന്‍കരുതകള്‍ ഒരു നടന്റെ മാത്രം ഉത്തരവാദിത്വമാണെന്ന് പറയാന്‍ കഴിയില്ലെന്ന് വരുണ്‍ ധവാൻ പറഞ്ഞു. ബേബി ജോണ്‍ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനിടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“സുരക്ഷാ മുന്‍കരുതലുകള്‍ ഒരു നടന്റെ മാത്രം ഉത്തരവാദിത്വമാണെന്ന് പറയാന്‍ കഴിയില്ല. ചുറ്റുമുള്ളവരെ നമ്മള്‍ക്ക് ബോധവത്കരിക്കാം, എന്നാല്‍ കുറ്റം ഒരാളുടെ മേല്‍ മാത്രം ചാര്‍ത്തുന്ന സാഹചര്യമുണ്ടാകരുത്”, വരുണ്‍ ധവാന്‍ വ്യക്തമാക്കി.
തന്റെ സിനിമയുടെ ഷൂട്ടിങ് നിര്‍ത്തിവെച്ചായിരുന്നു നടനായ ചിരഞ്ജീവി പ്രതികരിച്ചത്. വിശ്വംഭര എന്ന തന്റെ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിയ ചിരഞ്ജീവി അല്ലു അര്‍ജുന്റെ വസതി സന്ദര്‍ശിച്ചു.
അല്ലു അര്‍ജുന്‍ അറസ്റ്റിലായതോടെ നിരവധി പേര്‍ താരത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. മറ്റൊരു നടനായ നാഗ ബാബുവും വസതി സന്ദര്‍ശിച്ചു. അല്ലു അര്‍ജുന്റെ അടുത്ത ബന്ധുകൂടിയായ രാംചരണും അല്ലുവിന്‍റെ വീട്ടിലെത്തും. സിനിമയ്ക്കുള്ളില്‍നിന്ന് നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിച്ചത്.
അതിനിടെ, പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചിട്ടുണ്ട്. കേസില്‍ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്.
content highlight: varun-dhawan-on-allu-arjun-arrest