പുഷ്പ 2 റിലീസ് ദിനത്തിൽ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന സ്ത്രീ മരിച്ച സംഭവത്തിന് പിന്നാലെ നടൻ അല്ലു അർജുൻ അറസ്റ്റിലായതിൽ പ്രതികരണവുമായി നടി രശ്മിക മന്ദാന. ഇപ്പോൾ കാണുന്ന കാര്യങ്ങൾ തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും. അത്യന്തം ദുഃഖകരവും നിർഭാഗ്യകരവുമാണ് നടന്ന സംഭവങ്ങളെന്നും എല്ലാം ഒരു വ്യക്തിയിൽ മാത്രം കുറ്റപ്പെടുത്തുന്നത് കാണുന്നത് നിരാശാജനകമാണെന്നും രശ്മിക ട്വിറ്ററിൽ കുറിച്ചു.
‘ഞാൻ ഇപ്പോൾ കാണുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല.. നടന്നത് നിർഭാഗ്യകരവും അത്യന്തം ദുഃഖകരവുമായ സംഭവമാണ്. എല്ലാം ഒരു വ്യക്തിയിൽ മാത്രം കുറ്റപ്പെടുത്തുന്നത് കാണുന്നത് നിരാശാജനകമാണ്. ഈ സാഹചര്യം അവിശ്വസനീയവും ഹൃദയഭേദകവുമാണ്.’ എന്നായിരുന്നു രശ്മികയുടെ ട്വിറ്റ്.
ഡിസംബർ നാലിനായിരുന്നു സംഭവം. ഭാര്യ അല്ലു സ്‌നേഹ റെഡ്ഡിക്കും ചിത്രത്തിലെ നായിക രശ്മികയ്‌ക്കും ഒപ്പം അല്ലു അർജ്ജുൻ തിയറ്ററിലെത്തിയിരുന്നു. അല്ലു അർജ്ജുനെ കാണാനായി ആരാധകരും വൻതോതിൽ തിയറ്റിൽ തടിച്ചുകൂടി. ഇതിനിടെയാണ് തിക്കും തിരക്കും ഉണ്ടായത്. മകനൊപ്പം അല്ലു അർജ്ജുനെ കാണാനെത്തിയ ആരാധികയാണ് സംഭവത്തിൽ മരണപ്പെട്ടത്. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതോടെ തിയറ്റർ ഉടമകൾക്കും അല്ലു അർജ്ജുനുമെതിരെ പൊലീസ് കേസെടുത്തു.
തുടർന്നാണ് താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നമ്പളളി കോടതിയിൽ ഹാജരാക്കിയ അല്ലു അർജ്ജുനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം തെലങ്കാന ഹൈക്കോടതി നാലാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു. നടനാണെങ്കിലും ഒരു പൗരനെന്നനിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അര്‍ജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.