Celebrities

‘സെറ്റിൽ എന്നും വൈകിവരും, നയന്‍താരയുടെ പ്രേമം കാരണം നഷ്ടമായത് കോടികൾ, ദൃശ്യങ്ങൾ കൊടുക്കാത്തതിന് വിക്കി അസഭ്യം പറഞ്ഞു’| Dhanush

നയൻതാരയ്ക്കും വിഘ്നേഷ് ശിവനുമെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നയന്‍താരയ്ക്ക് എതിരെ നല്‍കിയ സിവില്‍ക്കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ ഇരുവർക്കുമെതിരെ രൂക്ഷവിമർശനങ്ങളാണ് ധനുഷ് ഉന്നയിച്ചിരിക്കുന്നത്. നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോകാനുള്ള കാരണം നയൻതാര വിഘ്നേഷ് പ്രണയമാണെന്ന് ധനുഷ് പറഞ്ഞു.

നാനും റൗഡി താന്‍ സെറ്റില്‍ സംവിധായകനായ വിഘ്നേഷ് ശിവനും നായിക നടിയായ നയന്‍താരയും പ്രൊഫഷണലിസമില്ലാതെയാണ് പെരുമാറിയതെന്നും ഇരുവരുടെയും പ്രണയം കാരണം നിര്‍മാണക്കമ്പനിക്ക് വന്‍ നഷ്ടമുണ്ടായെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നാല് കോടി രൂപയായിരുന്നു സിനിമയ്ക്കായി വകയിരുത്തിയിരുന്നത്. എന്നാല്‍ ഇരുവരും സെറ്റില്‍ എന്നും വൈകിവരുന്നത് കാരണം പലപ്പോഴും ഷൂട്ടിങ് ഷെഡ്യൂള്‍ താളം തെറ്റിയെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

‘പ്രണയത്തിലായതിന് പിന്നാലെ സംവിധായകനായ വിഘ്നേഷ് അദ്ദേഹത്തിന്‍റെ എല്ലാ ശ്രദ്ധയും നയന്‍താരയിലേക്ക് മാത്രമാക്കി. മറ്റ് അഭിനേതാക്കളുടെ പ്രകടനം ശ്രദ്ധിച്ചതേയില്ല. നയന്‍താരയുടെ ഏറ്റവും മികച്ച പ്രകടനം മാത്രം സിനിമയില്‍ ലഭിക്കുന്നതിനായി ആവര്‍ത്തിച്ച് ടേക്കുകളെടുത്തു’- സത്യവാങ്മൂലത്തില്‍ വണ്ടര്‍ബാര്‍ പറയുന്നു. ‘നിശ്ചയിച്ചിരുന്ന നാല് കോടിയില്‍ ചെലവ് നിര്‍ത്തിയിരുന്നുവെങ്കില്‍ ചിത്രം വന്‍ വിജയമായേനെ. എന്നാല്‍ വളരെ കുറച്ച് ലാഭം മാത്രമാണ് ചിത്രത്തിന് നേടാനായതെന്നും സംവിധായകനെന്ന നിലയില്‍ വിഘ്നേഷ് ഗുരുതര വീഴ്ച വരുത്തിയെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

നിര്‍മാണച്ചെലവ് കുതിച്ചുയര്‍ന്നിട്ടും അതില്‍ യാതൊരു തരത്തിലുള്ള ഖേദപ്രകടനവും നടത്താന്‍ ഇരുവരും തയ്യാറായില്ലെന്ന് മാത്രമല്ല, നിര്‍മാതാവുമായുള്ള ബന്ധം വഷളാക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്. വിഘ്നേഷ് ശിവന്‍ തന്നെ നവംബര്‍ 24ന് വിളിച്ചുവെന്നും നോ ഓബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്ന് ശ്രേയ ശ്രീനിവാസന്‍ കോടതിയില്‍ അറിയിച്ചു.

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയില്‍ സിനിമയിലെ ചില ഫുട്ടേജുകള്‍ ഉപയോഗിക്കുന്നതിനായി അനുമതി വേണമെന്നും എന്നാല്‍ അത് ധനുഷ് അറിയാതെ നല്‍കണമെന്നുമായിരുന്നു ആവശ്യമെന്നും ഇത് തന്നെ ഞെട്ടിച്ചുവെന്നും ശ്രേയ കോടതിയില്‍ ബോധിപ്പിച്ചു. ‘വളരെ വിചിത്രമാണ് ഈ ആവശ്യമെന്നും എംഡിയായ ധനുഷിനെ അറിയിക്കാതെ ഒന്നും താന്‍ ചെയ്യില്ലെന്ന് പറഞ്ഞതോടെ അസഭ്യം പറഞ്ഞ് വിഘ്നേഷ് ശിവന്‍ ഫോണ്‍ കട്ട് ചെയ്തുവെന്നും അവര്‍ വിശദീകരിക്കുന്നു.

നിര്‍മാണക്കമ്പനിയുമായുള്ള കരാര്‍ അനുസരിച്ച് സിനിമയിലെ ദൃശ്യങ്ങള്‍ക്ക് പുറമെ, കഥാപാത്രമായുള്ള വേഷത്തില്‍ നടീനടന്‍മാര്‍ സെറ്റില്‍ നിന്ന് ചിത്രീകരിക്കുന്ന ഫൊട്ടോ, വിഡിയോ എന്നിവയുടെ മേല്‍ നിര്‍മാതാവിനാണ് അധികാരവും അവകാശവുമെന്ന് കരാറിലുണ്ടെന്നും അത് നയന്‍താര ലംഘിച്ചുവെന്നും നിര്‍മാണക്കമ്പനി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നയന്‍താര- ബിയോണ്ട് ദി ഫെയറിടെയിലിനെതിരെ ധനുഷ് നല്‍കിയ ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജനുവരി എട്ടിനകം നയൻതാര, ഭർത്താവ് വിഘ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്‌സ് എന്നിവര്‍ മറുപടി നൽകണമെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. നാനും റൗഡി താൻ ചിത്രത്തിൻ്റെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ച് പകർപ്പവകാശം ലംഘിച്ചെന്ന് കാണിച്ചാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നവംബര്‍ 27നാണ് ഡോക്യുമെന്‍ററി തര്‍ക്കത്തില്‍ ധനുഷ്, നയന്‍താരയ്ക്കെതിരെ ഹര്‍ജി നല്‍കിയത്.