തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് സാമന്ത റൂത്ത് പ്രഭു. തെന്നിന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള നടികൂടിയാണ് സാമന്ത. കഴിഞ്ഞ കുറേക്കാലമായി വിവിധ ഭാഷകളിൽ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങൾ കൈകാര്യം ചെയ്തു കഴിഞ്ഞ സാമന്ത, മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും താരം ഇടയ്ക്കിടെ പങ്കിടുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. നടിയുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും നിറയാറുണ്ട്. മുൻ ഭർത്താവ് നാഗചൈതന്യയുടെ വിവാഹം കൂടി കഴിഞ്ഞതോടെ സാമന്തയുടെ ജീവിതത്തിലും നല്ലൊരു പങ്കാളി വേണമെന്നാണ് ആരാധകരുടെ ആവശ്യം. ആരോഗ്യപരമായി ഏറെ വെല്ലുവിളികളിലൂടെയാണ് താൻ കടന്നുപോവുന്നതെന്ന് സാമന്ത പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, 2025ൽ താൻ ജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കിട്ടിരിക്കുകയാണ് താരം.
2025ലെ രാശി ഫലമാണ് സാമന്ത പങ്കുവച്ചിരിക്കുന്നത്. ആരാധകരുടെ ആവശ്യം സാധ്യമാക്കുന്ന തരത്തിലെ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയാണത്. ഒരുപാട് കാര്യങ്ങൾ ഇതിൽ പറയുന്നുണ്ടെങ്കിലും ആ ലിസ്റ്റിലെ നാലാമത്തെ കാര്യമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘വിശ്വസ്തനും സ്നേഹസമ്പന്നനുമായ ഒരു പങ്കാളി’ എന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. സാമന്ത വീണ്ടുമൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതിനുള്ള സൂചനയാണ് ഈ പോസ്റ്റെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഇടവരാശിയില്‍ ജനിച്ചവര്‍ക്ക് 2025-ല്‍ പ്രതീക്ഷിക്കുന്നത് എന്നാണ് രാശിഫലത്തിൽ കുറിച്ചിരിക്കുന്നത്. ‘വളരെ തിരക്കുള്ള വര്‍ഷമാണിത്. സാമ്പത്തിക സ്ഥിരത വർദ്ധിക്കും. ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കും. വിശ്വസ്തനും സ്നേഹനിധിയായുമായ പങ്കാളി. മികച്ച മാനസിക ശാരീരിക ആരോഗ്യം. ഗർഭധാരണം’, എന്നിങ്ങനെയാണ് സാമന്തയുടെ രാശിഫലം. പോസ്റ്റ് വൈറലായതിന് പിന്നാലെ ഇതൊക്കെ നടക്കട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തിൽ വിവാഹമോചനത്തിനു ശേഷം താൻ നേരിടേണ്ടി വന്ന അപമാനങ്ങളെ കുറിച്ചെല്ലാം താരം തുറന്നു പറഞ്ഞിരുന്നു. വിവാഹമോചനത്തിന് ശേഷം താൻ ‘സെക്കൻഡ് ഹാൻഡ്’ എന്ന് ലേബൽ ചെയ്യപ്പെട്ടതിനെ കുറിച്ചായിരുന്നു താരം തുറന്നു പറഞ്ഞത്. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു സാമന്തയുടെ മുൻ ഭർത്താവും നടനുമായ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരായത്. 2021ൽ ആയിരുന്നു നാഗചൈതന്യയും സാമന്തയും വേർപിരിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു 2017 ഇവരുടെ വിവാഹം. എന്നാല്‍ മുന്നോട്ടുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല. പിന്നാലെ ഇരുവരും സംയുക്തമായി പിരിയാന്‍ തീരുമാനിക്കുക ആയിരുന്നു.