Movie News

നല്ല സിനിമയ്ക്ക് സ്തുതി; ബോഗെയ്ൻവില്ലക്ക് ഒ.ടി.ടി.യിലും മികച്ച പ്രതികരണം

അമൽ നീരദിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബനും ജ്യോതിർമയിയും പ്രധാന വേഷങ്ങളിൽ എത്തി സൂപ്പർ ഹിറ്റായ ചിത്രമാണ് ബോഗെയ്ൻവില്ല. 11 വർഷങ്ങൾക്കു ശേഷം ജ്യോതിർമയി അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണിത്. ഒരേസമയം നിരൂപകപ്രശംസയും പ്രേക്ഷക പ്രീതിയും നേടാൻ ചിത്രത്തിനായി. 2024 ഒക്ടോബർ 17നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഇപ്പോൾ ചിത്രം ഒ.ടി.ടി.യിലും എത്തിയിരിക്കുകയാണ്. ഡിസംബര്‍ 13 ന് സോണി ലൈവിലൂടെ ‌സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് ഇപ്പോഴും ലഭിക്കുന്നത് പോസിറ്റീവ് ഫീഡ്ബാക്കുകളാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ഒ.ടി.ടിയിൽ ലഭ്യമാണ്. കുഞ്ചാക്കോ ബോബന്റെ അഭിനയത്തിന് വലിയ പ്രശംസയാണ് ചിത്രം നേടിക്കൊടുക്കുന്നത്. കഥ പറയുന്ന രീതിയെ പ്രശംസിച്ചുകൊണ്ടാണ് ചിത്രം ഒ.ടി.ടി.യിൽ എത്തിയതിന് ശേഷമുള്ള അഭിനന്ദനങ്ങളെല്ലാം. ബോക്സ് ഓഫീസിൽ നിന്നും 35 കോടിയോളം ചിത്രം ഇതിനകം കളക്റ്റ് ചെയ്തു കഴിഞ്ഞു.

അമൽ നീരദും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഇത്. 11 വർഷങ്ങൾക്കു ശേഷം ജ്യോതിർമയി അഭിനയരംഗത്തേക്ക് തിരിച്ചെത്തി എന്ന പ്രത്യേകത കൂടി ബോഗെയ്ൻവില്ലക്കുണ്ട്. ഫഹദ് ഫാസിൽ, ശ്രിന്ദ, വീണ നന്ദകുമാർ, ഷറഫുദ്ദീൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ഒരു പെൺകുട്ടിയെ കാണാതാകുന്നതും. അവളെ അവസാനം കണ്ട ഓർമ നഷ്ടപ്പെട്ട ജ്യോതിർമയിയുടെ റീത്തു എന്ന കഥാപാത്രം പറയുന്ന കൺഫ്യൂസിങ് ആയ കാര്യങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.

ലാജോ ജോസിൻ്റെ ‘റൂത്തിന്റെ ലോകം’ എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഒരുക്കിയ ചിത്രമാണ് ബൊഗെയ്ൻവില്ല. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. എഡിറ്റർ വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ തപസ് നായക്, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, കോറിയോഗ്രാഫി ജിഷ്ണു, സുമേഷ്, അഡീഷണൽ ഡയലോഗുകൾ ആർ ജെ മുരുഗൻ, ഗാനരചന റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, സ്റ്റണ്ട് സൂപ്രീം സുന്ദർ, മഹേഷ് മാത്യൂ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.