സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി-മഹേഷ് ബാബു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘എസ്എസ്എംബി 29’.‘എസ്എസ്എംബി 29’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കെല്ലാം തന്നെ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
ഇപ്പോഴിതാ ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് മറ്റൊരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൽ പ്രിയങ്ക ചോപ്രയെ നായികയായി പരിഗണിക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. നടിയുമായി ചർച്ചകൾ നടന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
ചിത്രത്തിനായി വമ്പന്‍ തയ്യാറെടുപ്പുകളാണ് രാജമൗലി എടുക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രീ പ്രൊഡക്ഷന്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ചിത്രം 2025 ലാണ് ചിത്രീകരണം ആരംഭിക്കുക. 1000-1300 കോടി ബജറ്റിലാകും ചിത്രം ഒരുങ്ങുക. സിനിമയുടെ കോ പ്രൊഡ്യൂസറായ തമ്മറെഡ്ഡി ഭരദ്വാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
‘ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ട് നടന്നു കൊണ്ടിരിക്കുകയാണ്. ആര്‍ ആര്‍ ആര്‍ കൊണ്ടൊന്നും രാജമൗലി നിര്‍ത്തില്ല. ഈ സിനിമയുടെ ബജറ്റ് പ്രതീക്ഷിക്കുന്നത് 1000-1300 കോടിയാണ്. ഹോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ നാഴികക്കല്ലായി ഈ ചിത്രം മാറും,’ തമ്മറെഡ്ഡി ഭരദ്വാജ് പറഞ്ഞു.
ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് ‘എസ്എസ്എംബി 29’ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം 2026 ലായിരിക്കും റിലീസ് ചെയ്യുക.