മോഹൻലാൽ ചിത്രങ്ങൾ ആരാധകർക്ക് എന്നും ഒരു ഹരമാണ്. പ്രായം തളർത്താത്ത അഭിനയമികവിന് ഉടമയാണ് മോഹൻലാൽ. ഏത് കഥാപാത്രവും അനായാസം അവതരിപ്പിക്കാൻ കഴിവുള്ള നടൻ. താരത്തിന്റെ പുതിയ ചിത്രത്തിനായുള്ള അപ്ഡേറ്റുകൾക്കായി ആരാധകർ എന്നും ആകാംഷയോടെ കാത്തിരിക്കാറുണ്ട്. ഇപ്പോൾ സംവിധായകൻ ജിത്തു മാധവ് മോഹന്‍ലാലുമായി ചേര്‍ന്ന് ചിത്രം ചെയ്യുന്നു എന്നതാണ് പുതുതായി വരുന്ന റിപ്പോര്‍ട്ട്. ഈ വര്‍ഷം മോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ഫഹദ് ഫാസില്‍ നായകനായി എത്തിയ ആവേശം. രംഗണ്ണനായി ഫഹദ് തകര്‍ത്ത അഭിനയിച്ച സിനിമ സംവിധാനം ചെയ്തത് ജിത്തു മാധവ് ആണ്. രോമാഞ്ചം ചിത്രം സംവിധാനം ചെയ്തതും ജിത്തു മാധവ് ആണ്.
ജിത്തു മാധവിന്റെ ആദ്യത്തെ രണ്ടു സിനിമകൾ പോലെ തന്നെ ബാംഗ്ലൂർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്ത വർഷത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒരു പക്കാ എന്റർടൈയ്നർ ആയി ഒരുങ്ങുന്ന സിനിമ നിർമിക്കാനൊരുങ്ങുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. മോഹൻലാലും ഗോകുലം മൂവിസും ആദ്യമായി ഒരുമിക്കുന്ന സിനിമയാകുമിത്. 140 ദിവസത്തെ ചിത്രീകരണം പദ്ധതിയിട്ടിരിക്കുന്ന ചിത്രം വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. സുഷിൻ ശ്യാം ആകും സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിനെപറ്റി ടീമിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. ആവേശത്തിന് ശേഷം ജിത്തു മാധവനുമായി ഒന്നിക്കുമ്പോൾ ഒരു പക്കാ എന്റർടൈയ്നർ ആണ് പ്രതീക്ഷിക്കുന്നതെന്നാണ് മോഹൻലാൽ ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
ആരാധകർക്ക് വലിയ പ്രതീക്ഷയുള്ള സിനിമകളാണ് ഇനി മോഹൻലാലിന്റേതായി പുറത്തിറങ്ങാനുള്ളത്. മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ‘ബറോസ്’ ഡിസംബര്‍ 25 ന് തിയേറ്ററുകളിലെത്തും. ഒരു ഫാന്റസി ഡ്രാമയായി ഒരുങ്ങുന്ന സിനിമ വമ്പൻ ബഡ്ജറ്റിൽ 3D യിലാണ് ഒരുങ്ങുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമ ചിത്രമായ ‘തുടരും’ ആണ് ഇനി പുറത്തിറങ്ങാനുള്ള മറ്റൊരു മോഹൻലാൽ സിനിമ. ചിത്രത്തിൽ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ‘ഓപ്പറേഷൻ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.