തെന്നിന്ത്യൻ താര സുന്ദരിയും നിരവധി ആരാധകരുള്ള നടിയുമാണ് നയൻതാര. അടുത്തിടെയായി വിവാഹ ഡോക്യുമെൻ്ററിയെ തുടർന്നാണ് താരം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയത്. ധനുഷുമായി ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് മൂന്ന് പേജ് ദൈർഘ്യമുള്ള കത്താണ് നയൻസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. വിഷയം ഇപ്പോൾ കോടതി കയറി നിൽക്കുകയാണ്. ഈ വിഷയത്തിൽ കൂടുതൽ പേരും പിന്തുണക്കുന്നത് നയൻതാരയെ തന്നെയാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ നയൻതാര കരിയറിന്റെ തുടക്കത്തിൽ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് മനസ് തുറക്കുകയാണ്.
മലയാളത്തിലെ തന്റെ ആദ്യകാല സിനിമകളിൽ ഒന്നായ വിസ്‌മയത്തുമ്പത്ത് സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലുള്ള സംഭവങ്ങൾ നയൻതാര തുറന്നുപറയുകയാണ്. ഷൂട്ടിംഗ് സമയത്ത് നേരിടേണ്ടി വന്ന ചില സാഹചര്യങ്ങളും അവയെ മറികടന്നതും തുറന്നുപറയുകയാണ് താരം. നയൻസിന്റെ വാക്കുകൾ ഇങ്ങനെയാണ് ‘ കരിയറിന്റെ തുടക്കത്തില്‍ ഒട്ടും പരിശീലനം നേടിയിട്ടില്ലായിരുന്നു. അതുകൊണ്ടു തന്നെ സംവിധായകന്‍ ഫാസില്‍ സാറിന് എന്നോട് ചില അസ്വസ്ഥതകള്‍ തോന്നിയിരുന്നു. അതിന്നും എന്റെ ഓര്‍മ്മയിലുണ്ട്. ‘എനിക്ക് ഇവരെ കൊണ്ട് ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല, ഞാന്‍ പറയുന്നതൊന്നും നിനക്ക് മനസ്സിലാകുന്നില്ല. ഒന്നാമതായി മലയാളത്തില്‍ അല്ല ചിന്തിക്കുന്നത്. സിനിമയുടെ ഭാഷ നമ്മള്‍ സംസാരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമാണ്…’ എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. ഇതു കേട്ടതോടെ മോഹന്‍ലാല്‍ സാറും എന്നോട് സംസാരിക്കാൻ ശ്രമിച്ചിരുന്നു. നയൻ നിങ്ങൾ ഉള്ളിൽ നിന്ന് വികാരത്തോടെ ചെയ്യണം എന്നാണ് മോഹൻലാൽ പറഞ്ഞുകൊണ്ടിരുന്നത്. ഇതോടെ എനിക്ക് ദേഷ്യം വരാൻ തുടങ്ങി.
ഞാൻ എന്താണ് ചെയ്യേണ്ടത് എന്നു പോലും എനിക്കറിയല്ല എന്ന് ഫാസിൽ സാറിനോട് പറഞ്ഞു. എന്ത് ഡയലോഗ് ആണ് ഞാൻ പറഞ്ഞതെന്ന് കൃത്യമായി എനിക്ക് ഓർമയില്ല. എന്നെ വിഷമത്തിലാക്കരുത്. ആ വാക്ക് കേട്ട് പ്രണയത്തിൽ ആവുക…കണ്ണുനീർ പൊഴിക്കുക.. എന്നിങ്ങനെയാണ് നിങ്ങൾ പറയുന്നത്. എന്നാൽ എൻ്റെ ഉള്ളിൽ അങ്ങനെയൊന്നുമില്ല, ആകെയുള്ളത് ഭയം മാത്രമാണ്’ എന്ന് പറഞ്ഞതായി താരം പറയുന്നു. എന്നാൽ ഈ വാക്കുകൾ കേട്ട് ഫാസിൽ ചിരിച്ചു കൊണ്ട് ഷൂട്ടിന് ബ്രേക്ക് പറയുകയാണ് ഉണ്ടായത് എന്നും നയൻസ് കൂട്ടിച്ചേർക്കുന്നു. പിന്നീട് രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹം തിരിച്ചുവന്നത്. എന്നെ വിശ്വസിച്ചുവെന്നും ഇനിയും വിശ്വസിക്കാൻ പോവുകയാണെന്നും പറഞ്ഞു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ അദ്ദേഹത്തെ തൃപ്‌തിപെടുത്താൻ ശ്രമിച്ചുവെന്നും ഒടുവിൽ അത് നടന്നുവെന്നും നയൻതാര കൂട്ടിച്ചേർത്തു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് നയൻസ് പഴയകാല ഓർമകൾ പങ്കുവെക്കുന്നത്.