പുഷ്പ 2 സിനിമയുടെ ഷോക്കിടെ സ്ത്രീ മരിച്ചതിന് പിന്നാലെ അറസ്റ്റിലായ തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ ഇന്ന് രാവിലെയാണ് ജയിൽ മോചിതനായത്. തെലങ്കാന ഹൈക്കോടതി ഇന്നലെ വൈകിട്ടാടോ തന്നെ അല്ലുവിന് ഇടക്കാല ജാമ്യം നൽകിയിരുന്നു എങ്കിലും താരത്തിന് ജയിൽ മോചനം സാധ്യമായില്ല. ജാമ്യ ഉത്തരവ് കോടതിയിൽ എത്തിയില്ല എന്നതായിരുന്നു കാരണം. രാവിലെ ജയിൽ മോചിതനായി വീട്ടിൽ എത്തിയ അല്ലു അര്‍ജുനെ കണ്ടതും വികാരനിര്‍ഭരരായി കുടുംബം നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയെ. അല്ലുവിന്റെ കാര്‍ വീട്ടിലെത്തുമ്പോഴേക്കും അനിയന്‍ അല്ലു സിരിഷ് വാഹനത്തിന്റെ അടുത്തേക്ക് ഓടിയെത്തി. കാറില്‍ നിന്നും ഇറങ്ങിയ നടനെ കെട്ടിപ്പിടിച്ചു. തൊട്ടിപിന്നാലെ ഭാര്യ സ്‌നേഹ റെഡ്ഡിയും മക്കളായ അയാനും അർഹയും നിറകണ്ണുകളോടെ അല്ലുവിനെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അല്ലുവിനെ നിറകണ്ണുകളോടെ ഓടിവന്ന് വാരിപ്പുണരുകയായിരുന്നു സ്നേഹ. മക്കളെ ഇരുവരെയും എടുത്തുയര്‍ത്തി കെട്ടിപ്പിടിച്ചാണ് അല്ലു ആശ്വസിപ്പിച്ചത്. അല്ലു വീട്ടിലെത്തിയപ്പോഴുള്ള വികാര നിർഭരമായ രംഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വീഡിയോ ആയും ഫോട്ടോ ആയും പ്രചരിക്കുന്നത്.
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായ സ്നേഹയും അല്ലുവും തമ്മിലുള്ള അത്മബന്ധവും പരസ്പര ബഹുമാനവും എല്ലാം ഇടക്കിടെ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. മാതൃകാ ദമ്പതികൾ എന്ന് എല്ലാവരും വിശേഷിപ്പിക്കാറുമുണ്ട്. ഇരുവരുടെയും സ്നേഹത്തിന്റെ ആഴം ഒരിക്കൽ കൂടി കാണിക്കുന്നതാണ് ഈ ചിത്രങ്ങൾ. 2011 മാര്‍ച്ച് ആറിനായിരുന്നു അല്ലു അർജുന്റേയും സ്‌നേഹ റെഡ്ഡിയുടേയും വിവാഹം.
അല്ലു അര്‍ജുന്‍ പങ്കെടുത്ത പുഷ്പ 2വിന്റെ ഒരു പ്രദര്‍ശനത്തിനിടെ, തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ടായിരുന്നു സത്രീ മരിക്കുന്നത്. ഇതിന് പിന്നാലെയായിരുന്നു അല്ലു അർജുന്റെ അറസ്റ്റ്. സിനിമാതാരങ്ങളും സംവിധായകരും ഉൾപ്പെടെ അല്ലു എങ്ങനെ തെറ്റുകാരനാകും എന്ന ചോദ്യം ഉയർത്തി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിനിടയിൽ അല്ലു അർജുൻ തന്റെ ഭാര്യയുടെ മരണത്തിന് ഉത്തരവാദിയല്ലെന്ന് പറഞ്ഞ് അറസ്റ്റിനെക്കുറിച്ച് അറിഞ്ഞ മരിച്ച സ്ത്രീയുടെ ഭർത്താവും പ്രതികരിച്ചിരുന്നു. ജയിൽമോചിതനായ അല്ലു ‘ആരാധകര്‍ അടക്കമുള്ള നിരവധി പേര്‍ എനിക്ക് പിന്തുണയുമായി എത്തി. അവര്‍ക്കെല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്. രാജ്യത്തെ നിയമം പാലിക്കുന്ന ഒരു പൗരനാണ് ഞാന്‍. അതുകൊണ്ടുതന്നെ കേസന്വേഷണവുമായി സഹകരിക്കും. തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത് വിഷമകരമായ സംഭവമാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. ആ കുടുംബത്തിന്റെ ഒപ്പം എപ്പോഴുമുണ്ടാകും’ എന്നും പറഞ്ഞു.