നടി കീര്‍ത്തി സുരേഷും സുഹൃത്ത് ആന്‍റണി തട്ടിലും 15 വര്‍ഷത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ഇപ്പോഴിതാ മകളുടെ പ്രണയവിവാഹത്തെ കുറിച്ചുള്ള മേനകയുടെയും സുരേഷ് കുമാറിന്‍റെയും അഭിമുഖം സോഷ്യൽ മീഡിയകളിൽ ശ്രദ്ധനേടുകയാണ്. തമിഴ് മീഡിയയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് സുരേഷ്കുമാറും മേനക സുരേഷ്‌കുമാറും മകളുടെ ആഗ്രഹങ്ങളെയും വിവാഹത്തെയും കുറിച്ച് മനസുതുറന്നത്. കീര്‍ത്തി ആന്‍റണിയെ ഇഷ്ടമാണെന്ന് പറഞ്ഞതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മേനക അഭിമുഖത്തില്‍ പങ്കുവച്ചു.
അഞ്ചുവര്‍ഷമായി ഫിലിം ഇന്‍ഡസ്ട്രിയിലെ എല്ലാവര്‍ക്കും ഈ ബന്ധത്തെക്കുറിച്ച് അറിയാമെന്നും മേനക. ആഹാരം കഴിക്കാനിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ ആന്‍റണിയെ കളിയാക്കുന്ന കാര്യവും മേനക പറയുന്നു. എങ്കെടാ നിനക്ക് തൈര് സാദവും പിക്കിളും തന്നെ വേണമാ എന്ന് ചോദിച്ച് ട്രോളുന്ന സുഹൃത്തുക്കളെക്കുറിച്ചാണ് മേനക സംസാരിക്കുന്നത്. ആന്‍റണി നേരത്തേ തന്നെ തൈര് സാദം കഴിക്കാറുണ്ടെന്നും ഇപ്പോഴും ഇഷ്ടമാണെന്നും മേനക അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
ഗോവയിൽ വച്ചുനടന്ന ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. തന്‍റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും കീര്‍ത്തി പങ്കുവച്ചു. എഞ്ചിനീയറായ ആന്‍റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്‍റെ ഉടമ കൂടിയാണ് ആന്‍റണി. കഴിഞ്ഞ ദിവസം തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ കീര്‍ത്തി ദര്‍ശനത്തിന് എത്തിയിരുന്നു. അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.