ആര്‍ ജെ ബാലാജി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെ തൃഷ കൃഷ്ണനും സൂര്യയും വീണ്ടും ഒന്നിക്കുന്നു. 2002 ൽ സൂര്യ നായകനായെത്തിയ മൗനം പേസിയതേ എന്ന ചിത്രത്തിലൂടെയാണ് തൃഷ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മൗനം പേസിയതേ, ആയുധ എഴുത്ത്, ആറ് എന്നീ ചിത്രങ്ങളില്‍ സൂര്യയും തൃഷയും ഒന്നിച്ചഭിനയിച്ചുവെങ്കിലും ജോഡികള്‍ ആയിരുന്നില്ല. ആറ് വന്‍ ഹിറ്റായിരുന്നിട്ട് പോലും തൃഷയും സൂര്യയും വീണ്ടും ഒന്നിക്കാതിരുന്നത് പല തരത്തിലുള്ള ഗോസിപ്പുകള്‍ക്കും അന്ന് വഴിയൊരുക്കിയിരുന്നു. അജിത്ത്, വിജയ് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം നിരന്തരം സിനിമ ചെയ്തുകൊണ്ടിരുന്ന തൃഷയ്ക്കും സൂര്യയ്ക്കുമിടയില്‍ ഈഗോ ക്ലാഷ് ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 2004 ൽ പുറത്തിറങ്ങിയ ആയുധ എഴുത്ത് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം അഭിനയിച്ചത്. ഇപ്പോൾ ഇരുവരും ഒന്നിച്ചെത്തുന്ന പുതിയ ചിത്രത്തിന് സൂര്യ 45 എന്നാണ് പേര് നൽകിയിരിക്കുന്നത്. സൂര്യ 45 ൽ അഭിഭാഷകനായാണ് സൂര്യ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജയ് ഭീം, എതിർക്കും തുനിന്തവൻ തുടങ്ങിയ ചിത്രങ്ങളിലും സൂര്യ മുൻപ് അഭിഭാഷകന്റെ വേഷത്തിലെത്തിയിരുന്നു.
ഡ്രീം വാരിയർ പിക്‌ചേഴ്‌സ് ആണ് സൂര്യ 45 നിർമിക്കുന്നത്. എആർ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. റഹ്മാനും സൂര്യയും മുൻപ് സില്ലിനു ഒരു കാതൽ, ആയുധ എഴുത്ത്, 24 തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. കോയമ്പത്തൂരിലാണ് ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് ആരംഭിക്കുന്നത്. കങ്കുവയാണ് സൂര്യയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. അതേസമയം നിരവധി സിനിമകളാണ് തൃഷയുടേതായി ലൈൻ അപ്പിലുള്ളത്. വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ലി, വിശ്വംഭര, തഗ് ലൈഫ്, ഐഡന്റിറ്റി തുടങ്ങിയ ചിത്രങ്ങളാണ് തൃഷയുടേതായി ഒരുങ്ങുന്നത്. നേരത്തെ ആര്‍ജെ ബാലാജി നയന്‍താരയെ നായികയാക്കി മൂക്കുത്തി അമ്മന്‍ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു. അതിന് സമാനമായി തൃഷയ്ക്ക് വേണ്ടി മാസാനി അമ്മന്‍ എന്ന പേരിലായിരുന്നുവത്രെ ആദ്യം ഈ സിനിമ പ്ലാന്‍ ചെയ്തിരുന്നതത്രെ. എന്നാല്‍ പിന്നീട് സൂര്യ കാസ്റ്റിലേക്ക് വന്നപ്പോള്‍, സൂര്യയ്ക്ക് വേണ്ടി തിരക്കഥ മാറ്റിയെഴുതുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.