പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തെ തുടർന്നുള്ള അല്ലു അര്‍ജുന്റെ അറസ്റ്റില്‍ പ്രതികരിച്ച് നടൻ വിവേക് ഒബ്‌റോയ് രംഗത്ത്. ഒരു വിലപ്പെട്ട ജീവൻ നഷ്ടപ്പെടുന്നത് വേദനാജനകവും ഒഴിവാക്കേണ്ടതുമാണെങ്കിലും ഈ ദുരവസ്ഥയുടെ പേരിൽ അല്ലു അർജുനെ അറസ്റ്റ് ചെയ്യുന്നത് ന്യായമാണോ എന്ന് വിവേക് ഒബ്‌റോയ് ചോദിക്കുന്നു. ഒരു രാഷ്ട്രീയ നേതാവ് പങ്കെടുക്കുന്ന റാലിയിൽ ഇത്തരത്തിൽ ഒരു അനിഷ്ട സംഭവം നടന്നാൽ ആ രാഷ്ട്രീയ നേതാവിനെ ഇത്തരത്തിൽ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകുമോ എന്നാണ് വിവേക് ഒബ്‌റോയ് ചോദിക്കുനന്ത്.
നിയമവ്യവസ്ഥയെ അനുസരിക്കുകയും എല്ലാവരോടും നല്ല രീതിയിൽ പെരുമാറുകയും ചെയ്യുന്നവരാണ് അല്ലു അര്‍ജുനും കുടുംബാംഗങ്ങളും. ഇത്തരത്തിൽ ഒരു ദാരുണ സംഭവം നടന്നപ്പോൾ അതിൽ ഒരാളുടെ മേൽ കുറ്റാരോപണം നടത്തി വളരെ ക്രൂരമായി അറസ്റ്റ് ചെയ്ത രീതി ശരിയായില്ലെന്നും നമ്മുടെ സംവിധാനങ്ങൾ മെച്ചപ്പെടേണ്ടതുണ്ടെന്നും വിവേക് ഒബ്‌റോയ് എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
‘നമ്മൾ എല്ലാവരും നമ്മുടെ ആരാധകരെ വളരെയധികം സ്നേഹിക്കുന്നു. പതിറ്റാണ്ടുകളായി എനിക്ക് അല്ലുവിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയാം. എക്കാലവും ദേശസ്നേഹവും സാമൂഹിക പ്രതിബദ്ധതയുമുള്ള നിയമ വ്യവസ്ഥയെ അനുസരിച്ചു ജീവിക്കുന്നവരാണ് അവർ. അല്ലു എന്തുമാത്രം നല്ല മനുഷ്യനാണെന്ന് എനിക്ക് വ്യക്തിപരമായി അറിയാം, ഈ ദാരുണമായ സംഭവത്തിന് ശേഷം അദ്ദേഹം വളരെ ദുഃഖിതനായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരു പ്രധാനപ്പെട്ട സംസ്ഥാന അല്ലെങ്കിൽ ദേശീയ സ്ഥാനാർഥിയുടെ പ്രചാരണ റാലിയിൽ ഇതേ അപകടം സംഭവിച്ചിരുന്നെങ്കിൽ പൊലീസ് അവരെ അറസ്റ്റ് ചെയ്യുമോ? ക്രമസമാധാന പ്രശ്‌നത്തിൽ അവരെ കുറ്റപ്പെടുത്തുകയും അല്ലുവിനോട് പെരുമാറുന്ന രീതിയിൽ ആ വ്യക്തിയോട് പെരുമാറുകയും ചെയ്യുമോ? ഇത് ന്യായമാണോ? പൊലീസ് അവരുടെ ഡ്യൂട്ടി ചെയ്യുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു, പക്ഷേ ഇത്തരം സംഭവങ്ങൾ തടയാൻ സംവിധാനം മെച്ചപ്പെടുത്താൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നില്ലേ?
ഇന്ത്യൻ ജുഡീഷ്യറിയിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്, ഈ വിഷയത്തിൽ നീതി ന്യായമായി നടക്കുമെന്ന് വിശ്വസിക്കുന്നു. എന്നാൽ ഇത്തരം വേദനാജനകമായ സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ ശാശ്വതമായ ഒരു പരിഹാരത്തിനായി നമ്മൾ ശ്രമിക്കേണ്ടതല്ലേ? ഒരു മഹത്തായ രാജ്യത്തെ പൗരന്മാരെന്ന നിലയിൽ നാം ഈ ചോദ്യം സ്വയം ചോദിക്കേണ്ടതല്ലേ?
ബണ്ണി, എന്റെ സഹോദരാ സിനിമയ്ക്കു പുറത്ത് എത്ര മാന്യനും കാരുണ്യവാനുമായ മനുഷ്യനാണ് നീയെന്നു ഞങ്ങൾക്കെല്ലാം അറിയാം. ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട വ്യക്തിക്കും നിനക്കും വേണ്ടി ഞാൻ പ്രാർഥിക്കുന്നു. ഈ ദുരന്തത്തിൽ അകപ്പെട്ട എല്ലാവരെയും അവരുടെ കുടുംബങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും വിവേക് ഒബ്‌റോയ് എക്‌സിൽ കുറിച്ചു.
https://x.com/vivekoberoi/status/1867562962753323320
വിവേക് ഒബ്‌റോയ്‌യെ കൂടാതെ രശ്‌മിക മന്ദാന, വരുൺ ധവാൻ, കങ്കണ തുടങ്ങി നിരവധി സെലിബ്രിറ്റികൾ അല്ലു അർജുന് പിന്തുണയുമായി എത്തിയിരുന്നു.
അതേസമയം ഇടക്കാല ജാമ്യം ലഭിച്ച അല്ലു അർജുൻ അല്പസമയം മുമ്പ് ജയിൽ മോചിതനായി പുറത്തുവന്നു. കേസിൽ അറസ്റ്റിലായ നടനെ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തതിനെ തുടർന്നായിരുന്നു ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റിയത്. അല്ലുവിനെ സ്വീകരിക്കാൻ പിതാവ് അല്ലു അരവിന്ദും ഭാര്യാ പിതാവ് കെ ചന്ദ്രശേഖര്‍ റെഡ്ഡിയും ചഞ്ചൽഗുഡ ജയിൽ പരിസരത്ത് എത്തിയിരുന്നു. ജയിലിന് പുറത്ത് വൻ പൊലീസ് സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.
പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ പിന്തുണച്ച എല്ലാവർക്കും അല്ലു അർജുൻ നന്ദി പറയുകയും അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ‘ആരാധകർ അടക്കമുള്ള നിരവധി പേർ എനിക്ക് പിന്തുണയുമായി എത്തി. അവർക്കെല്ലാവർക്കും ഞാൻ നന്ദി പറയുകയാണ്. രാജ്യത്തെ നിയമം പാലിക്കുന്ന ഒരു പൗരനാണ് ഞാൻ. അതുകൊണ്ടുതന്നെ കേസന്വേഷണവുമായി സഹകരിക്കും. തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത് വിഷമകരമായ സംഭവമാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമാണ്. ആ കുടുംബത്തിന്റെ ഒപ്പം എപ്പോഴുമുണ്ടാകും’ എന്നും അല്ലു അർജുൻ പറഞ്ഞു.