സുധ കൊങ്കരയുടെ സംവിധാനത്തിൽ ശിവകാർത്തികേയൻ നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി. സിനിമയുടെ പൂജാ ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നു. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. എസ്‌കെ 25 എന്നാണ് ചിത്രത്തിന് താത്കാലികമായി പേര് നൽകിയിരിക്കുന്നത്. ശിവകാർത്തികേയന് പുറമേ ജയം രവിയും, അഥർവയുമാണ് മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയം രവി വില്ലനായാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. തെലുങ്കിലെ പുത്തൻ സെൻസേഷൻ ശ്രീലീലയാണ് സുധാ കൊങ്കര ചിത്രത്തിലെ നായിക. ഡോൺ പിക്‌ചേഴ്‌സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് എസ്‌കെ 25 ന്റെ സംഗീതം.
ചിത്രത്തിന്റെ പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ ശിവകാർത്തികേയനും പങ്കുവെച്ചിട്ടുണ്ട്. ‘സിനിമാ സ്വപ്‌നവുമായി ട്രിച്ചിയിൽ നിന്നെത്തിയ ആരാധകനിൽ നിന്ന് #SK25 വരെയുള്ള സ്വപ്നങ്ങൾ നിറഞ്ഞ ഒരു അത്ഭുതകരമായ യാത്രയാണിത്. എന്നിൽ വിശ്വസിച്ച് ഇത് സാധ്യമാക്കിയ എല്ലാവർക്കും നന്ദി. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും എന്നും നന്ദിയുണ്ട്’ എന്ന് ശിവകാർത്തികേയൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
സുധ കൊങ്കര നേരത്തെ സൂര്യ, ദുൽഖർ സൽമാൻ എന്നിവരെ വെച്ച് പ്രഖ്യാപിച്ച ‘പുറനാനൂറ്’ എന്ന ചിത്രമാണ് എസ്കെ 25 എന്നും റിപ്പോർട്ടുകളുണ്ട്. ജി വി പ്രകാശ് കുമാർ മുൻപ് ഒരഭിമുഖത്തിൽ ‘പുറനാനൂറ്’ ഉപേക്ഷിച്ചിട്ടില്ലെന്നും അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നും പറഞ്ഞിരുന്നു.