Celebrities

‘നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിയാല്‍ മതി, നിങ്ങള്‍ക്ക് തന്നെ അഭിനയിക്കാന്‍ അറിയില്ല’, സഹായിക്കാന്‍ ചെന്ന ക്യാപ്റ്റന്‍ രാജുവിനെ മണി കരയിപ്പിച്ചു: ലാല്‍ ജോസ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കലാഭാവന്‍ മണി. അഭിനയിച്ചും പാട്ടു പാടിയുമൊക്കെ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ താരം. കലാഭവൻ മണിയെന്ന കലാകാരൻ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ്. മണിയുടെ വേർപാട് അദ്ദേഹത്തിന്റെ ആരാധകർക്ക് അവിശ്വസനീയമായിരുന്നു. ഇപ്പോഴിതാ കലാഭവൻ മണിയെക്കുറിച്ചുള്ള ഓർമ്മ പങ്കിടുകയാണ് സംവിധായകൻ ലാൽ ജോസ്. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ലാൽ ജോസ് മണിയെക്കുറിച്ച് സംസാരിക്കുന്നത്. പരുക്കനായ സുഹൃത്ത് എന്നാണ് മണിയെ ലാൽ ജോസ് വിശേഷിപ്പിച്ചത്. മണിയെ പരിചയപ്പെട്ട കാലം മുതൽ അവസാന നാൾ വരെയുള്ള ഓർമ്മകളാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ ലാൽ ജോസ് പങ്കുവച്ചത്. പട്ടാളം എന്ന തന്റെ ചിത്രത്തിലെ ചില അനുഭവങ്ങളും അദ്ദേഹം വെളിപ്പെടുത്തുന്നു.

പട്ടാളം എന്ന സിനിമ നടക്കുന്ന സമയത്ത് ഒരു സംഭവമുണ്ടായി. മണി കോൺഫിഡൻസിന്റെ ആൾ രൂപമായിരുന്നു. ഭയങ്കര ആത്മവിശ്വാസമുള്ളയാൾ. പട്ടാളത്തിൽ, നാട്ടുകാർ കൂടിനിൽക്കെ ഓടിവന്ന് ഡയലോഗ് പറയുന്ന ഒരു സീനുണ്ടായിരുന്നു മണിക്ക്. സാധാരണ എല്ലാ ഷോട്ടും ആദ്യ ടേക്ക് തന്നെ ഓക്കെ ആക്കുന്നയാളാണ് മണി. പക്ഷേ ഇവിടെ 15 ടേക്ക് വരെ പോയിട്ടും ശരിയായില്ല. മണിയുടെ കോൺഫിഡൻസ് മുഴുവൻ പോയി. അവന് സങ്കടവും ദേഷ്യവുമൊക്കെ വരാൻ തുടങ്ങി. കുറച്ച് നേരം നിറുത്തി വയ‌്ക്കാം. ബ്രേക്ക് കഴിഞ്ഞിട്ടോ അല്ലെങ്കിൽ നാളെയോ തുടങ്ങാമെന്ന് മണിയോട് ഞാൻ പറഞ്ഞു.

എന്നാൽ, അതൊന്നും പറ്റില്ല, നാളെ രാവിലെ ഞാൻ പോകുമെന്നായിരുന്നു മണിയുടെ മറുപടി. സ്വയം ചീത്ത പറയാനും അടിക്കാനുമൊക്കെ തുടങ്ങി. ഞാൻ നിസഹായനായി. കൂടുതൽ കൂടുതൽ ദേഷ്യം വന്ന് മണി തെറ്റുകൾ വരുത്താനും തുടങ്ങി. ക്യാപ്‌ടൻ രാജുച്ചേട്ടൻ സിനിമയിൽ അഭിനയിക്കുന്നുണ്ടായിരുന്നു. ഞാൻ പറഞ്ഞിട്ടും മണി കേൾക്കുന്നില്ല എന്നായപ്പോൾ അദ്ദഹം വന്നു. സാധു മനുഷ്യനാണ് രാജുച്ചായൻ.

രാജുച്ചായൻ മണിയെ വിളിച്ചിട്ട്, മോനെ ഞാനൊരു കാര്യം പറയാം എന്ന് പറയാൻ തുടങ്ങിയപ്പോഴേക്കും മണി ഭയങ്കരമായിട്ട് ചൂടായി. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതി. നിങ്ങൾക്കു തന്നെ അഭിനയിക്കാൻ അറിയില്ല എന്ന് അദ്ദേഹത്തെ നോക്കി പറഞ്ഞു. രാജുച്ചായൻ മാറിനിന്ന് കരച്ചിലായി. ഞാൻ അദ്ദേഹത്തെ സമാധാനിപ്പിച്ചു. എല്ലാം സിംഗിൾ ടേക്കിൽ ഓക്കെ ആക്കുന്ന മണിക്ക് എല്ലാവരും കൂടി നിന്നപ്പോൾ അപമാനം തോന്നിയതുകൊണ്ടാകാം സംഭവിച്ചു പോയതെന്ന് ഞാൻ രാജുച്ചായനോട് പറഞ്ഞു. അങ്ങനെ 22ാമത്തെ ടേക്കിലാണ് മണി ആ സീൻ ഓക്കെ ആക്കിയത്.

പട്ടാളം എന്ന ചിത്രം കഴിഞ്ഞതോടെ മണിക്ക് തന്നോട് മാനസികമായി അകൽച്ച ഉണ്ടായെന്നും, പിന്നീട് 10 വർഷങ്ങൾക്ക് ശേഷം അയാളും ഞാനുംതമ്മിൽ എന്നി ചിത്രത്തിലാണ് തങ്ങൾ അവസാനമായി ഒന്നിച്ചതെന്ന് ലാൽ ജോസ് പറയുന്നു.