തെന്നിന്ത്യൻ സിനിമാ രംഗത്തെ സജീവ സാന്നിധ്യമാണിപ്പോൾ നടി ഐശ്വര്യ ലക്ഷ്മി. നിരവധി ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ച ഐശ്വര്യക്ക് കരിയറിലെ തുടക്ക കാലത്ത് തന്നെ മികച്ച വേഷങ്ങൾ ലഭിച്ചു. മായാനദിയാമ് ഐശ്വര്യക്ക് കരിയറിൽ വഴിത്തിരിവാകുന്ന സിനിമ. മണിരത്നം ഉൾപ്പെടെയുള്ള പ്രഗൽഭ സംവിധായകർ ഐശ്വര്യ ലക്ഷ്മിയെ ശ്രദ്ധിക്കുന്നതും അവസരങ്ങൾ നൽകുന്നതും മായാനദിക്ക് ശേഷമാണ്. പൊന്നിയിൻ സെൽവന് ശേഷം മണിരത്നത്തിന്റെ തഗ് ലൈഫ് എന്ന സിനിമയിലും നടി ഒരു വേഷം ചെയ്യുന്നുണ്ട്. ഹലോ മമ്മിയാണ് ഐശ്വര്യ ലക്ഷ്മിയുടെ പുതിയ മലയാള സിനിമ. താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഐശ്വര്യ ലക്ഷ്മി.
പൊതു ഇടങ്ങളിൽ സ്വകാര്യത കിട്ടില്ല എന്നത് തന്റെ ജോലിയുടെ ഭാഗമാണെന്ന തിരിച്ചറിവ് തനിക്കുണ്ടെന്ന് ഐശ്വര്യ ലക്ഷ്‌മി പറയുന്നു. സിനിമയുടെ ഭാഗമായതോടെ സുഖവും സന്തോഷങ്ങളും അനുഭവിച്ചിട്ടുണ്ട്. എന്നാൽ, അതുപോലെ തന്നെ മറുവശങ്ങളും അനുഭവിക്കേണ്ടി വരും. പക്ഷേ, പൊതു ഇടങ്ങളിൽ കൂടുതൽ സ്വകാര്യത കിട്ടിയിരുന്നുവെങ്കിൽ എന്നും പുറത്തുള്ളവർ തന്നെ ഒരു അഭിനേത്രി എന്ന നിലിയൽ മാത്രം കണ്ടിരുന്നവെങ്കിൽ എന്നും പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് ഐശ്വര്യ പറയുന്നു.
എങ്കിലും, കുടുംബത്തോടൊപ്പമുള്ള യാത്രങ്ങളിലും മറ്റും ആളുകളുടെ കടന്നു കയറ്റം ചില സമയങ്ങളില്‍ ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ട്. വളരെ കുറച്ച് സമയ മാത്രമേ കുടുംബത്തോടൊപ്പം ചെലവിടാൻ കിട്ടാറുള്ളൂ. ആളുകൾ തന്നോടും തന്റെ കഥാപാത്രങ്ങളോടുമുള്ള തങ്ങളുടെ ഇഷ്ടമാണ് പ്രകടിപ്പിക്കുന്നത്. ആ ഇഷ്ടം കൊണ്ടാണ് അവർ കാണാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും ശ്രമിക്കുന്നത്.. അവരാണ് തങ്ങളുടെ സിനിമകൾ കാണുകയും വിജയിപ്പിക്കുകയും ചെയ്യുന്നത്. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ തനിക്ക് പ്രതികരിക്കേണ്ടി വന്നിട്ടുണ്ടെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
‘അടുത്തിടെ രണ്ടു പേർ എന്റെ ഫ്ളാറ്റ് കണ്ടുപിടിച്ച് ഫോട്ടോയെടുക്കാൻ വന്നിരുന്നു. അതുപോലെ, കൊറിയർ എന്റെ വീട്ടിലേക്കാണെന്ന് അറിഞ്ഞ് അതു ഡെലിവർ ചെയ്യാൻ സുഹൃത്തുക്കളേയും കൂട്ടി വന്നിട്ടുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഫ്ളാറ്റിൽ അറ്റകുറ്റപ്പണിയ്ക്ക് വന്ന ഒരാൾ അന്ന് വൈകിട്ട് ഒരു കൂട്ടം ആളുകളേയും കൂട്ടി എന്നെ കാണാൻ വന്നിട്ടുണ്ട്. അത്തരം കാര്യങ്ങൾ ഒക്കെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. അവയൊന്നും പ്രോത്സാഹിപ്പിക്കാൻ പറ്റില്ല. എനിക്ക് എന്റേയും കുടുംബത്തിൻ്റേയും സുരക്ഷയും സമാധാനവും നോക്കണം’ ഐശ്വര്യ ലക്ഷ്മ്‌മി വ്യക്തമാക്കി.