Beauty Tips

മുടി കളര്‍ ചെയ്യാനൊരുങ്ങുകയാണോ ? എങ്കിൽ..

മുടിയില്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ ചെയ്യാന്‍ ഇഷ്ടമുള്ളവരാണ് ഭൂരിഭാഗം പേരും. മുടികളര്‍ ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. യുവാക്കളും മധ്യവയസ്കരും ഒരുപോലെ മുടി കളര്‍ ചെയ്യാന്‍ താല്‍പര്യം കാണിക്കാറുണ്ട്. നീല, പച്ച, ചുവപ്പ് തുടങ്ങി നിറങ്ങൾ പല വിധമാണ്. ചിലര്‍ ഭാഗികമായിട്ടും മറ്റുചിലര്‍ മുഴുവനായും മുടി കളര്‍ ചെയ്യാറുണ്ട്. മുടി കളര്‍ ചെയ്യുന്നത്.എന്നാല്‍ മുടി കളര്‍ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമോ? ഇതാണ് മിക്കവരുടെയും ആശങ്ക

മുടി കളര്‍ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാ‌ധിച്ചേക്കാം. കളര്‍ ചെയ്യുന്ന മുടിയിഴകള്‍ക്ക് ബലം കുറയും. ബ്ലീച്ച് ചെയ്ത ശേഷമാണ് മുടിക്ക് കളര്‍ നല്‍കുന്നത് എങ്കില്‍ മുടിയിഴകള്‍ കൂടുതല്‍ ദുര്‍ബലമാകും. എന്നാല്‍ മുടി കളര്‍ ചെയ്യുന്നതില്‍ വിദഗ്ധരായവരുടെ നിര്‍ദേശവും മേല്‍നോട്ടത്തിലുമാണ് കളര്‍ ചെയ്യുന്നതെങ്കില്‍ ഈ പ്രശ്നങ്ങള്‍ ലഘൂകരിക്കാം.

മുടി കളർ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് മുടി കണ്ടീഷന്‍ ചെയ്തിരിക്കണം. അതുപോലെ തന്നെ കളറിങ്ങിന് ശേഷവും കണ്ടീഷൻ ചെയ്യേണ്ടത് അനിവാര്യമാണ്. കളറിംഗ് ചെയ്ത മുടിക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കളര്‍ പ്രൊട്ടക്ഷനുള്ള ഷാംപൂവും കണ്ടീഷണറും മാത്രം ഉപയോഗിക്കുക.

തിരഞ്ഞെടുക്കുന്ന ഉല്‍പ്പന്നം കൈയിലോ ചെവിക്ക് പുറകിലോ പുരട്ടി അലര്‍ജിയൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണം. കളർ നിങ്ങൾക്ക് ചേരുന്നതാണെന്ന് ഉറപ്പുവരുത്താൻ കുറച്ചു മുടിയിഴകളിൽ തേച്ച് പരീക്ഷിക്കുക. വീര്യം കുറഞ്ഞ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. എത്രമാത്രം കുറച്ച് ഉത്പങ്ങള്‍ ഉപയോഗിക്കുന്നോ അത്രമാത്രം മുടിക്ക് ആരോഗ്യവും നിലനില്‍ക്കും.

മുടിയില്‍ കളർ ചെയ്ത ശേഷം കുറച്ച് ദിവസത്തേക്ക് മുടി കഴുകാന്‍ പാടില്ല. 3 ദിവസം എങ്കിലും മുടി കഴുകരുത്. നിറം മങ്ങാതിരിക്കാന്‍ ആണ് ഇങ്ങനെ ചെയ്യുന്നത്. ആഴ്ചയില്‍ രണ്ട് ദിവസം മാത്രം മുടി കഴുകാന്‍ ശ്രമിക്കുക. കൂടാതെ ക്ലോറിൻ കലർന്ന വെള്ളത്തിൽ മുടി കഴുകരുത്. മുടി കഴുകാൻ തണുത്ത വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്. യാതൊരു കാരണവശാലും ചൂടുവെള്ളം ഉപയോഗിക്കരുത്.

മുടി കളർ ചെയ്ത് കഴിഞ്ഞാൽ യുവി രശ്മികളില്‍ നിന്ന് സുരക്ഷ ലഭിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അധിക നേരം വെയിലത്ത് പോകാതെ ശ്രദ്ധിക്കുക. സൺ പ്രൊട്ടക്ഷൻ ഫാക്ടർ അതായത് എസ്പിഎഫ് ഉള്ള ഷാംപൂവും ഹെയർ കെയർ പ്രോഡക്റ്റുകളും ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

മുടി സ്റ്റൈൽ ചെയ്യാനായി ഹോട്ട് എയർ ബ്ലോവർ, അയൺ, സ്ട്രൈറ്റ്നർ എന്നിവ ഉപയോഗിക്കുന്നത് മുടിയിലെ നിറം പെട്ടെന്ന് മങ്ങാൻ ഇടയാക്കും. ഇനി ഇവ ഉപയോഗിക്കണമെന്ന് നിർബന്ധം ആണെങ്കിൽ മുടിക്ക് ചൂടിൽ നിന്നും രക്ഷ നൽകുന്ന ‘ഹീറ്റ് പ്രൊട്ടക്ഷൻ മിസ്റ്റ് ’ ഉപയോഗിച്ച ശേഷം മാത്രം സ്റ്റൈൽ ചെയ്യുക.