Celebrities

23 വയസിൽ സ്വപ്ന സമാന കരിയർ, രണ്ടു കുട്ടികളുടെ ‘അമ്മ’ : പുഷ്പയെ ഫയറാക്കിയ ശ്രീലീലയുടെ കഥ

ഡാന്‍സിംഗ് ക്യൂൻ ആയി അറിയപ്പെടുന്ന താരമാണ് ശ്രീലീല. പുഷ്പ 2 വിലെ ​കിസിക് ഗാനത്തോടെ ശ്രീലീലയുടെ ജനപ്രീതി വല്ലാതെ ഉയർന്നു. ഡാന്‍സ് കൊണ്ടും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും ഒരുപാട് ആരാധകരെ ഇതിനകം സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. പതിനാലാം വയസിൽ കിസ് എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ശ്രീലീല സിനിമയിലേക്ക് എത്തിയത്. അതിന് ശേഷം അഭിനയിച്ചത് വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രം. അതിൽ കൂടുതലും പരാജയ ചിത്രങ്ങൾ. അഭിനയത്തിന് അപ്പുറത്ത് ഡാൻസിലാണ് തന്റെ മികവ് കൂടുതലെന്ന് താരം രണ്ടേ രണ്ട് ​ഗാനങ്ങലിടൂടെ തെളിയിച്ചു. ഇതോടെ പാൻ ഇന്ത്യൻ സ്റ്റാർ. പുഷ്പ ഒന്നാം ഭാഗത്തിൽ ഐറ്റം ഡാൻസിലൂടെ തിയറ്ററിനു തീകൊളുത്തിയത് സമാന്ത ആയിരുന്നെങ്കിൽ രണ്ടാം ഭാഗത്തിൽ അതിനുള്ള അവസരം ലഭിച്ചത് ശ്രീലീലയ്ക്കായിരുന്നു.

അഭിനയത്തിലെ തിളക്കത്തേക്കാള്‍ ഉപരിയായി നിരവധി കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും ശ്രീലീല ജനഹൃദയങ്ങളില്‍ തിളങ്ങി നില്‍ക്കുന്നുണ്ട്. 23 വയസുകാരിയായ ശ്രീലീല ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് എന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. ബൈ ടു ലവ് എന്ന കന്നഡ സിനിമയില്‍ ചെറിയ പ്രായത്തില്‍ അമ്മയാകുന്ന പെണ്‍കുട്ടിയായി നടി അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കുട്ടികളെ ദത്തെടുക്കാനുള്ള തീരുമാനം. ഒരിക്കല്‍ താരം ഒരു ഓര്‍ഫനേജ് സന്ദര്‍ശിച്ചിരുന്നു. അവിടെയുള്ള കുട്ടികളുടെ അവസ്ഥ കണ്ടപ്പോള്‍ ശ്രീലീലയ്ക്ക് വലിയ സങ്കടമായി. ഇതോടെ രണ്ട് കുട്ടികളെ ദത്തെടുക്കാം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. അങ്ങനെയാണ് ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളുടെ അമ്മയായി ശ്രീലീല മാറുന്നത്. വെറും 21 വയസ് പ്രായമുള്ളപ്പോഴാണ് താരം ഈയൊരു ഒരു തീരുമാനം എടുത്തത്. 2022ല്‍ ആണ് ഭിന്നശേഷിക്കാരായ ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ശ്രീലീല ദത്തെടുത്തത്. ഇന്ന് ഗുരു എന്ന ആണ്‍കുട്ടിയുടെയും ശോഭിത എന്ന പെണ്‍കുട്ടിയുടെയും അമ്മയാണ് 23കാരിയായ ശ്രീലീല.

അമേരിക്കയിലാണ് ശ്രീലീലയുടെ ജനനം. എംബിബിഎസ് ബിരുദം നേടിക്കൊണ്ട് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ശ്രീലീല ഇന്ന് തെന്നിന്ത്യയിലെ തിരക്കുള്ള താരം ആണെങ്കിലും മെഡിസിനില്‍ ബിരുദാനന്തര ബിരുദം നേടാനുള്ള ശ്രമത്തില്‍ കൂടിയാണ് താരം. അമ്മ സ്വര്‍ണലത ബാംഗ്ലൂര്‍ സ്വദേശിയായ ഗൈനക്കോളജിസ്റ്റും അച്ഛന്‍ സുരപനേനി സുധാകര റാവു ഇന്‍ഡസ്ട്രിയലിസ്റ്റുമാണ്. ബാംഗ്ലൂരിലാണ് ശ്രീലീല വളര്‍ന്നത്. ശ്രീലീല ജനിക്കുമ്പോഴേക്കും അച്ഛനും അമ്മയും പിരിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ശ്രീലീലയുടെ കുട്ടിക്കാലം പ്രശ്നഭരിതമായിരുന്നു. എന്നാല്‍ ശ്രീലീല പഠനത്തോടൊപ്പം തന്നെ സിനിമയിലും സജീവമായി. ചെറുപ്പം മുതല്‍ക്കെ ഭരതനാട്യം പഠിച്ചിട്ടുള്ളതും ശ്രീലീലയ്ക്ക് കരിയറില്‍ അത് ഗുണം ചെയ്തു എന്ന് വേണം പറയാൻ. തെലുങ്കില്‍ നിറഞ്ഞു നില്‍ക്കുന്ന ശ്രീലീല അധികം വൈകാതെ ബോളിവുഡിലും അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.