Movie News

പ്രഭാസ്-സന്ദീപ് ചിത്രത്തില്‍ ഈ വമ്പൻ ബോളിവുഡ് താരങ്ങളും? ആരാധകരുടെ കണ്ണുകള്‍ ‘സ്‌പിരിറ്റി’ലേക്ക് !

ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായക നടന്മാരില്‍ പ്രധാനിയാണ് പ്രഭാസ്. ബാഹുബലി ഫ്രാഞ്ചൈസിയാണ് ഇതിന് കാരണം. പ്രഭാസിനും രാജമൌലിക്കും മാത്രമല്ല, തെലുങ്ക് സിനിമാ മേഖലയ്ക്ക് തന്നെ വലിയ ബ്രേക്ക് നേടിക്കൊടുത്ത ചിത്രങ്ങളായി മാറി ബാഹുബലി ഒന്നും രണ്ടും. അതോടെ പ്രഭാസ് ചിത്രങ്ങളുടെ കാന്‍വാസും ബജറ്റുമൊക്കെ വര്‍ധിച്ചു. ഒപ്പം അദ്ദേഹത്തിന്‍റെ പ്രതിഫലവും.

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇന്ന് ഏറ്റവും പ്രതിഫലം വാങ്ങുന്ന നായക താരങ്ങളിലൊരാള്‍ പ്രഭാസ് ആണ്. അദ്ദേഹത്തിന്‍റെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഒന്നായ ‘സ്പിരിറ്റ്’ എന്ന ചിത്രത്തിന് വേണ്ടി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. അനിമലിന് ശേഷം സന്ദീപ് റെഡ്‌ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്പിരിറ്റ്. ഇപ്പോഴിതാ സിനിമയിലെ മറ്റു അഭിനേതാക്കളെക്കുറിച്ചുള്ള അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് പിങ്ക് വില്ല.

സിനിമയിൽ പ്രഭാസിനൊപ്പം മൃണാൾ താക്കൂർ, സെയ്ഫ് അലി ഖാൻ, കരീന കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതിൽ മൃണാൾ പ്രഭാസിന്റെ നായികയായി എത്തുമ്പോൾ സെയ്ഫും കരീനയും സിനിമയിൽ വില്ലൻ വേഷങ്ങളിൽ ആണ് അവതരിപ്പിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ ഓംകാര, താഷാൻ, കുർബാൻ, ഏജന്റ് വിനോദ്, എൽഒസി കാർഗിൽ എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ കരീനയും സെയ്ഫ് അലിഖാനും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. പ്രഭാസും സന്ദീപ് റെഡ്ഡി വംഗയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ഷൂട്ടിംഗ് അടുത്ത വർഷം ആദ്യമോടെ ആരംഭിക്കും. 2026 ൽ സ്പിരിറ്റ് തിയേറ്ററിൽ എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.