പുതുവർഷത്തിലേക്ക് കടക്കാൻ ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ ഗൂഗിൾ 2024ലെ ഓരോ ചെറിയ വിവരങ്ങളും ഇങ്ങനെ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. 2024ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ ആളുകള്‍ തിരഞ്ഞത് എന്തൊക്കെയാണെന്ന വിവരങ്ങള്‍ പുറത്തു വന്നു തുടങ്ങി. ഏറ്റവും കൂടുതല്‍ തിരഞ്ഞ ആളുകള്‍, വിഭവങ്ങള്‍, സിനിമകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ‘ഗൂഗിള്‍ സര്‍ച്ചു’കള്‍ വാര്‍ത്താ പ്രാധാന്യം നേടുന്നുണ്ട്. ഇതിന് പിന്നാലെയാണ് പാകിസ്ഥാനിലുള്ളവര്‍ ഗൂഗിളില്‍ തിരഞ്ഞത് ഏറെയും ഇന്ത്യന്‍ പരിപാടികളാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പാകിസ്ഥാനിൽ 2024-ൽ ഏറ്റവുമധികം തിരഞ്ഞ സിനിമകളിലും നാടകങ്ങളിലും 8 എണ്ണം ഇന്ത്യയിൽ നിന്നുള്ളതാണത്രേ. ഇന്ത്യന്‍ പരിപാടികളോടുള്ള പാക് താല്‍പര്യം വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന ഈ വിവരങ്ങള്‍.
‘ഹീരാമണ്ഡി: ദ ഡയമണ്ട് ബസാര്‍’ ആണ് പാകിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്. 2024 മെയ് ഒന്നിന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത
സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത സീരിസാണ് ഇത്. മനീഷ കൊയ്‌രാള, സൊനാക്ഷി സിൻഹ, അദിതി റാവു ഹൈദരി, റിച്ച ഛദ്ദ, സഞ്ജീദ ഷെയ്ഖ്, ഷർമിൻ സെഗാൾ മേത്ത, താഹ ഷാ ബാദുഷ എന്നിവരാണ് അഭിനയിക്കുന്നത്.
ട്വല്‍ത്ത് ഫെയില്‍ എന്ന ഹിന്ദി സിനിമയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുളളത്. വിധു വിനോദ് ചോപ്രയാണ് ചിത്രം സംവിധാനം ചെയ്തത്. എഴുത്തും, നിര്‍മ്മാണവും നിര്‍വഹിച്ചതും വിധു വിനോദ് ചോപ്ര തന്നെയായിരുന്നു. ദാരിദ്ര്യത്തോട് പടവെട്ടി ഐപിഎസ് ഓഫീസറായ മനോജ് കുമാര്‍ ശര്‍മ്മയെക്കുറിച്ചുള്ള അനുരാഗ് പതക്കിൻ്റെ 2019-ലെ നോൺ-ഫിക്ഷൻ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം.
ബോളിവുഡിലെ ഹിറ്റ് ചിത്രം അനിമലിനും പാകിസ്താൻ ഇഷ്ടക്കാരുണ്ട്. 2023ല്‍ റിലീസ് ചെയ്ത ബോളിവുഡ് ചിത്രമാണ് അനിമല്‍. സന്ദീപ് റെഡ്ഡി വംഗയാണ് സംവിധാനം നിര്‍വഹിച്ചത്. രൺബീർ കപൂർ, അനിൽ കപൂർ, ബോബി ഡിയോൾ, രശ്മിക മന്ദാന, ത്രിപ്തി ദിമ്രി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കള്‍.
2024-ൽ പുറത്തിറങ്ങിയ ഹൊറർ കോമഡി ത്രില്ലർ ചിത്രം സ്ത്രീ ടു വിനും അവിടെ ആരാധകരുണ്ട്. അമര്‍ കൗശിക് സംവിധാനം നിര്‍വഹിച്ച ഈ ചിത്രത്തിൽ രാജ്കുമാർ റാവു, ശ്രദ്ധ കപൂർ, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി, അപർശക്തി ഖുറാന തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.
ആക്ഷൻ ക്രൈം ത്രില്ലർ സീരിസായ മിര്‍സാപുര്‍ സീസണ്‍ 3, ഭൂൽ ഭുലയ്യ 3, ഡങ്കി, ബിഗ് ബോസ് 17 തുടങ്ങിയവയും പാകിസ്ഥാന്‍ സ്വദേശികള്‍ ഏറ്റവും കൂടുതല്‍ 2024ല്‍ ഗൂഗിളില്‍ തിരഞ്ഞ പരിപാടികളില്‍ ഉള്‍പ്പെടുന്നു.