വൈവിധ്യമാര്‍ന്ന വിഷയങ്ങളും രസകരമായ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി മീറ്റ് ദി ഡയറക്ടര്‍ പരിപാടി. നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍, നിര്‍മാണ ചെലവിന്റെ അപര്യാപ്തതകള്‍ തുടങ്ങി ചലച്ചിത്ര നിര്‍മാണത്തിന്റെ വിവിധ വശങ്ങളെപ്പറ്റിയുള്ള സംവാദ വേദിയായിരുന്നു ഐഎഫ്എഫ്കെയിലെ മീറ്റ് ദ ഡയറക്ടര്‍ പ്രോഗ്രാം.
മുഖക്കണ്ണാടിയുടെ സംവിധായകര്‍ സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍, അങ്കമ്മാളിന്റെ സംവിധായകന്‍ വിപിന്‍ രാധാകൃഷ്ണന്‍, ഷിര്‍കോവ : ഇന്‍ ലൈസ് വീ ട്രസ്റ്റിന്റെ സംവിധായകന്‍ ഇഷാന്‍ ശുക്ല, വട്ടുസി സോമ്പിയുടെ സംവിധായകന്‍ സിറില്‍ അബ്രഹാം ഡെന്നിസ്, ബോഡിയുടെ സംവിധായകന്‍ അഭിജിത് മജുംദാര്‍, നിര്‍മാതാവും സൗണ്ട് ഡിസൈനറുമായ അമല പോപ്പുരി, ദി ഷെയിംലസിലെ അഭിനേത്രി ഒമാരാ ഷെട്ടി തുടങ്ങി മേളയില്‍ ഇന്നലെ പ്രദര്‍ശിപ്പിച്ച പ്രധാന ചിത്രങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവര്‍ പ്രേക്ഷകരോടു നേരിട്ട് സംവദിക്കാനെത്തി. പരിപാടിയില്‍ മീര സാഹിബ് മോഡറേറ്ററായി. അണിയറ പ്രവര്‍ത്തകര്‍ സിനിമകളെ കാണികള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടാണു ചര്‍ച്ചകള്‍ ആരംഭിച്ചത്. കാണികളുമായുള്ള ചോദ്യോത്തര വേളയുമുണ്ടായിരുന്നു. രാജ്യാന്തര ചലച്ചിത്ര മേളകളിലെ ഫിലിം മാര്‍ക്കറ്റുകളുടെ സാധ്യതകളെയും അതിലൂടെ വിദേശത്തുനിന്നടക്കം ലഭ്യമാക്കാന്‍ സാധിക്കുന്ന സഹായങ്ങളെക്കുറിച്ചും ഇഷാന്‍ ശുക്ല വിശദീകരിച്ചു. നിര്‍മാണത്തുകയുടെ അഭാവം കാരണം അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെപ്പറ്റി ഒമാരാ ഷെട്ടി സംവദിച്ചു. ക്രൗഡ് ഫണ്ടിങ്ങിന്റെ സാധ്യതകളിലൂടെ ജനകീയ സിനിമകളുടെ നിര്‍മാണത്തെക്കുറിച്ച് ബോഡിയുടെ നിര്‍മാതാവ് അമല പോപ്പുരി വിശദീകരിച്ചു. സിനിമയുടെ നിര്‍മാണത്തിന് സഹായമാകുന്ന നിരവധി സാധ്യതകളെ പറ്റിയും സര്‍ക്കാര്‍ സംവിധാനങ്ങളെ പറ്റിയും ചര്‍ച്ചകള്‍ നടന്നു.
നിര്‍മിത ബുദ്ധിയുടെ സാധ്യതകളെ പറ്റിയുള്ള ചോദ്യത്തിന് സദസിലെ എല്ലാവരും വ്യത്യസ്ത അഭിപ്രായങ്ങള്‍ പങ്കുവച്ചു. വരും കാലങ്ങളില്‍ എഐ ഉപയോഗിക്കാത്തതു പിന്തിരിപ്പന്‍ ചിന്താഗതിയായി കണക്കാക്കാമെന്ന് മുതിര്‍ന്ന സംവിധായകന്‍ സതീഷ് ബാബുസേനന്‍ പറഞ്ഞപ്പോള്‍ മനുഷ്യന്റെ സര്‍ഗാത്മകതയ്ക്കു പകരം വയ്ക്കാന്‍ കഴിയുന്നതല്ല നിര്‍മിത ബുദ്ധിയെന്നു യുവ സംവിധായകന്‍ സിറില്‍ അബ്രഹാം കൂട്ടിച്ചേര്‍ത്തു. അനിമേഷന്‍, തിരക്കഥാരചന തുടങ്ങി സിനിമയുടെ വിവിധ വശങ്ങളില്‍ സഹായിക്കാന്‍ പര്യാപ്തമായ സാങ്കേതിക വിദ്യകള്‍ നിലവിലുള്ള ഇക്കാലത്ത്, സാങ്കേതിക വിദ്യയെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് ഇഷാന്‍ ശുക്ലയും വിപിന്‍ രാധാകൃഷ്ണനും പറഞ്ഞു. എഐയുടെ സഹായത്തോടെ പൂര്‍ണമായി നിര്‍മിക്കുന്ന സിനിമകള്‍ വിദൂരല്ലെന്നു സതീഷ് ബാബുസേനന്‍ ചൂണ്ടിക്കാട്ടി. ഒരുമണിക്കൂറോളം നീണ്ടുനിന്ന പരിപാടിയുടെ കണ്‍വീനര്‍ ബാലു കിരിയത്ത് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു.